കൊല്ലം- കാറോടിക്കുന്നതിനിടെ കോവിഡ് പോസിറ്റീവ് ആണെന്ന വിവരം ഫോണിലൂടെ അറിഞ്ഞതോടെ പരിഭ്രാന്തിയിലായ യുവതി, കാര്‍ നിയന്ത്രണം വിട്ടു വൈദ്യുത തൂണിലിടിച്ചു മറിഞ്ഞു. പരുക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ തയാറായില്ല. ഒന്നര മണിക്കൂര്‍ നടുറോഡില്‍ കാത്തിരുന്നു.
കോവിഡ് പരിശോധനക്കു ശേഷം അഞ്ചലിലെ സ്വകാര്യ ലബോറട്ടറിയില്‍ പോയി മടങ്ങുകയായിരുന്ന നാല്‍പതുകാരിക്കാണ് കോവിഡ് പോസിറ്റീവ് ആണെന്ന സന്ദേശം ലഭിച്ചത്. ഇതുകേട്ടയുടന്‍ പരിഭ്രാന്തിയില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. യുവതിയുടെ മുഖത്തു നിസ്സാര പരുക്കേറ്റു. പതിനൊന്നും എട്ടും വയസ്സുള്ള മക്കളെ ബന്ധുവിന്റെ വീട്ടിലാക്കിയ ശേഷം സ്വന്തം വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാര്‍ പൂര്‍ണമായും തകര്‍ന്നു.
കാറില്‍നിന്നു യുവതി സ്വയം പുറത്തിറങ്ങിയെങ്കിലും, കോവിഡ് സ്ഥിരീകരിച്ച ഇവരെ ആശുപത്രിയിലോ വീട്ടിലോ എത്തിക്കാന്‍ 108 ആംബുലന്‍സ് സര്‍വീസ് ഉള്‍പ്പെടെയുള്ളവര്‍ തയാറായില്ല.
സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസേന പി.പി.ഇ കിറ്റ് നല്‍കി യുവതിയെ വഴിയരികില്‍ ഇരുത്തിയെങ്കിലും കോവിഡ് രോഗിയെ കൊണ്ടുപോകാന്‍ ഫയര്‍ ആംബുലന്‍സ് ഉപയോഗിക്കാന്‍ വ്യവസ്ഥ ഇല്ലെന്നു പറഞ്ഞു പിന്മാറി.
വീട്ടിലാക്കിയാല്‍ മതിയെന്നു യുവതി പറഞ്ഞതനുസരിച്ചു, കടയ്ക്കല്‍ താലൂക്ക് ആശുപത്രിക്കു മുന്നിലെ സ്വകാര്യ ആംബുലന്‍സ് സര്‍വീസുകളെ ഉള്‍പ്പെടെ സമീപിച്ചെങ്കിലും അവരും കൈയൊഴിഞ്ഞു. കടയ്ക്കല്‍ പോലീസ് ഇടപെട്ട് 108 ആംബുലന്‍സ് വിളിച്ചുവരുത്തിയെങ്കിലും യുവതിയെ വീട്ടിലാക്കാന്‍ അവരും തയാറായില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ഒന്നര മണിക്കൂറിനു ശേഷം ബന്ധുവായ യുവതി എത്തി ഇവരെ കാറില്‍ കൊണ്ടുപോകുകയായിരുന്നു.