Sorry, you need to enable JavaScript to visit this website.

വേലിയിലിരുന്ന പ്രശ്‌നങ്ങൾ


'വേലിയിലിരുന്ന പാമ്പിനെ എടുത്തു മടിയിൽ വെച്ചു' എന്നൊരു ചൊല്ലുണ്ട്. നേമത്തെ വല്യരാജേട്ടനെ തുടർന്ന് പാലക്കാട്ടെ 'മെട്രോമാനെ' കൂടി കാണുമ്പോൾ മറ്റൊന്നും ആർക്കും തോന്നുകയില്ല. രാജേട്ടൻ പാലക്കാട്ടു വക്കീൽപണിയും നായർ പ്രമാണിത്തവും നഷ്ടപ്പെട്ട് തിരുവന്തോരത്ത് ഒരു ഫ്‌ളാറ്റിൽ കുടിയേറി പൂജയും ധ്യാനവുമൊക്കെയായി കഴിയുകയായിരുന്നു. പ്രായം നവതി ആഘോഷിക്കാത്തത്, സംഘ്പരിവാരങ്ങൾ ഇടിച്ചുകയറി ഇഡ്ഡലിയും പലഹാരങ്ങളും തട്ടിവിട്ടു കടക്കുമെന്ന ഭീതിയിൽ. പക്ഷേ ദില്ലി ശാസനം ലംഘിച്ചുകൂടുമോ? അങ്ങനെയാണ് 'നേമം' പുക്കിയതും, ജയിച്ച് ആദ്യമായി താമര വിരിയിച്ചതും. എഴുപതു തികഞ്ഞിട്ടില്ലാത്ത കുമ്മനത്തെ കൊച്ചുരാജശേഖരനാണ് ഇത്തവണ നേമത്തെ സ്ഥാനാർഥി എന്നു കേട്ട നാൾതൊട്ട് രാജേട്ടന്റെ നാവിന്റെ ചൊരുക്ക് മാറിയിട്ടില്ല. മഴ തോർന്നാലും മരം പെയ്തുകൊണ്ടേയിരിക്കും എന്നു പറഞ്ഞതു പോലെ, പോളിംഗ് കഴിഞ്ഞിട്ടും ഒ. രാജേട്ടൻ വിട്ടില്ല; നേമത്ത് ഞാൻ ജയിച്ചു. എമ്മെല്ലേയായി. അല്ലാതെ ഒരു ബന്ധവുമില്ല എന്ന പ്രസ്താവന കേട്ട് സംസ്ഥാന - കേന്ദ്ര പരിവാരങ്ങൾ അന്തംവിട്ടു നിൽപാണ്. നിർമമനും ദാർശനികനുമായ അദ്ദേഹം ഇങ്ങനെ ഒരു പ്രയോഗം നടത്തിയതിൽ അത്ഭുതമില്ല. സ്പീക്കർ ശ്രീരാമകൃഷ്ണനു വോട്ട് ചെയ്തതു മുതൽ നേമം പ്രതിനിധിയിൽ കണ്ടുവരുന്ന മാറ്റങ്ങൾ സംഘ്പരിവാരങ്ങൾ എങ്ങനെ ക്ഷമിച്ചുപോരുന്നുവെന്നതാണ് നാട്ടുകാരെ അഭ്ദുതപ്പെടുത്തുന്നത്. ഇങ്ങനെയൊരു 'പൊല്ലാപ്പിനെ' തോളിൽ ചുമന്നു വരവേയാണ്, പാലക്കാട്ടുനിന്നു തന്നെ മറ്റൊരു മാറ്റൊലി കേട്ടത്- താൻ ബി.ജെ.പിക്കാരനായതുകൊണ്ടല്ല 'മെട്രോമാനാ'യതുകൊണ്ടാണ് ധാരാളം വോട്ടുകൾ കിട്ടുന്നതെന്നായിരുന്നു ഇ. ശ്രീധരന്റെ വെളിപാട്. മാത്രമല്ല  അടുത്ത മുഖ്യമന്ത്രിയാകാൻ വേണ്ടി തയ്പിച്ച കുപ്പായം വെയിലത്ത് ഉണങ്ങാനിട്ടിരിക്കുകയാണെന്നൊരു ധ്വാനിപ്രയോഗവും! മേൽപറഞ്ഞ രണ്ടു വയോധികന്മാരുടെയും മൊഴിമുത്തുകൾ വീണ വഴികളിലൂടെ വീരശൂരന്മാരായ പരിവാറുകാർക്ക് നടക്കാൻ വയ്യാതായിട്ടുണ്ട്. പണ്ട് ഇ.എം.എസ് നമ്പൂതിരിപ്പാടിനെക്കുറിച്ച് എം.വി. രാഘവൻ ഒരു 'കോളാമ്പി പ്രസംഗ'ത്തിൽ വിളിച്ചുപറഞ്ഞത് പലരും ഓർക്കുന്നുണ്ട്.- 'മിസ്റ്റർ ഇ.എം.എസ്, നിങ്ങൾക്കു പ്രായമായി. നിങ്ങൾ 'സെനൈൽ' ആയിരിക്കുന്നു. വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയണം'.
