ഹൃദയത്തിൽ ശ്രദ്ധയുടെ ദിവ്യപ്രകാശങ്ങൾ പകരാനും പകർന്നുകൊടുക്കാനുമുള്ള മുഹൂർത്തമാണ് റമദാൻ. 'തഖ്‌വ' അഥവാ 'ശ്രദ്ധ'യാണ് ജീവിതത്തിന് പ്രശാന്തിയും മാധുര്യവും കൂട്ടുന്ന ഘടകം .
തെറ്റിപ്പോയ ശ്രദ്ധകൾ തിരികെ പിടിക്കാനുള്ള അസുലഭ മുഹൂർത്തംകൂടിയാണിത്. നോമ്പെന്നാൽ ഹൃദയത്തിലും ആത്മാവിലും ,ജീവിതത്തിന്റെ സമസ്ത മേഖലകളിലും തീർത്ഥത്തെ തൂകി നവജീവനേകാനുള്ള സുവർണാവസരമാണ്.
ഒരേ സമയം ഇച്ഛകൾക്കെതിരിലുള്ള സമരവും നന്മയോടൊപ്പം ചേർന്നുനിൽക്കാനുള്ള ത്യാഗ മനഃസ്ഥിതിയും, തെറ്റായ ബോധങ്ങളിൽ നിന്നുള്ള സംസ്‌കരണ ചിന്തയും നോമ്പ് നമുക്ക് പ്രദാനം ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം ആകത്തുകയാണ് തഖ്‌വ അഥവാ ശ്രദ്ധ.
പട്ടിണി എന്ന അവസ്ഥയെ പുൽകാൻ ഏതു നോമ്പുകാരനുമാകും. എന്നാൽ സർവ്വാർത്ഥത്തിലുമുള്ള നോമ്പ് നോൽക്കാൻ അവശ്യമായ ഒന്നാണ് ശ്രദ്ധ. എന്നും കരുതലോടെ പെരുമാറുന്ന ഇടങ്ങളിൽ കൂടുതൽ ശ്രദ്ധയിലാകാൻ റമദാനിലെ പകലിരവുകൾ സഹായകമാകുന്നു.
നാഥനോടും സഹജീവികളോടുമുള്ള സഹവാസത്തിൽ വന്നുപോയ വീഴ്ചകളെ തെളിമയോടെ ശ്രദ്ധിക്കാനും കൂടുതൽ മെച്ചപ്പെടാനും നോമ്പ് കാലത്തെ ഉപയോഗപ്പെടുത്തിയാൽ 'ഉപേക്ഷിക്കുക 'എന്ന അനുഭവം സാർത്ഥമാകും. സ്വീകരിക്കാനും അനുഭവിക്കാനും സർവ്വർക്കുമാകും .എന്നാൽ സ്വയം നിയന്ത്രിതമാകുവാനും പകർന്നേകുവാനും ഏറെ ആത്മസംസ്‌കരണം ആവശ്യമാണ് .
വരാൻ പോകുന്ന നാളുകളിലേക്ക് കൂടിയുള്ള ആത്മചൈതന്യത്തെ കരുതി പാകപ്പെടുത്തലാണ് റമദാൻ. അനാവശ്യങ്ങളെയും ആവശ്യങ്ങളെയും വേർതിരിച്ചറിയാനുള്ള വിവേക നാളുകൾ അത്യാർഭാടങ്ങളിലേക്കും മേനി നടിക്കലുകളിലേക്കും നയിച്ച് ഭക്ഷണപാനീയങ്ങൾ പാഴാക്കുന്ന അർത്ഥമില്ലായ്മയെ നാം ഏറെ ഭയപ്പെടേണ്ടിരിക്കുന്നു. വിട്ടുവീഴ്ചയും കരുണയും പങ്കു വെക്കലും പരോക്ഷമായി പഠിപ്പിക്കുന്ന മാസം കൂടിയാണിത്.
