കണ്ണൂര്‍- രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ കേരളവും വാക്‌സിന്‍ ക്ഷാമത്തിന്റെ വക്കില്‍. രണ്ടു ദിവസത്തേക്കുള്ള വാക്‌സിന്‍ മാത്രമെ ബാക്കിയുള്ളൂവെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. കൂടുതല്‍ വാക്‌സിന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രണ്ടു ദിവസത്തിനുള്ളില്‍ എത്തിയില്ലെങ്കില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്ന പദ്ധതി പ്രതിസന്ധിയിലാകുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കര്‍ശന ജാഗ്രത ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. വാര്‍ഡ് തലത്തിലുള്ള കോവിഡ് പ്രതിരോധ സമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി പഞ്ചായത്ത് തല രോഗപ്രതിരോധം ഊര്‍ജ്ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.