സംസ്ഥാന സർക്കാരിലെ പ്രമുഖ ഘടകകക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ശീതസമരത്തിന്റെ ഒരു രംഗം മാത്രമാണല്ലോ ഈ നീലക്കുറിഞ്ഞി വിവാദവും. വനം, പരിസ്ഥിതി തുടങ്ങിയവയുടെ സംരക്ഷണ കുത്തക തങ്ങൾക്ക്, കയ്യേറ്റക്കാർക്ക് സംരക്ഷണം നൽകുന്നത് സി.പി.എം എന്ന് വരുത്തിത്തീർക്കാനുള്ള ഒരു ശ്രമം ഈ വിവാദങ്ങൾക്കിടയിൽ സി.പി.ഐ ബോധപൂർവം നടത്തുന്നത് കാണാനുണ്ട്. എന്നാൽ കാര്യത്തോടടുക്കുമ്പോൾ അവരുടെയും കയ്യേറ്റ വിരുദ്ധതയുടെ തനിനിറം വെളിയിൽ വരും.
പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന ചെടിയാണ് നീലക്കുറിഞ്ഞികൾ, കേരളത്തിൽ ഇടുക്കി ജില്ലയിലെ കൊട്ടക്കമ്പൂർ, വട്ടവട തുടങ്ങിയ പ്രദേശങ്ങളെ നീലമയമാക്കുന്ന ചെടികൾ. 12 വർഷത്തിലൊരിക്കലേ പൂക്കുകയുള്ളുവെങ്കിലും പല ചെടികൾ പല വർഷങ്ങളിൽ പൂക്കുമെന്നതിനാൽ എല്ലാ വർഷവും പ്രത്യേക സീസണിൽ നീലക്കുറിഞ്ഞി മലകൾ പുഷ്പിക്കും.
ലോകത്തുതന്നെ പ്രകൃതിയുടെ മനോഹര വരദാനങ്ങളിലൊന്നായ ഈ നീലക്കുറിഞ്ഞിമലകൾ വർഷം കഴിയുന്തോറും ശുഷ്‌കിച്ചുവരികയാണ്. സർക്കാർ വനപ്രദേശമായ ഈ സ്ഥലങ്ങളിൽ വർധിച്ചുവരുന്ന കയ്യേറ്റം തന്നെ കാരണം. കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് ഒരുഭാഗത്ത് പരിസ്ഥിതി വാദികൾ പറയുമ്പോൾ, കുടിയേറ്റ കർഷകരുടെ അധ്വാനത്തിന്റെയും വിയർപ്പിന്റെയും വിലയെക്കുറിച്ചുള്ള മുറവിളികൾ മറുഭാഗത്ത് ഉയരും. അങ്ങനെ ഒരു തീരുമാനമാകാതെ തുടരുന്നു ഈ വിഷയം.
കഴിഞ്ഞ ദിവസം സംസ്ഥാന മന്ത്രിമാരുടെ ഒരു സംഘം നീലക്കുറിഞ്ഞി മേഖലകൾ സന്ദർശിച്ചത് തീരുമാനമാകാതെ തുടരുന്ന ഈ നാടകത്തിലെ ഒരു രംഗമായി മാറി. കൊട്ടക്കമ്പൂർ, വട്ടവട മേഖലകളിലെ കയ്യേറ്റം കണ്ടെത്താനും നീലക്കുറിഞ്ഞി മല സംരക്ഷിക്കാനുമാണ് മന്ത്രി സംഘത്തിന്റെ സന്ദർശനമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ സന്ദർശന വേളയിൽ മന്ത്രിമാരുടെ പ്രസ്താവന ഫലത്തിൽ കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതായി.
സി.പി.ഐക്കാരായ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും, വനം മന്ത്രി കെ. രാജുവും സി.പി.എമ്മുകാരനും ഇടുക്കി ജില്ലക്കാരനുമായ വൈദ്യുതി മന്ത്രി എം.എം മണിയുമാണ് സംഘത്തിലുണ്ടായിരുന്നത്. മല കയറിയ മന്ത്രി സംഘം എവിടെയും കയ്യേറ്റം കണ്ടതായി പറഞ്ഞില്ല. കയ്യേറ്റം നടത്തിയതായി സർക്കാരും കോടതിയും കണ്ടെത്തിയ ഇടുക്കി എം.പി. ജോയ്‌സ് ജോർജിന്റെ കയ്യേറ്റ ഭൂമിയിലേക്ക് സംഘം പോയതുമില്ല. കൈവശ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഉള്ളവരെ ഒഴിപ്പിക്കില്ലെന്നാണ് മന്ത്രി ചന്ദ്രശേഖരൻ പറഞ്ഞത്. രേഖകൾ റവന്യൂ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജരാക്കി നിജസ്ഥിതി ഉറപ്പുവരുത്തണം, അതിന് വനമേഖലയിലെ ഭൂവുടമകൾ സഹകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ജനങ്ങൾ എത്രത്തോളം സഹകരിക്കുമെന്ന് കാത്തിരുന്ന് കാണാം.