'അഫുവ്വ് 'എന്ന അറബി പദത്തിന്റെ അർത്ഥം പൂർണമായി പ്രതികരിക്കാൻ കഴിയുന്ന സന്ദർഭത്തിൽ, വിട്ടുവീഴ്ചനൽകുക എന്നാണ്. ഇതിനൊക്കെയുമുള്ള പരിശീലനക്കളരി കൂടിയാണ് റമദാൻ. ഇച്ഛകളെ നിയന്ത്രിക്കുന്നതിന് നമ്മെ പാകപ്പെടുത്തിയെടുക്കുന്നതിനൊപ്പം പ്രകടന പരതയുടെ അംശങ്ങൾ കടന്നുവരാനുള്ള സാധ്യത തുലോം വിരളമായ കർമ്മം കൂടിയാകണം നോമ്പ് കാലം. നോമ്പ് ഒരേ സമയം നന്മകളുടെ സംഗമ ഭൂമികയും തിന്മകൾക്കെതിരെയുള്ള പ്രതിരോധവുമാണ്. നോമ്പ് നമ്മുടെ ശരീരത്തെയും മനസ്സിനെയും തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട സമസ്ത മേഖലകളെയും സംസ്‌കരിക്കുന്നതായി മാറണം. നിത്യ ജീവിതത്തെ പുതുക്കുന്ന, മാനവികതയുടെ മന്ത്രധ്വനികളാകണം റമദാനിൽ ഉടനീളം ഉള്ളിലുംപ്രവൃത്തിയിലും മുഴങ്ങേണ്ടത്.
ബാഹ്യശരീരത്തെ ശുദ്ധീകരിക്കുകയും ആത്മാവിനെ കളങ്കരഹിതമാക്കി നന്മകൾ കൊണ്ടലങ്കരിക്കുകയുംചെയ്യാൻ സഹായകമാകുന്ന വിശുദ്ധ റമദാനെ ഏറെ ആനന്ദത്തോടെയാണ് പ്രവാസികൾ എതിരേൽക്കുന്നത്.
പ്രവാസ റമദാനിലെ ഒരുക്കങ്ങളൊക്കെയും മാനവികതയുടേയും സമത്വത്തിന്റേയും സുഖം പകരുക എന്നലക്ഷ്യത്തിലാണ് ഉണ്ടാവുക. എന്നാൽ 'കോവിഡ് 'ൽ കൊരുത്ത കഴിഞ്ഞ റമദാൻ കാലം ചേർത്തുനിർത്തലിന്റേയും കാരുണ്യത്തിന്റേയുംസമാനതകളില്ലാത്ത നാളുകൾക്കാണ് സാക്ഷ്യം വഹിച്ചത്. പ്രതികൂല സാഹചര്യങ്ങളിൽ കിനിയുന്ന കനിവിന്റെ ഉറവകൾ നെഞ്ചേറ്റി യാണ് ഓരോ പ്രവാസിയും റമദാനെ വരവേൽക്കുന്നത്. മരുഭൂവിൽ ഒറ്റപ്പെട്ടു പോയ സഹോദരങ്ങളെ തേടി സ്‌നേഹഭാണ്ഡങ്ങളും പേറി മൈലുകൾ സഞ്ചരിച്ചു പോകുന്നഎത്രയെത്ര നിസ്വാർത്ഥ സേവകരാണിവിടെ ഉള്ളത്. നിറവിനിടയിലെ ഇല്ലായ്മയെ പറയാൻ പോലും കഴിയാതെ, നീറിയ വിശപ്പിനും ദാഹത്തിനും വിദ്യാഭ്യാസത്തിനും അനുഭവമായും മനത്താങ്ങായും അറിഞ്ഞു നിറഞ്ഞുപകർന്ന എത്രയെത്ര സാന്നിധ്യങ്ങൾ. രാപ്പകലുകൾ വ്യത്യാസമില്ലാതെ അവനവന്റെ സൗകര്യസുഖങ്ങൾ മാറ്റിവെച്ച നാളുകൾ എത്ര സാർത്ഥമായാണ് കടന്നുപോയത്. നാളുകൾക്കു മുൻപൊരു റമദാനിൽ ഏറെ വേനൽ കത്തിനിന്ന നാളുകളൊന്നിൽ ഉപ്പയും ഉമ്മയുമൊത്തൊരുയാത്രയിൽ യാദൃഛികമായി വഴി തെറ്റി മരുഭൂമിയുടെ വന്യമായ വഴികളിലൂടെ പോകവേ ,രണ്ടാൾപ്പൊക്കത്തിലുള്ളമുള്ളുവേലികൾക്കപ്പുറം ഇരുകൈയും പൊക്കി അടയാളം പോലെ തുണി വീശിക്കാണിക്കുന്ന ഇരുണ്ടുമെലിഞ്ഞൊരു മനുഷ്യരൂപം ഇന്നും ഉള്ളു പൊള്ളിക്കുന്നുണ്ട്. വണ്ടി വഴിയോരത്തൊതുക്കി കയ്യിലുള്ള ഭക്ഷണമെല്ലാം പ്ലാസ്റ്റിക് 'കീസി'ലാക്കി ആയത്തിൽ വേലിക്കപ്പുറത്തേക്കു എറിഞ്ഞു കൊടുക്കുമ്പോൾ ഉപ്പയുടെ മനസ്സ് എന്തായിരിക്കും മന്ത്രിച്ചിരിക്കുക?
