സൂറിക് - കൊളംബിയൻ മിഡ്ഫീൽഡർ എഡ്‌വിൻ കാർദോണയെ ഫിഫ അഞ്ചു കളിയിൽ വിലക്കി. തെക്കൻ കൊറിയക്കാരനായ എതിരാളിയെ കണ്ണു കൊണ്ട് ഗോഷ്ടി കാണിച്ച് വംശീയമായി അധിക്ഷേപിച്ചുവെന്നാണ് കാർദോണക്കെതിരായ പരാതി. രണ്ടു ലക്ഷം സ്വിസ് ഫ്രാങ്ക് പിഴയും വിധിച്ചിട്ടുണ്ട്. വിലക്ക് സൗഹൃദ മത്സരങ്ങളിൽ വിട്ടുനിന്ന് പൂർത്തിയാക്കാം. അതിനാൽ കൊളംബിയയുടെ ആദ്യ ലോകകപ്പ് മത്സരം മിഡ്ഫീൽഡർക്ക് നഷ്ടപ്പെടില്ല. ജൂൺ 19 ന് ജപ്പാനെതിരെയാണ് കൊളംബിയയുടെ ആദ്യ ലോകകപ്പ് മത്സരം.
കഴിഞ്ഞ മാസം സൗഹൃദ മത്സരത്തിനിടെയാണ് വിവാദ സംഭവം. അപ്പോൾ തന്നെ കാർദോണ ക്ഷമാപണം നടത്തിയിരുന്നു. ഏതെങ്കിലും വ്യക്തിയെയോ രാജ്യത്തെയോ വംശത്തെയോ അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ആർക്കെങ്കിലും വേദന തോന്നിയെങ്കിലോ ആരെങ്കിലും ആ രീതിയിൽ സംഭവത്തെ കാണുന്നുവെങ്കിലോ മാപ്പ് ചോദിക്കാൻ തയാറാണെന്നും കാർദോണ പറഞ്ഞു.
മത്സരച്ചൂടിൽ സംഭവിച്ച ഒരു പിശകിനെ വംശീയാധിക്ഷേപമായി ചിത്രീകരിക്കരുതെന്നായിരുന്നു കാർദോണയുടെ വാദം. എന്നാൽ ഇത്തരം പെരുമാറ്റം ഒരു സമയത്തും അംഗീകരിക്കാനാവില്ലെന്ന് കൊറിയൻ താരം കി സുംഗ് യൂംഗ് പറഞ്ഞു.