Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് വോട്ടിംഗിൽ  മോഡിയുടെ കള്ളക്കളികൾ  

രാഷ്ട്രീയ എതിരാളികളെ ഇടിച്ചുതാഴ്ത്തുന്നതിനുള്ള എല്ലാ തരം അടവുകളും ഗുജറാത്ത് തെരഞ്ഞെടുപ്പ് വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രയോഗിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ എന്ന പോലെയാണ് പ്രധാനമന്ത്രി പ്രചാരണത്തിനിറങ്ങിയത്. തന്റെ പ്രശസ്തി വാഴ്ത്തിപ്പാടി 182 അസംബ്ലി മണ്ഡലങ്ങളിലും മോഡി പ്രചാരണം നയിച്ചു. ഗുജറാത്തിലെ ജനങ്ങൾ ബിജെപി ഭരണത്തിൽ എത്രമാത്രം അസന്തുഷ്ടരാണ് എന്നതാണ് ഇതിലൂടെയൊക്കെ വ്യക്തമാകുന്നത്. 
2014 ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഉയർത്തിക്കാട്ടിയ ഗുജറാത്ത് മാതൃക വെറും പൊള്ളയാണെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ഗുജറാത്തിൽ ഇപ്പോൾ നടക്കുന്ന തെരഞ്ഞെടുപ്പ് മത്സരം ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന് ബി ജെ പിയെ അനുകൂലിക്കുന്ന മാധ്യമങ്ങൾ പോലും പറയുന്നു. ഇക്കുറി ബി ജെ പി ഗുജറാത്തിൽനിന്ന് തുടച്ചുമാറ്റപ്പെടുമെന്നും ചില മാധ്യമങ്ങൾ പറയുന്നു. ഇത് സംബന്ധിച്ച ഊഹാപോഹങ്ങൾ നടത്താതെ വോട്ടെണ്ണൽ വരെ നമുക്ക് കാത്തിരിക്കാം.
ചില കാര്യങ്ങൾ വളരെ ദൂരവ്യാപകമായ ഫലങ്ങളാണ് ഉളവാക്കുന്നത്. അധികാരം നിലനിർത്താൻ വികസനത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങളായിരിക്കും നടത്തുകയെന്നായിരുന്നു പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ബിജെപി പറഞ്ഞത്. എന്നാൽ 22 വർഷത്തെ ബിജെപി ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ശക്തമായപ്പോൾ യഥാർഥ സാമൂഹികസാമ്പത്തിക പ്രശ്‌നത്തിൽനിന്ന് വഴുതിമാറി മനുഷ്യന് ചിന്തിക്കാൻ കഴിയാത്തവിധം നിലവാരം താണ അവസ്ഥയിലേയ്ക്ക് പ്രചാരണം എത്തിപ്പെട്ടു. കുടുംബങ്ങളെ അധിക്ഷേപിച്ചും സ്വാതന്ത്ര്യസമരത്തിലെ പ്രമുഖ വ്യക്തികളെ       
അധിക്ഷേപിച്ചും എതിരാളികളെ തകർക്കുന്നതിന് സ്വകാര്യജീവിതവുമായി ബന്ധപ്പെട്ട സി ഡി കൾ പോലും പുറത്തിറക്കി. ക്ഷേത്രസന്ദർശനങ്ങളെ ചോദ്യം ചെയ്തു. ഇക്കാര്യത്തിനായി വ്യാജ സന്ദർശകരേഖയുണ്ടാക്കി. പ്രചാരണം നടത്തുന്നയാളിന്റെ മതവിശ്വാസത്തിനും ഗുജറാത്തിലെ ജനങ്ങൾക്കും തമ്മിൽ യാതൊരു ബന്ധവുമില്ല. എന്നാൽ മതത്തെ മറ്റെല്ലാത്തിനും ഉപരിയായി മാറ്റുന്ന നിലപാടുകളാണ് ബിജെപി സ്വീകരിച്ചത്.
ഹിന്ദുത്വം എന്നത് എല്ലാറ്റിനുമുള്ള അളവുകോലായി ബിജെപി ഉപയോഗിക്കുന്നു. എന്നാൽ ഈ ധ്രുവീകരണത്തെ നിരസിക്കുന്ന കാഴ്ചയാണ് ഇക്കുറി ഗുജറാത്തിലുണ്ടായത്. എതിരാളികൾക്കെതിരെ ബിജെപി മെനഞ്ഞ തന്ത്രങ്ങളെ അവർ തിരസ്‌കരിച്ചു. 