സംഘ്പരിവാറുകാർക്ക് അത്രയെങ്കിലും ചുണയുള്ള നേതാക്കൾ ഇല്ല. അവർക്ക് ജാതിയും മതവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ എടുത്ത് അമ്മാനമാടാനും നിരപരാധികളുടെ ചോര വീഴ്ത്താനും മാതമേ കഴിയുള്ളൂ.
****                                             ****                                           ****
പേരു വെളിപ്പെടുത്താൻ താൽപര്യമില്ലാത്ത കോൺഗ്രസ് അന്വേഷണ സംഘം നേതാവോ? ഇതെന്താ വെള്ളരിക്കാപ്പട്ടണമോ? ഒരു ക്യാമറ കണ്ടാൽ, വേണ്ട, അതിന്റെ     'മുക്കാലി സ്റ്റാന്റ്' കണ്ടാലും മതി ഉടനെ തലമുടി കോതിയൊതുക്കി മുന്നിലേക്ക് എടുത്തു ചാടുന്ന സീനിയറും ജൂനിയറും സബ് ജൂനിയറുമല്ലാതെ ആരും തന്നെ അവശേഷിക്കാത്ത കോൺഗ്രസിലാണ് അത്തരം ഒരു അപൂർവ ജനുസ്സിനെക്കുറിച്ചുള്ള വാർത്ത.
'തങ്ങൾ ഇരട്ട വോട്ടുകൾ കണ്ടെത്തിയതോടെ കേരളത്തിൽ ഇത്തവണ കള്ളവോട്ടുകൾ കുറഞ്ഞു'വെന്നാണ് ഈ മുഖവരണമിട്ട കെ.പി.സി.സി വക്താവിന്റെ പ്രസ്താവന. തൽഫലമായി യു.ഡി.എഫിന് വൻ വിജയ സാധ്യത എന്നൊരു ഞെട്ടിക്കുന്ന കണ്ടെത്തലുമുണ്ട്!
അന്വേഷണ സംഘങ്ങളുടെ കാര്യത്തിൽ വളരെ വലുതാണ് കോൺഗ്രസ് ചരിത്രം. ഒരു സഹകരണ സംഘം മുതൽ കേന്ദ്ര പാർലമെന്റ് തെരഞ്ഞെടുപ്പു വരെ കഴിയുമ്പോഴൊക്കെ, അതിന്റെ ഫല പരിശോധനക്ക് പാർട്ടി ഓരോ അന്വേഷണ സംഘത്തെ നിയമിക്കും. അത് പഞ്ചവത്സര പദ്ധതിയെ രണ്ടുകൊണ്ടു ഗുണിച്ചതുപോലെയങ്ങു നീണ്ടുപോകും. റിസൾട്ടിനെ തിരുത്താൻ ഉടയതമ്പുരാനു പോലും കഴിയില്ലല്ലോ. കാഡർ പാർട്ടികളിൽ ഇത്തരം അന്വേഷണക്കാരുടെ റിപ്പോർട്ട് ബ്രാഞ്ച് മുതൽ പി.ബി വരെ വെച്ചു ചർച്ച ചെയ്യും.
ചായക്കും പരിപ്പുവടക്കും പുറമെ, വെട്ടിനിരത്തലും ഉച്ചഭക്ഷണവും ഉണ്ടാകും. കോൺഗ്രസിൽ ഉച്ചഭക്ഷണം മുടങ്ങാതെയുണ്ടാകുമെന്നതാണ് വ്യത്യാസം. സംഘടനയുടെ അന്വേഷണ സംഘങ്ങളുടെ ചരിത്രവും റിപ്പോർട്ടും രേഖപ്പെടുത്താൻ അനേകം ന്യൂസ് പ്രിന്റ് റോളുകൾ തന്നെ വേണ്ടിവരും. 1830 കളിൽ കംപ്യൂട്ടർ കണ്ടുപിടിച്ച ബാബേജിന് നന്ദി. അല്ലെങ്കിൽ അനേകം ബാഗേജുകൾ വേണ്ടിവരുമായിരുന്നു.