നീലക്കുറിഞ്ഞി മേഖലയിൽ ആരും വനം കയ്യേറിയിട്ടില്ലെന്ന കാര്യത്തിൽ സംഘാംഗമായ മന്ത്രി എം.എം. മണിക്ക് യാതൊരു സംശയവുമില്ല. വർഷങ്ങളായി അവിടെ കൃഷി നടത്തുന്നവർക്കെല്ലാം ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളുണ്ടെന്നും, അവരെ ഒഴിപ്പിക്കാൻ നോക്കിയാൽ കയ്യും കെട്ടി നോക്കിയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മണിയും അദ്ദേഹത്തിന്റെ സഹോദരന്മാരും ഈ മേഖലയിൽ ഏക്കറുകണക്കിന് വനഭൂമി കയ്യേറിയിട്ടുണ്ടെന്ന് നേരത്തെതന്നെ ആരോപണമുള്ളതാണ്. ഇടുക്കി ജില്ലയിലെ ജനങ്ങളിൽ ഭൂരിഭാഗവും കുടിയേറ്റ കർഷകരായതിനാൽ അവിടെ അദ്ദേഹം ജനകീയ നേതാവുമാണ്. ആ മണിയെ മന്ത്രിതല സംഘത്തിൽ ഉൾപ്പെടുത്തിയപ്പോൾതന്നെ സംഘത്തിന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയമുണ്ടായിരുന്നു.
സംസ്ഥാന സർക്കാരിലെ പ്രമുഖ ഘടകകക്ഷികളായ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ശീതസമരത്തിന്റെ ഒരു രംഗം മാത്രമാണല്ലോ ഈ നീലക്കുറിഞ്ഞി വിവാദവും. വനം, പരിസ്ഥിതി തുടങ്ങിയവയുടെ സംരക്ഷണ കുത്തക തങ്ങൾക്ക്, കയ്യേറ്റക്കാർക്ക് സംരക്ഷണം നൽകുന്നത് സി.പി.എം എന്ന് വരുത്തിത്തീർക്കാനുള്ള ഒരു ശ്രമം ഈ വിവാദങ്ങൾക്കിടയിൽ സി.പി.ഐ ബോധപൂർവം നടത്തുന്നത് കാണാനുണ്ട്. എന്നാൽ കാര്യത്തോടടുക്കുമ്പോൾ അവരുടെയും കയ്യേറ്റ വിരുദ്ധതയുടെ തനിനിറം വെളിയിൽ വരും. മുമ്പ് വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ കയ്യേറ്റം ഒഴിപ്പിക്കാൻ മൂന്നാർ മല കയറിയ പൂച്ചകളെ എറിഞ്ഞോടിക്കാൻ മുന്നിലുണ്ടായിരുന്നത് ഈ സി.പി.ഐക്കാരാണ്. മൂന്നാറിലെ സി.പി.ഐ ഓഫീസായി പ്രവർത്തിക്കുന്ന ലോഡ്ജ് കെട്ടിടം കയ്യേറ്റ ഭൂമിയിലാണെന്ന് കണ്ടെത്തി ഇടിച്ചുനിരത്താൻ ദൗത്യ സംഘം തലവൻ സുരേഷ് കുമാർ ബുൾഡോസറുമായി ചെന്നപ്പോൾ എന്തായിരുന്നു സി.പി.ഐ നേതാക്കളുടെ പ്രതികരണം. പാർട്ടി ഓഫീസ് പൊളിക്കാൻ വരുന്നവന്റെ കൈ വെട്ടുമെന്നാണ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായിരുന്ന കെ.ഇ. ഇസ്മായിൽ പറഞ്ഞത്. കോട്ടിട്ടയാൾക്കും അതിനുമുകളിലുള്ളയാൾക്കും (വി.എസ്) താക്കീത് നൽകുകയായിരുന്നു സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ.
രാജഭരണ കാലത്ത് ലഭിച്ച ചെമ്പുപട്ടയമുള്ള സ്ഥലത്താണ് മൂന്നാറിലെ സി.പി.ഐ ഓഫീസ് ഇരിക്കുന്നതെന്നായിരുന്നു ഇടുക്കിയിലെ മുതിർന്ന പാർട്ടി നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സി.എ കുര്യന്റെ വാദം. പട്ടയമുള്ള സ്ഥലത്തിന് സമീപമുള്ള സ്ഥലം കയ്യേറിയാണ് പാർട്ടി ഓഫീസ് അടങ്ങുന്ന ലോഡ്ജ് കെട്ടിടം പണിഞ്ഞിരിക്കുന്നതെന്ന് കണ്ടെത്തിയാണ് അന്ന് സുരേഷ് കുമാർ കെട്ടിടം പൊളിക്കാൻ പോയത്. പക്ഷെ അത് നടന്നില്ല. പൂച്ചകൾ വാലു ചുരുട്ടി തല താഴ്ത്തി മലയിറങ്ങുന്നതാണ് പിന്നീട് കണ്ടത്.
