Sorry, you need to enable JavaScript to visit this website.

സൗദിവൽക്കരണം നടപ്പാക്കുന്നത് ഘട്ടംഘട്ടമായി

റിയാദ് - ഷോപ്പിംഗ് മാളുകളിലും റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സെൻട്രൽ മാർക്കറ്റുകളിലും സൗദിവൽക്കരണത്തിനുള്ള പുതിയ തീരുമാനം ഘട്ടങ്ങളായാണ് നടപ്പാക്കുകയെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. സൗദിവൽക്കരണ തീരുമാനങ്ങളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അടങ്ങിയ ഗൈഡ് മന്ത്രാലയം പുറത്തിറക്കി. 300 ചതുരശ്രമീറ്ററിൽ കുറവ് വിസ്തീർണമുള്ള ബഖാലകളെയും മിനിമാർക്കറ്റുകളെയും ഈ ഘട്ടത്തിൽ സൗദിവൽക്കരണ തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 
ഷോപ്പിംഗ് മാളുകളിലെ സൗദിവൽക്കരണം ദുൽഹജ് 25 (ഓഗസ്റ്റ് 4) ന് നിലവിൽ വരും. സൗദിവൽക്കരിച്ച തൊഴിലുകളിൽ വിദേശികളെ ജോലിക്കു വെക്കുന്നതിനുള്ള ശിക്ഷയും നിശ്ചിത ശതമാനം സൗദിവൽക്കരണം പാലിക്കാത്തതിനുള്ള ശിക്ഷയും സ്ഥാപനങ്ങൾക്കെതിരെ സ്വീകരിക്കും. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ തീരുമാനങ്ങൾ പ്രകാരം പാലിക്കേണ്ട സൗദിവൽക്കരണ അനുപാതങ്ങളിൽ വ്യത്യാസങ്ങളുണ്ടെങ്കിൽ ഏറ്റവും ഉയർന്ന സൗദിവൽക്കരണമാണ് ബാധകമാക്കുക. 
റെസ്റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും സൗദിവൽക്കരണം വർധിപ്പിക്കാനുള്ള തീരുമാനം സ്വഫർ 25 (ഒക്‌ടോബർ 2) മുതലാണ് നിലവിൽവരിക. കഫ്റ്റീയകൾക്കും ഓർഡർ പ്രകാരം ഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്ന കാറ്ററിംഗ് സ്ഥാപനങ്ങൾക്കും ഈ ഘട്ടത്തിൽ സൗദിവൽക്കരണ തീരുമാനം ബാധകമായിരിക്കില്ല. സെൻട്രൽ മാർക്കറ്റുകളിൽ സൗദിവൽക്കരണം ഉയർത്താനുള്ള തീരുമാനം രണ്ടു ഘട്ടമായാണ് നടപ്പാക്കുക. ഇതിൽ ആദ്യ ഘട്ടം സ്വഫർ 25 (ഒക്‌ടോബർ 2) മുതൽ നടപ്പാക്കി തുടങ്ങും. രണ്ടാം ഘട്ടം ശഅ്ബാൻ 25 (2022 മാർച്ച് 28) മുതൽ നടപ്പാക്കും. സൗദിവൽക്കരണ പദ്ധതിയായ നിതാഖാത്ത് പ്രകാരം സ്ഥാപനങ്ങളുടെ വിഭാഗം ഏതാണെന്ന് നോക്കാതെ മുഴുവൻ സ്ഥാപനങ്ങൾക്കും പുതിയ തീരുമാനം ബാധകമായിരിക്കും. രാജ്യത്തെ എല്ലാ പ്രവിശ്യകൡും പുതിയ സൗദിവൽക്കരണ തീരുമാനം ഒരുപോലെ നടപ്പാക്കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
 

Latest News