കൊച്ചി- പ്രവാസി വ്യവസായി എം.എ. യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയപ്പോള്‍
വലിയ ദുരന്തം ഒഴിവാക്കിയത് മലയാളി പൈലറ്റിന്റെ വൈദഗ്ധ്യവും മനസ്സാന്നിധ്യവും.
കുമരകം സ്വദേശി ക്യാപ്റ്റന്‍ അശോക് കുമാറിന് വലിയ അപകടമുണ്ടാക്കാതെ ഹെലികോപ്റ്റര്‍ താഴെയിറക്കാന്‍ സാധിച്ചു.
ലാന്റിംഗില്‍ പിഴവ് സംഭവിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ടായിട്ടും തൊട്ടു ചേര്‍ന്നുള്ള മതിലുകളില്‍ പ്രൊപ്പല്ലര്‍ തട്ടാതെ അതി സൂക്ഷ്മമായാണ് പൈലറ്റ് കോപ്റ്റര്‍ ചതുപ്പില്‍ ഇറക്കിയത്.
ഇന്ത്യന്‍ നേവിയിലെ കമാണ്ടറായിരുന്നു ക്യാപ്റ്റന്‍ അശോക് കുമാര്‍. നേവിയില്‍ ഒരു ഷിപ്പിന്റെ സി.ഇ.ഒ ആയിരുന്ന അശോക് കുമാര്‍ നേവിയുടെ ടെസ്റ്റ് പൈലറ്റ് കൂടിയായിരുന്നു. 24 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിച്ചു.
നേവിയില്‍ നിന്നു വിരമിച്ച ശേഷം ഒ.എസ്.എസ് എയര്‍ മാനേജ്‌മെന്റിന്റെ വിമാനങ്ങളുടെ പൈലറ്റായി സേവനം അനുഷ്ടിച്ചു വരുന്നതിനിടയിലാണ് ലുലു ഗ്രൂപ്പിന്റെ മുഖ്യ പൈലറ്റാകുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പല പ്രമുഖര്‍ക്കു വേണ്ടിയും ഹെലികോപ്റ്ററുകള്‍ പറത്തിയതും അശോക് കുമാറായിരുന്നു. പിന്നീടാണ് എം.എ യൂസഫലിക്കൊപ്പം ജോലി തുടങ്ങിയത്.
ബംഗളുരുവില്‍ മിലിട്ടറി സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 21 ാം വയസ്സിലാണ് ആദ്യമായി അദ്ദേഹം വിമാനം പറപ്പിക്കുന്നത്. ഇപ്പോള്‍ 54 വയസ്സുണ്ട്.
അശോക് കുമാറിനൊപ്പം സഹ പൈലറ്റായി ഉണ്ടായിരുന്നത് പൊന്‍കുന്നം ചിറക്കടവ് സ്വദേശിയായ ശിവകുമാറായിരുന്നു. ശിവകുമാര്‍ അശോക് കുമാറിനെക്കാള്‍ സീനിയറാണെങ്കിലും ഇത്തവണ സഹ പൈലറ്റായിരുന്നു. ഇരുവരും ഇപ്പോള്‍ എറണാകുളത്താണ് കുടുംബ സമേതം താമസം.