വാസ്തവത്തിൽ ഇടുക്കിയിലെ കയ്യേറ്റത്തിന്റെയെല്ലാം ഒരു പൊതുസ്വഭാവം ഇതാണ്. കുറച്ചു സ്ഥലത്തിന് ഉടമസ്ഥാവകാശ രേഖ കാണും. അതിനോടു ചേർന്നുള്ള പുറമ്പോക്ക് ഭൂമിയോ, വനഭൂമിയോ കുറേശ്ശെയായി കയ്യേറും. അങ്ങനെയാണ് പലരും വർഷങ്ങളും പതിറ്റാണ്ടുകളുമായി 'രേഖകളുള്ള' ഭൂവുടമകളായി കഴിയുന്നത്. ഇതിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. ഞങ്ങൾക്കതിൽ പങ്കില്ലെന്ന് പറയാൻ ഇടുക്കി ജില്ലയിൽ ഒരു പാർട്ടിക്കാരനും കഴിയില്ല. ഏതെങ്കിലുമൊരു കാലത്ത് സർക്കാരിനെ സ്വാധീനിച്ച് ഈ കയ്യേറ്റ ഭൂമിക്കും ഉടമസ്ഥാവകാശം സംഘടിപ്പിക്കാമെന്ന് അവർക്കറിയാം. അങ്ങനെ കാലാകാലങ്ങളായി കയ്യേറ്റ ഭൂമിക്ക് അവർ രേഖകൾ സംഘടിപ്പിച്ചിട്ടുമുണ്ട്.
കയ്യേറ്റത്തിന് വളഞ്ഞ വഴികൾ വേറെയുമുണ്ട്. വൻകിടക്കാർ പ്രയോഗിക്കുന്ന തന്ത്രങ്ങൾ. സ്വന്തമായി ഭൂമിയില്ലാത്ത പാവപ്പെട്ടവരുടെയോ, ആദിവാസികളുടെയോ പേരിൽ കുറച്ചു സ്ഥലത്തിന് പട്ടയം സംഘടിപ്പിക്കുക. സർക്കാർ ഇടക്കിടെ നടത്തുന്ന പട്ടയമേള നാടകങ്ങളിലൂടെയാണിത് നടപ്പാക്കുക. വൻകിടക്കാരുടെ ബിനാമികളാവും ഇങ്ങനെ പട്ടയം കിട്ടുന്നവരിൽ അധികവും. പലതും വ്യാജ മേൽവിലാസങ്ങളുമാവും. പട്ടയം കിട്ടിക്കഴിഞ്ഞാൽ അവ വൻകിടക്കാരുടെ പേരിലേക്ക് വിലയാധാരമായി എഴുതിവാങ്ങും. അപ്പൊ പിന്നെ എല്ലാം 'നിയമാനുസൃത'മായല്ലോ.
സർക്കാർ രേഖകളിൽ ഇല്ലാത്ത ഉടമസ്ഥാവകാശം ഉള്ളവരുമുണ്ട്. ഉദ്യോഗസ്ഥർ സ്വന്തം നിലയിൽ നൽകുന്ന വ്യാജ പട്ടയങ്ങളാണത്. കുപ്രസിദ്ധമായ 'രവീന്ദ്രൻ പട്ടയം' പോലെ.
ഇങ്ങനെ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ മാർഗങ്ങളിലൂടെ ഭൂവുടമകളായവരാണ് ഇടുക്കി ജില്ലയിലെ ഭൂരിഭാഗം പേരുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്. സർക്കാർ ചിക്കിച്ചികഞ്ഞുപോയാൽ സ്ഥലം ഉപേക്ഷിച്ച് ആളുകൾക്ക് മലയിറങ്ങേണ്ടിവരും. ഇതൊന്നുമറിയാത്തവരല്ല, കേരളത്തിലെ രാഷ്ട്രീയക്കാരും നീലക്കുറിഞ്ഞി കാണാൻ പോയ മന്ത്രിമാരും. അതുകൊണ്ടുതന്നെ ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളുള്ള കർഷകർക്ക് ഒരു പേടിയും വേണ്ട, എന്ന മന്ത്രിയുടെ വാക്കുകൾ കയ്യേറ്റക്കാർക്ക് ഒരു പേടിയും വേണ്ടെന്ന് വായിക്കുന്നതാവും ഉചിതം.