1959 ൽ കേരളത്തിൽ 'നേരേ ചൊവ്വേ' ഭരിച്ചു പോന്നിരുന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെ പിടിച്ചു തള്ളിയിടാൻ വേണ്ടി രൂപീകരിച്ച അന്വേഷണ സംഘമാണ് പാർട്ടി ചരിത്രത്തിൽ കേരളത്തിലെ പ്രഥമൻ. യു.എൻ ധേബറിനും ഇന്ദിരാഗാന്ധിക്കും പേര് പുറത്തറിയുന്നതിൽ  അശേഷം വിരോധമുണ്ടായില്ല. 2021 ൽ കഥ മാറി. 'കള്ളവോട്ട് നിർമാർജന പദ്ധതി'യാണ് കാര്യം. അതു മദ്യനിരോധനവും നിർമാർജനവും പോലെയോകാൻ പാടില്ല. എ.കെ. ആന്റണി 'ചാരായ നിരോധനം' കൊണ്ടുവന്നതിന്റെ ഫലം ഇന്നും പാർട്ടി അനുഭവിക്കുന്നു! പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വക്താവാകാൻ യോഗ്യതയുള്ള ഒന്നാമൻ മുല്ലപ്പള്ളി തന്നെ! അദ്ദേഹം നേരിട്ടു 'വെളിപ്പെട്ട'പ്പോഴൊക്കെ ഖ്യാതി ചാണ്ടി-ചെന്നിത്തലമാർ അടിച്ചെടുത്തു. രണ്ടാമൻ കെ.സി. വേണുഗോപാൽ. സീനിയർ കെ.സി. ജോസഫിനെ തളളി, ദില്ലി വഴി കേരളത്തിൽ വിടർന്നുയരുന്ന ഒരു താരമാണ് പുതിയ കെ.സി. 'സോളാർ ഫെയിം' സരിത കാർമേഘങ്ങൾ കൊണ്ടു മൂടുമോ എന്നു ഭയന്നാകാം, അദ്ദേഹം പേരു വെളിപ്പെടുത്താതെ ഒഴിഞ്ഞുമാറിയത്. മൂന്നാം സ്ഥാനം എം.എം. ഹസനു തന്നെ. യു.ഡി.എഫ് കൺവീനർ എന്ന സാങ്കൽപിക പീഠത്തിൽ ഇരുന്നുളരുന്ന മഹാൻ.
ഇന്നുവരെ സുരക്ഷിതവും സ്വന്തവുമായ ഒരു മണ്ഡലം സ്വരൂപിച്ചെടുക്കാത്ത ത്യാഗസമ്പന്നൻ. അദ്ദേഹത്തെ ഒരു 'പഴയ തകരപ്പാട്ടയായി' ആരോ വിശേഷിപ്പിച്ചു വേദനിപ്പിച്ചതിനാലാകാം, പേരു പുറത്തു പറയാത്തത്. ഏതായാലും 'കള്ളവോട്ട് കുറഞ്ഞെന്ന കണക്ക് അവതരിപ്പിച്ച ആ മഹാനായ അജ്ഞാതനായ കെ.പി.സി.സി വക്താവ്, കേന്ദ്ര മന്ത്രി വി. മുരളീധരനെയും കടത്തിവെട്ടി. അദ്ദേഹമാണല്ലോ, ആർക്കും മനസ്സിലാകാത്ത ഗണിത സമവാക്യങ്ങളുടെ കേരള വക്താവ്!
