Sorry, you need to enable JavaScript to visit this website.

സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് മൊബൈൽ ആപ്പ് പുറത്തിറക്കി

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് മൊബൈൽ ആപ്പ് പുറത്തിറക്കിക്കൊണ്ട് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം സംസാരിക്കുന്നു. 

 

ജിദ്ദ- ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ പരിധിയിൽ വരുന്ന ഇന്ത്യൻ സമൂഹത്തിന് കോൺസുലേറ്റ് സേവനങ്ങൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന് മൊബൈൽ ആപ്പ് പുറത്തിറക്കി. ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിംഗ് കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ നിർവഹിച്ചു. 

'ഡിജിറ്റൽ ഇന്ത്യ' എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വീക്ഷണത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് സി.ജി.ഐ ജിദ്ദ (CGI Jeddah) എന്ന് പേരിട്ടിരിക്കുന്ന കോൺസുലേറ്റ് ആപ്പ് രൂപകൽപന ചെയ്തിട്ടുള്ളത്. സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിലുള്ള വിശാലമായ ഇന്ത്യൻ സമൂഹത്തിനു കോൺസുലേറ്റിന്റെ സേവനം പ്രാപ്തമാക്കുന്നതിൽ ഈ ആപ്പ് വലിയ പങ്കു വഹിക്കുമെന്ന് വിദേശകാര്യ സഹ മന്ത്രി വി. മുരളീധരൻ ആപ്പിന് ആശംസ നേർന്നുകൊണ്ടുള്ള വീഡിയോ സന്ദേശത്തിൽ പറഞ്ഞു. കോവിഡ് 19 മഹാമാരിയുടെ സമയത്ത് ഈ ആപ്പ് ഏറെ പ്രയോജനകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്കു പുറമെ മലയാളിത്തിലും മന്ത്രി ആശംസ സന്ദേശം നൽകിയത് ശ്രദ്ധേയമായി. 

പാസ്‌പോർട്ട്, വിസ, കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങളും ലിങ്കുകളും ഉൾപ്പെടെ നിരവധി സവിശേഷതകളോടെയാണ് ഈ അപ്ലിക്കേഷൻ തയാറാക്കിയിട്ടുള്ളത്. ഗൂഗിൾ മാപ്പുമായി ലിങ്കുചെയ്തിരിക്കുന്ന പ്രത്യേക നാവിഗേഷൻ ഇതിന്റെ പ്രത്യേകതയാണ്. ഇതുപയോഗിച്ചു ജിദ്ദയിലെ കോൺസുലേറ്റിലേക്കും തബൂക്ക്, മക്ക, അബഹ തുടങ്ങിയ വിവിധ പ്രദേശങ്ങളിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിലേക്കും ഉപയോക്താവിന് നിഷ്പ്രയാസം എത്തിച്ചേരാനാകും. 

കൂടാതെ, അത്യാവശ്യ ഘട്ടങ്ങളിൽ അടിയന്തര സേവനം നൽകുന്നതിന് 24 മണിക്കൂറും  ഉപയോക്താവിനെ കോൺസുലേറ്റുമായി ബന്ധിപ്പിക്കുന്ന എമർജൻസി ഡയൽ എന്ന ഓപ്ഷനും ഈ ആപ്പിലുണ്ട്. പാസ്‌പോർട്ട്, വിസ, കമ്യൂണിറ്റി വെൽഫെയർ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന വിവരങ്ങളും, തൊഴിലാളികൾക്കുള്ള മാർഗനിർദേശങ്ങൾ, തൊഴിൽ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ, രാജ്യത്തിന്റെ തൊഴിൽ നിയമങ്ങൾ, ഇന്ത്യൻ പൗരന്മാരുടെ രജിസ്‌ട്രേഷൻ എന്നിവയും ആപ്പിൽ ലഭ്യമാണ്.  

www.cgijeddah.gov.in എന്ന വെബ്‌സൈറ്റിൽനിന്നും  http://cgijeddah.com/cgijeddah.apk എന്ന ലിങ്കിൽ നിന്നും ഈ അപ്ലിക്കേഷൻ ഡൗൺലോഡും ഇൻസ്റ്റാളും ചെയ്യാനാകും. ഒരാഴ്ചക്കകം പ്ലേ സ്‌റ്റോറിലും iOS ലും ആപ്പ് ലഭ്യമാവും.

ജിദ്ദ കോൺസുലേറ്റിന്റെ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് നടപ്പാക്കി വരുന്ന പ്രവർത്തനങ്ങളുടെ തുടക്കമെന്ന നിലയിലാണ് ആപ്പ് സജ്ജമാക്കിയിട്ടുള്ളതെന്നും ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള ഉപദേശ നിർദേശങ്ങൾ സ്വീകരിച്ചുകൊണ്ട് ആപ്പിൽ കാലാകാലങ്ങളിൽ മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തുമെന്നും കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം പറഞ്ഞു. 

പ്രധാനമന്ത്രിയുടെ സബ്കാ സാഥ്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ സൗദി അറേബ്യയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനു ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺസൽ ഹംന മറിയം സ്വാഗതം പറഞ്ഞു. മറ്റു കോൺസൽമാരായ വൈ. സാബിർ, മുഹമ്മദ് അലീം, സാഹിൽ ശർമ, ടി. ഹാംഗ്ഷിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

 


 

Latest News