പ്രവാസത്തിന്റെ ആദ്യ നാളിൽ കൈവശമുള്ള ഡിഗ്രികൾ മാറ്റിവെക്കപ്പെട്ടു കൈക്കോട്ട് കയ്യിലേന്തി മരുഭൂമി കിളച്ച,പൊള്ളുന്ന നാളുകൾ തന്നെയാകും.
എറിയപ്പെട്ട ഭക്ഷണകിറ്റ് ഓടി എടുക്കും മുൻപ് ആ പ്രാകൃത മനുഷ്യരൂപം ഭാഷയില്ലാതെ വിളിച്ചു കൂവി പ്രകടിപ്പിച്ച ശബ്ദതരംഗങ്ങളാണ് പ്രപഞ്ചത്തിലെ ഏറ്റവും വലിയ സ്വരരാഗസുധ എന്ന് അന്ന് അനുഭവമായി. നിറഞ്ഞൊഴുകിയ കണ്ണുനീർ ഒതുക്കിയടക്കാൻ ഉപ്പ പ്രയാസപ്പെടുന്നത് കാരുണ്യവും സ്‌നേഹവും നിറയുന്നഹൃദയത്തോടെയാണന്ന് നോക്കിയിരുന്നത്. നിറവുകൾക്കിടയിലും ,ഏറെ ശ്രദ്ധയിലും സൂക്ഷ്മതയിലും ജീവിച്ചു കടന്നുപോയ ഉപ്പ തന്നെയാണ് ,ആർദ്രതകലർന്ന 'ശ്രദ്ധ 'യെന്ന പേരിൽ അറിഞ്ഞ കവിത. റമദാൻ മാനവികസ്‌നേഹത്തിന്റെ പരിശീലന നാളുകളാണ്.
അവനവനത്ര ഗൗരവമുള്ള കാര്യമല്ലെന്ന പാഠം എത്ര മാധുര്യത്തോടെയാണ് നോമ്പുനാളുകളിൽ അനുഭവിക്കാനാവുക. റമദാനേകുന്ന മഹദ് ദർശനങ്ങൾ യഥാർത്ഥ അർത്ഥത്തിൽ ഉൾകൊള്ളാനും ജീവിതത്തിലുടനീളംനെഞ്ചോടണക്കാനും നുകരാനും പകരാനും നമുക്കേവർക്കും സാധിക്കട്ടെ. കോവിഡിനെ തുടർന്നുള്ള സൂക്ഷ്മതയിലൂടെയും കർശന നിയന്ത്രണങ്ങളിലൂടെയും ആണ് ഇത്തവണയും റമദാൻ കടന്നുവരുന്നത്. മാനവരാശിയെ ഉലച്ച മുൻകരുതലിന്റെ നാളുകളിൽ എത്തുന്ന റമദാനെ ആരോഗ്യസുരക്ഷാ മാർഗനിർദേശങ്ങളിൽ സൂക്ഷ്മതയും 'ശ്രദ്ധയും 'ചെലുത്തി വരവേൽക്കാൻ കഴിയട്ടെ. സമാധാനപൂർണമായ നാളുകൾ വന്നണയാനും സ്‌നേഹാർദ്ര കരുതലുകൾ പ്രപഞ്ചത്തെ സ്വർഗീയമാക്കാനുംസഹായിക്കട്ടെ.
നേരുന്നു, കരുണാർദ്രമായ റമദാൻ
കരീം...