കൊച്ചി- ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ സാങ്കേതിക തടസങ്ങളെത്തുടർന്നു ചതുപ്പുസ്ഥലത്ത് ഇടിച്ചിറക്കിയതുമായി ബന്ധപ്പെട്ടു സ്ഥലമുടയുടേതെന്ന പേരിൽ വ്യാജ ശബ്ദസന്ദേശം പ്രചരിക്കുന്നു.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശബ്ദസന്ദേശം തന്റേതല്ലെന്നും ആരോ മനഃപൂർവം തയാറാക്കിയതാണെന്നും കോപ്റ്റർ ഇറക്കിയ ചതുപ്പുസ്ഥലത്തിന്റെ ഉടമയായ നെട്ടൂർ സ്വദേശി കുരിശുപറമ്പിൽ പീറ്റർ എന്ന ഡൊമിനിക് പറഞ്ഞു.
പനങ്ങാട് ദേശീയപാതയ്ക്കു സമീപം മതിൽകെട്ടി സുരക്ഷിതമാക്കിയ പീറ്ററിന്റെ 21 സെന്റ് വരുന്ന ചതുപ്പുഭൂമിയിലാണു ഞായറാഴ്ച ഹെലികോപ്റ്റർ ഇടിച്ചിറക്കിയത്.
കോപ്റ്റർ ഇറക്കിയതോടെ സ്ഥലം കുഴിഞ്ഞുപോയെന്നും ഇനി വിൽക്കാൻ സാധിക്കാത്തതിനാൽ നഷ്ടപരിഹാരമായി രണ്ടു കോടി രൂപ വേണമെന്നും അതിനു തയാറല്ലെങ്കിൽ ഹെലികോപ്റ്റർ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും സ്ഥലമുടമ പറയുന്നതായാണ് പ്രചരിക്കുന്ന ശബ്ദസന്ദേശം.
ബന്ധുക്കൾ അറിയിച്ചപ്പോഴാണ് ഇങ്ങനെയൊരു ശബ്ദസന്ദേശം പ്രചരിക്കുന്നത് അറിഞ്ഞതെന്നു പീറ്റർ പറഞ്ഞു.
എം.എ. യൂസഫലി സഞ്ചരി ച്ച ഹെലികോപ്ടർ സുരക്ഷിതമായി എന്റെ ഭൂമിയിൽ ഇറക്കാനായതിൽ സന്തോഷമേയുള്ളൂ.
അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരേ സൈബർ സെല്ലിൽ പരാതി നൽകുമെന്നും പീറ്റർ പറഞ്ഞു.
നേരത്തെ ജയിൽ വാർഡനായി ജോലി നോക്കിയിരുന്ന ഇദ്ദേഹം ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ്.
മറുവശത്തുള്ള ആരോടൊ സംസാരിക്കുന്ന രീതിലാണ് ഇത് റെക്കോർഡ് ചെയ്തിരിക്കുന്നത്.
രണ്ടു കോടി രൂപ തരാൻ പറ്റില്ലെന്നും രണ്ടു ലക്ഷം തരാമെന്നും മറുതലയ്ക്കലുള്ളയാൾ പറയുന്നുമുണ്ട്.