ബിറ്റ്കോയിന്‍ സമ്പാദ്യം കണ്ണുനീരില്‍ ഒടുങ്ങുമെന്ന് സാമ്പത്തിക വിദഗ്ധന്‍
ദുബായ്- ഡിജിറ്റല്‍ സാമ്പത്തിക രംഗത്ത് കുതിച്ചുയരുന്ന പ്രതീകാത്മക ക്രിപ്റ്റോകറന്‍സിയായ ബിറ്റ്കോയിന്‍ സമ്പാദിച്ചവര്‍ ഒരു പക്ഷേ ഒടുവില്‍ കണ്ണീരൊലിപ്പേക്കണ്ടി വരുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും നൊബേല്‍ ജേതാവുമായ ജോസഫ് സ്റ്റിഗ്ലിറ്റിസ്.
ഒരു സാമൂഹിക മൂല്യവുമില്ലാത്ത ബിറ്റ്കോയിന്‍ വാരിക്കൂട്ടാന്‍ ചാടിയിറങ്ങുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിത്. ദുബായില്‍ നടന്നു വരുന്ന അറബ് സ്റ്റ്രാറ്റജി ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീര്‍ച്ചയായും ചിലര്‍ ബിറ്റ്കോയിനില്‍ നിന്ന് സമ്പാദ്യമുണ്ടാക്കും. എന്നാല്‍ നിശ്ചിത എണ്ണത്തില്‍ നിന്ന് ബിറ്റ്കോയിന്‍ മൈന്‍ ചെയ്തെടുക്കുക എന്ന ആശയം കൃത്രിമ ക്ഷാമമാണ് സൃഷ്ടിക്കുന്നത്. ഈ കൃത്രിമ ക്ഷാമമാണ് ബിറ്റ്കോയിനിന്റെ മൂല്യം അകാരണമായും യുക്തിസഹമല്ലാത്ത തലത്തിലേക്കും ഉയര്‍ത്തുന്നത്- അദ്ദേഹം പറഞ്ഞു.
ബിറ്റ്കോയിന്‍ മൂല്യം 17,000 യുഎസ് ഡോളര്‍ കടന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇത് 20,000 ഡോളറിലെത്തുമെന്നാണ് പ്രവചനം. ഈ അസ്ഥിരമായ സാഹചര്യത്തില്‍ ചിലര്‍ ലാഭം ഉണ്ടാക്കുമെങ്കിലും ശരാശരിക്കാരെല്ലാം നഷ്ടം സഹിക്കേണ്ടി വന്നേക്കാം- സ്റ്റിഗ്ലിറ്റ്സ് ചൂണ്ടിക്കാട്ടുന്നു.
കൈമാറ്റത്തിലൂടെയാണ് ബിറ്റ്കോയിന്‍ സമ്പാദ്യം വര്‍ധിപ്പിക്കുന്നത്. ഇതിന്റെ സ്രോതസ്സും രഹസ്യ സ്വഭാവത്തിലുള്ളതാണ്. ജനങ്ങള്‍ ബിറ്റ്കോയിന്‍ ഉപയോഗിച്ചു തുടങ്ങുമ്പോള്‍ സര്‍ക്കാരുകള്‍ക്ക് ഇതു നിയന്ത്രിക്കേണ്ടി വരും. ബിറ്റ്കോയിന്‍ വാങ്ങാന്‍ ഉപയോഗിച്ച സമ്പാദ്യത്തിന്റെ സ്രോതസ്സുകളും സര്‍ക്കാര്‍ ചോദിക്കുന്ന സാഹചര്യമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.