കോഴിക്കോട്- വിജിലൻസുകാർ വീട്ടിൽനിന്നു കൊണ്ടുപോയ പണം തിരികെ തരേണ്ടി വരുമെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി. വീട്ടിൽനിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും ഷാജി പറഞ്ഞു. വിജിലൻസിനെ ഉപയോഗിച്ച് റെയ്ഡ് നടത്തി പിണറായി വിജയൻ പക പോക്കുകയാണെന്നും ഷാജി ആരോപിച്ചു.
മുഴുവൻ രേഖയുമുള്ള പണമായതിനാലാണ് വീട്ടിൽ സൂക്ഷിച്ചത്. ഇതിന്റെ രേഖ ഏത് അന്വേഷണ ഏജൻസിക്ക് മുന്നിലും ഹാജരാക്കാം. വിജിലൻസിനെ അയക്കുന്നത് പിണറായി വിജയനാണ്. തന്റെ സ്വത്തുക്കൾ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ കൈവശമുണ്ട്. തന്നെ എങ്ങിനെയെങ്കിലും കുടുക്കാനാകുമോ എന്നാണ് പിണറായി വിജയൻ ചിന്തിക്കുന്നതെന്നും ഷാജി ആരോപിച്ചു.