കണ്ണൂർ- പാനൂരില്‍ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീരാഗും കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ രണ്ടാം പ്രതിയായ രതീഷും ഒരുമിച്ച് ഒളിവിൽ കഴിഞ്ഞതായി കണ്ടെത്തി. ചെക്യാട് ഭാഗത്ത് വീടുകളിലും പറമ്പുകളിലുമാണ് ഇരുവരും ഒളിച്ച് താമസിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി. മറ്റൊരാളുടെ സഹായത്തോടെയാണ് ഇവർ ഒളിവില്‍ കഴിഞ്ഞിരുന്നത്.
അതിനിടെ, രതീഷിനെ കൊലപ്പെടുത്തിയതിന് ശേഷം കെട്ടിത്തൂക്കിയതാണെന്ന ആരോപണം കോൺഗ്രസ് നേതാവ് കെ. സുധാകരൻ ആവർത്തിച്ചു.
ഒളിവിൽ കഴിയുന്നതിനിടെ രതീഷ് ഒരു നേതാവിനെ ഭയപ്പെടുത്തി സംസാരിച്ചിരുന്നുവെന്നും ഇതേ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സുധാകരന് പറയുന്നു. ആ നേതാവിന്റെ പേര് ഇപ്പോൾ പറയാൻ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റ് പ്രതികൾ മർദിച്ചതിനെ തുടര്‍ന്ന് രതീഷ് ബോധരഹിതനായി വീഴുകയായിരുന്നു. ഇതോടെ മറ്റു പ്രതികൾ രതീഷിനെ കെട്ടി തൂക്കുകയാണ് ചെയ്തത്. ഇതാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. പാര്‍ട്ടി ഗ്രാമത്തിൽ നിന്നും ലഭിച്ച വ്യക്തമായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും സുധാകരൻ വ്യക്തമാക്കി.