റിയാദ്- വിശുദ്ധ റമദാനില്‍ ഉംറ നിര്‍വഹിക്കുന്നതിനും മസ്ജിദുല്‍ ഹറാമില്‍ നമസ്‌കരിക്കുന്നതിനും മദീനയില്‍
പ്രവാചകന്റെ പള്ളി സന്ദര്‍ശിക്കുന്നതിനും കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ മുന്‍ കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്ന് ഹജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു.
കോവിഡ് ബാധിച്ച് ഭേദമായവര്‍ക്കും വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കും മാത്രാണ് തവക്കല്‍നാ ആപ്പ് വഴി പെര്‍മിറ്റുകള്‍ ലഭിക്കുക. ആദ്യ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ വര്‍ക്ക് മാത്രമേ അനുമതി ലഭിക്കുകയുള്ളൂ. ഇരു ഹറമുകളിലും ഉംറക്കും നമസ്‌കാരത്തിനും വരുന്നവരോടൊപ്പം കുട്ടികളെ അനുവദിക്കില്ല.
തവക്കല്‍ന ആപ്പില്‍ കാണിക്കുന്ന സ്റ്റാറ്റസ് അനുസരിച്ചാണ് പെര്‍മിറ്റുകള്‍ അനുവദിക്കുക.
ഉംറ നിര്‍വഹിക്കുന്നതിനായി മന്ത്രാലയം ഏഴ് സമയ പരിധികള്‍ നിശ്ചയിച്ചിട്ടുണ്ട്. ലഭ്യമായതും റദ്ദാക്കിയതുമായ ബുക്കിംഗുകള്‍ക്കനുസരിച്ച് അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. ആദ്യ ഡോസ് സ്വീകരിച്ച് 14 ദിവസം പൂര്‍ത്തിയാകാത്തവര്‍ക്ക് ഇപ്പോള്‍ ബുക്കിംഗ് ലഭിക്കില്ല.
മക്കയിലെ ഹറം സെന്‍ട്രല്‍ പ്രദേശത്തേക്ക് അനധികൃത വാഹനങ്ങള്‍ പ്രവേശിക്കാന്‍ അനുവാദിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. പെര്‍മിറ്റില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ ഉചിതമായ സമയത്ത് മാത്രമേ വാഹനങ്ങള്‍ വിവിധ ചെക്ക്‌പോസ്റ്റുകളിലൂടെ മക്കയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ.
കാലതാമസം ഒഴിവാക്കുന്നതിനായി ഇഅ്തമര്‍നാ ആപ്ലിക്കേഷന്‍ ഇ ടിക്കറ്റുകള്‍ വാങ്ങിയിരിക്കണം.
വിശദ്ധ റമദാനില്‍ വാക്‌സിന്‍ സ്വീകരിച്ച 50,000 ഉംറ തീര്‍ഥാടകരെയും നമസ്‌കരിക്കാനെത്തുന്ന ഒരു ലക്ഷം പേരയും ഉള്‍ക്കൊള്ളുന്ന വിധം ഹറമിന്റെ ശേഷി ഉയര്‍ത്തും.
പെര്‍മിറ്റുകളുടെ സാധുത പരിശോധിക്കുക തവക്കല്‍ന ആപ്ലിക്കേഷനിലൂടെ ആയിരിക്കും. സ്‌ക്രീന്‍ ഷോട്ട് സ്വീകരിക്കുകയില്ല.
ഇഅ്തമര്‍ന, തവക്കല്‍ന ആപ്പുകള്‍ വഴി മാത്രം പെര്‍മിറ്റ് നേടണമെന്നും വ്യാജ വെബ്‌സൈറ്റുകളെയും പ്രചാരണങ്ങളെയും വിശ്വസിക്കുരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
റമദാനില്‍ അനുമതിയില്ലാതെ വിശുദ്ധ ഹറമില്‍ ഉംറ നിര്‍വഹിക്കാനോ നമസ്‌കരിക്കാനോ ശ്രമിച്ചാല്‍ കനത്ത പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.