****                                               ****                                           ****
പ്രകടന പത്രികയിൽ പലതും പറയും; അതെല്ലാം നടപ്പാക്കാൻ കഴിയുമോ -എന്ന മഹദ്‌വചനത്തോടെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മുൻകൂർ ജാമ്യം നേടിക്കൊടുത്തത് വക്കീലും വാഗ്മിയും കവിയുമായ പി.എസ് (വെൺമണി) ശ്രീധരൻ പിള്ളയാണ്. കൃതഹസ്തനായ അദ്ദേഹം പിന്നിലെ പൊടിയും തട്ടിക്കളഞ്ഞ് മിസോറമിൽ ഗവർണറായി അങ്ങു പോയി. ഇങ്ങു കേരളത്തിൽ 'തോട്ടിൻകരയിലെ വിമാനത്താവളം' മുതൽ ചമ്പാവരിയുടെ കുന്നുകൾ വരെ അച്ചടിച്ചു വിതരണം ചെയ്തു 15 ാമത് നിയമസഭാ തെരഞ്ഞെടുപ്പ് നാട്ടുകാർ ആഘോഷിച്ചു. വോട്ടു മാമാങ്കത്തിൽ 'ചാവേർപോര്' കണിശമാണ്. ഇത്തവണയും മുടങ്ങിയില്ല. 'അങ്കത്തറ കണ്ണൂർ തന്നെ. ഒരു 22 വയസ്സുള്ള ലീഗുകാരൻ പയ്യനെ കുരുതികൊടുത്തു. സംഭവത്തിനു മുമ്പു തന്നെ 'ചോരച്ചങ്കതിരോൻ' ഫ്രെയിം പി. ജയരാജൻ സഖാവിന്റെ പുത്ര സഖാവിന്റെ വക ഒരു ഫേസ്ബുക്ക് പോസ്റ്റുണ്ടായിരുന്നു- 'എതിരാളികൾ വളരെക്കാലം ഇനി ഓർമിക്കുന്ന വിധം ഒരു സംഭവം നടക്കും' എന്നായിരുന്ന ഉള്ളടക്കം!
'മാർക്‌സിസത്തിൽ പ്രവചനങ്ങൾക്കുള്ള സ്ഥാനം' എന്ന വിഷയത്തിൽ ഇനി ആരെങ്കിലും പ്രബന്ധമെഴുതുകയോ, ഡോക്ടറേറ്റിനു ശ്രമിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ ടി ഫേസ്ബുക്ക് പ്രഖ്യാപനത്തെ ആശ്രയിച്ചും ആകാം. മൺമറഞ്ഞ ആചാര്യന്മാർക്ക് രസിക്കും. ഏതു മേഖലയിലും മക്കൾ വാഴുന്ന ജനാധിപത്യ കാലമാണിത്. മക്കൾ എത്തിയാൽ പോരാ തിളങ്ങണം, വിളങ്ങണം, വാഴണം! ജയരാജൻ സഖാവിന്റെ പുത്രനു ചോര കൊണ്ടു ചരിത്രമെഴുതാൻ കെൽപുണ്ടെന്നു തെളിയിക്കണം. പുത്തൻ വടക്കൻ വീരഗാഥകളിൽ പുത്രൻ സഖാവ് വീര നായകൻ തന്നെയാകണം. പക്ഷേ, പാർട്ടി എവിടെയൊക്കെ അവശേ ഷിക്കുമെന്ന കാര്യമാണ് അറിയേണ്ടത്. അക്കാര്യം ഇന്ത്യ മൊത്തം നിയമസഭാ തെരഞ്ഞെടുപ്പുകൾ കഴിയുമ്പോൾ തെളിയും!
സ്ലം ഡോഗ് മില്യണയർ എന്ന പ്രയോഗം കൃത്യം വാച്യാർഥത്തിൽ എഴുതിയാൽ തികഞ്ഞ അവഹേളനമായിപ്പോകും!  എങ്കിലും പെരുന്നയിലെ പോപ്പ് സുകുമാരൻ നായരുടെ തെരഞ്ഞെടുപ്പു ദിവസത്തെ പ്രസ്താവനയ്ക്കു കിട്ടിയ മാധ്യമ ശ്രദ്ധ നോക്കിയാൽ ആ സിനിമാപ്പോര് ഓർത്തുപോകും! ഭാഗ്യം കൊണ്ടു ഉയർച്ച നേരിടവർ' എന്നു പറഞ്ഞാൽ അതിശയോക്തിയില്ല. ചെന്നത്തലയെ ചുമന്നു നടക്കുന്ന പോപ്പ് ചുമക്കും. പിന്നെ പോപ്പ് ചെന്നിത്തലയെ.... കുറച്ചു കാലമായി ഈ യാത്ര തുടങ്ങിയിട്ട്. വയലാറിന്റെ ആ വരികൾ ഓർക്കാം - 'ഈ യാത്ര തുടങ്ങിയതെവിടെ നിന്നോ/ ഇനിയൊരു വിശ്രമമെവിടെച്ചെന്നോ, മോഹങ്ങളവസാന നിമിഷം വരെ...........

 

Latest News