നിലമ്പൂര്‍-വേനല്‍ കടുത്തതോടെ വെള്ളവും ഭക്ഷണവും തേടി കാട്ടാനകള്‍ ചാലിയാര്‍ പുഴ ഉള്‍പ്പെടെയുള്ള പുഴകളുടെ തീരങ്ങളില്‍ തമ്പടിക്കുന്നു. രാത്രിയോടെ സൗരോര്‍ജ വേലികള്‍ ഉള്‍പ്പെടെ തകര്‍ത്ത് കൃഷിയിടങ്ങളിലേക്കിറങ്ങി വ്യാപക കൃഷിനാശമാണ് ആനകള്‍ വരുത്തുന്നത്. ചാലിയാര്‍, മമ്പാട്, പോത്തുകല്‍, വഴിക്കടവ്, കരുളായി, അമരമ്പലം, ചോക്കാട്, മൂത്തേടം, കരുവാരക്കുണ്ട് പഞ്ചായത്തുകളുടെ പുഴകളോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ കൃഷികളാണ് നശിപ്പിക്കുന്നത്. അരനൂറ്റാണ്ടിനു ശേഷം പട്ടാപ്പകല്‍ പോലും നിലമ്പൂരില്‍ കാട്ടാനകള്‍ ഇറങ്ങി. ചാലിയാര്‍, കുറുവന്‍ പുഴ, കുതിരപ്പുഴ, ചെറുപുഴ, കരിമ്പുഴ, കോട്ടപ്പുഴ, പുന്നപ്പുഴ, കാഞ്ഞിരപ്പുഴ എന്നീ പുഴകളുടെ തീരങ്ങളിലായി നൂറിലധികം കാട്ടാനകള്‍ തമ്പടിച്ചിട്ടുണ്ട്. ചാലിയാര്‍ പഞ്ചായത്തിലെ വാഴകൃഷി ഏറെയുള്ള ഗ്രാമമായ തോട്ടപ്പള്ളിയില്‍ ഒരു വര്‍ഷത്തിനുള്ളില്‍ 20,000 ത്തിലേറെ നേന്ത്രവാഴകളാണ് നശിപ്പിച്ചിട്ടുള്ളത്. രണ്ടു വര്‍ഷത്തിനിടയില്‍ നിലമ്പൂര്‍, ഏറനാട്, വണ്ടൂര്‍ മണ്ഡലങ്ങളുടെ പരിധിയില്‍ രണ്ടു കോടിയിലേറെ രൂപയുടെ കൃഷി നശിപ്പിച്ചു. വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതിനു പുറമെ ജനവാസ കേന്ദ്രങ്ങളിലേക്കു ഇറങ്ങുന്നത് ജീവനു ഭീഷണിയാകുന്നുണ്ട്. മുന്‍കാലങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി വനത്തിനുള്ളില്‍ കുളങ്ങള്‍ വനം വകുപ്പ് കുഴിച്ചെങ്കിലും 90 ശതമാനം കുളങ്ങളിലും വെള്ളമില്ല. ഫലവൃക്ഷങ്ങള്‍ വനത്തിനുള്ളില്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിയും ഫലം കണ്ടില്ല. വെള്ളവും ഭക്ഷണവും തേടി ഉള്‍വനങ്ങളില്‍ നിന്നു കൂട്ടത്തോടെ പുഴയോരങ്ങളിലേക്കിറങ്ങിയ കാട്ടാനകള്‍ തിരിച്ചു പോകാന്‍ കൂട്ടാക്കാത്തതും വലിയ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.