ഇത് ബിജെപി നേതൃത്വത്തെ കൂടുതൽ അങ്കലാപ്പിലാക്കി. ക്ഷത്രിയർ, ഹരിജനങ്ങൾ, ആദിവാസികൾ, ന്യൂനപക്ഷ കൂട്ടായ്മ എന്നിവരെ ഏകോപിപ്പിച്ചുവെന്ന പഴി പ്രതിപക്ഷത്തിന് മേൽ അവർ ആരോപിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ ഈ കൂട്ടായ്മ ഗുജറാത്തിലെങ്കിലും കോൺഗ്രസിനെ സഹായിച്ചിട്ടുണ്ട്. ബിജെപിക്കെതിരെയുള്ള കൂട്ടായ്മ ഇപ്പോൾ നാല് ജാതികളിലായി ഒതുങ്ങിനിൽക്കുന്നു. എന്നാൽ ജാതിയുടെ പേരിലല്ല, മറിച്ച് ജനങ്ങൾ ബിജെപി ഭരണത്തിൽ അസംതൃപ്തരാണ്. സാമ്പത്തികമായും സാമൂഹികമായും അവർ ചൂഷണം ചെയ്യപ്പെട്ടു. മുൻകാലങ്ങളിലില്ലാത്തവിധമുള്ള കഷ്ടപ്പാടുകളാണ് കഴിഞ്ഞ നാല് വർഷത്തെ മോഡി സർക്കാരിന്റെ ഭരണം കർഷകർ, കച്ചവടക്കാർ, തൊഴിലാളികൾ, യുവാക്കൾ, സ്ത്രീകൾ, പാവപ്പെട്ടവർ എന്നിവർക്ക് സമ്മാനിച്ചത്.
രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കുന്നതിന് ഭരണസംവിധാനത്തെത്തന്നെ നാണംകെട്ട വിധത്തിൽ ബിജെപി ഉപയോഗിച്ചു. വോട്ട് നേടിയെടുക്കുന്നതിനായി ഭരണയന്ത്രത്തെ ഉപയോഗിച്ചതായ വ്യക്തമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എതിരാളികളുടെ പ്രചാരണത്തെ തടസപ്പെടുത്തുന്നതിനുള്ള എല്ലാ ശ്രമങ്ങളും ബിജെപിയുടെ ഭാഗത്തുനിന്നുമുണ്ടായി. ഈ സാഹചര്യത്തിലാണ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട സംശയം ജനങ്ങൾ ഉയർത്തുന്നത്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് മാത്രമാണ് പ്രതീക്ഷ നൽകുന്നതെന്ന് ചിലർ പറയുന്നു.
ഉത്തർപ്രദേശിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിൽ വിജയിച്ച 14 മേയർമാരെ ഗുജറാത്തിൽ പ്രചാരണം നടത്താനായി ബിജെപി നിയോഗിച്ചു. 
ഇവിടെയാണ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ക്രമക്കേടുകൾ സംബന്ധിച്ച സംശയം ബലപ്പെടുന്നത്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ച കോർപറേഷനുകളിലാണ് ബിജെപി യുപിയിൽ വിജയിച്ചത്. എന്നാൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച നഗരപാലികകളിലും നഗരപഞ്ചായത്തുകളിലും ബിജെപിക്ക് വിജയം നേടാൻ കഴിഞ്ഞില്ല. ഗ്രാമപ്രദേശങ്ങളിൽ കേവലം 15 ശതമാനം വോട്ടുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്. മറ്റുള്ള വോട്ടുകൾ പ്രതിപക്ഷ പാർട്ടികൾക്കും സ്വതന്ത്രർക്കുമാണ് കിട്ടിയത്. അതായത് മോഡി സർക്കാരിനെതിരെ ഗുജറാത്തിലെ ജനങ്ങൾ മാത്രമല്ല, രാജ്യത്താകമാനം പ്രതിഷേധം ഉയരുന്നുവെന്നാണ്.
ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രവുമായി ബന്ധപ്പെട്ട സംശയങ്ങൾ നേരത്തേയും ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്ര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പുകളിലും വോട്ടിങ് യന്ത്രങ്ങളിലെ ക്രമക്കേടുകൾ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി കേസുകൾ കോടതിയുടെ പരിഗണനയിലാണ്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചിരുന്ന ഭൂരിഭാഗം വോട്ടിങ് കേന്ദ്രങ്ങളിലും ഇപ്പോഴത് നിരോധിച്ചു. ബാലറ്റ് പേപ്പർ സംവിധാനം അവിടങ്ങളിൽ തിരിച്ചുവന്നു.
ഈ സാഹചര്യത്തിൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ സംവിധാനം തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം എല്ലാ രാഷ്ട്രീയ പാർട്ടികളും സംയുക്തമായി ആവശ്യപ്പെടുകയാണ് വേണ്ടത്. 

Latest News