കൊച്ചി - മലയാളി മനഃസാക്ഷിയെ നടുക്കിയ പെരുമ്പാവൂർ ജിഷവധക്കേസിൽ വിധി നാളെ പ്രഖ്യാപിക്കും. പ്രതിയുടെ അഭിഭാഷകന്‍ അഡ്വ. ആളൂരിന്‍റെ വാദം നീണ്ടു പോയതാണ് ശിക്ഷാവിധി നാളത്തേക്ക് മാറ്റിവെക്കാന്‍ കാരണം. നാളെ രാവിലെ പതിനൊന്ന് മണിയോടെ വിധി പ്രഖ്യാപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എൻ അനിൽകുമാറാണ് കേസില്‍ ശിക്ഷ വിധിക്കുന്നത്.
പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ബലാത്സംഗം, കൊലപാതകം അടക്കം പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിഞ്ഞതായി വിധിയിൽ വ്യക്തമാക്കി. പരമാവധി ശിക്ഷവരെ ലഭിക്കുന്ന കുറ്റം ചെയ്തതായാണ് കണ്ടെത്തൽ.
കൊലപാതകം നടത്തണമെന്ന ഉദ്ദേശ്യത്തോടെ വീട്ടിൽ അതിക്രമിച്ചു കയറൽ (ഐപിസി 449), രക്ഷപ്പെടാൻ സാധിക്കാത്തവിധം തടഞ്ഞുവയ്ക്കൽ (342), ബലാത്സംഗം (376), സാധാരണരീതിയിലുള്ള ബലാത്സംഗമല്ലാതെ ആയുധം ഗുഹ്യഭാഗത്ത് കുത്തിക്കയറ്റി മരണതുല്യമാക്കൽ (376 എ), കൊലപാതകം (302) എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. കുറ്റപത്രത്തിൽ ചുമത്തിയ തെളിവുനശിപ്പിക്കൽ, പട്ടികജാതി-വർഗ പീഡന നിയമം എന്നിവ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി.താൻ കുറ്റക്കാരനല്ലെന്നും താൻ കൊന്നിട്ടില്ല, തന്നെ നിർബന്ധിച്ച് പൊലീസ് കൊണ്ടുവന്നതാണ് എന്ന് അമീറുൽ ഇസ്ലാം ആവർത്തിച്ചു. അതിനിടെ, കേസില്‍ തുടരന്വേഷണം വേണമെന്ന പ്രതിയുടെ വാദം കോടതി തള്ളി.
പ്രതി അമിതമായ ലൈംഗികാസക്തിയോടെ ജിഷയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും അതിനെ ചെറുത്തപ്പോൾ കൈയിൽ കരുതിയ ആയുധം ഉപയോഗിച്ച് അതിക്രൂരമായി വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ചശേഷം ബലാത്സംഗം ചെയ്‌തെന്നും തുടർന്ന് കൊല നടത്തിയെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും രാസപരിശോധനാ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഡിഎൻഎ പരിശോധനാഫലം അടക്കമുള്ള തെളിവുകൾ പ്രതി കുറ്റക്കാരനെന്ന് സമർഥിക്കാൻ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു. ബുധനാഴ്ച പ്രതിക്ക് നൽകേണ്ട ശിക്ഷയെക്കുറിച്ച് പ്രോസിക്യൂഷനും പ്രതിഭാഗവും വാദം നടത്തും. തുടർന്ന് ഉച്ചയ്ക്കുശേഷമാകും വിധി പറയുക.
ജിഷയുടെ നഖത്തിനിടയിൽനിന്നും ചുരിദാറിലെ ഉമിനീരിൽനിന്നും വേർതിരിച്ചെടുത്ത പ്രതിയുടെ ഡിഎൻഎ, ചുരിദാർ പാന്റ്‌സിലെ രക്തക്കറയിലെ പ്രതിയുടെ ഡിഎൻഎ, ജിഷയുടെ വീടിനു പിൻവശത്തെ വാതിലിലെ രക്തക്കറയിലെ പ്രതിയുടെ ഡിഎൻഎ, പ്രതിയുടെ ചെരിപ്പിൽനിന്ന് കണ്ടെത്തിയ ജിഷയുടെ ഡിഎൻഎ, ഈ ചെരിപ്പിനടിയിൽനിന്ന് കണ്ടെത്തിയ മണ്ണിന് ജിഷയുടെ വീടിനു സമീപത്തെ മണ്ണിനോടുള്ള സാദൃശ്യം, കുറ്റകൃത്യത്തിനുശേഷം പോകവെ അമീറിനെ കണ്ട ജിഷയുടെ അയൽവാസി പ്രതിയെ തിരിച്ചറിഞ്ഞത് തുടങ്ങി പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളാണ് ദൃക്‌സാക്ഷികളില്ലാതിരുന്ന കേസിൽനിർണായകമായത്.
അടച്ചിട്ട മുറിയിൽ 76 ദിവസമാണ് പ്രോസിക്യൂഷൻ വാദം നടന്നത്. അന്വേഷണസംഘാംഗങ്ങൾ, പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ, ഫോറൻസിക്, ഡിഎൻഎ വിദഗ്ധർ എന്നിവർ ഉൾപ്പെടെ 100 സാക്ഷികളെ വിസ്തരിച്ചു. 290 രേഖകൾ ഹാജരാക്കി. 36 തൊണ്ടിമുതലും പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. രണ്ടുദിവസം കോടതി അമീറുളിനെ വിചാരണചെയ്തു. 923 ചോദ്യങ്ങൾ കോടതി ചോദിച്ചു. എട്ടു ദിവസം അന്തിമവാദം നടത്തിയശേഷമാണ് കോടതി പ്രതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. കെട്ടിച്ചമയ്ക്കലുകളും കൃത്രിമങ്ങളും കാണിക്കാതെ കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച അന്വേഷണസംഘത്തെ കോടതി അഭിനന്ദിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് പ്രോസിക്യൂട്ടർ പി രാധാകൃഷ്ണൻ, അഡ്വ. എൻ യു ഹരികൃഷ്ണ, അഡ്വ. സഹീർ അഹമ്മദ് എന്നിവരും പ്രതിക്കുവേണ്ടി അഡ്വ. ബി എ ആളൂരും ഹാജരായി.
2016 ഏപ്രിൽ 28നാണ് ഇരിങ്ങോൾ വട്ടോളിപ്പടി കുറ്റിക്കാട്ടു വീട്ടിൽ രാജേശ്വരിയുടെ മകൾ ജിഷാമോൾ (30) ക്രൂരമായ ബലാത്സംഗത്തിനുശേഷം കൊല്ലപ്പെട്ടത്. ജൂൺ 16നാണ് അമീറുൾ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്ന് പിടിയിലായത്. സെപ്തംബർ 17ന് കുറ്റപത്രം സമർപ്പിച്ചു.
ശാസ്ത്രീയ തെളിവുകൾ
ആരും നേരിട്ടു കാണാത്ത സംഭവത്തിൽ പ്രതിയുടെ പങ്ക് തെളിയിക്കാനായത് ശാസ്ത്രീയ തെളിവുകളുടെ പിൻബലത്തിൽ. ശാസ്ത്രീയ അന്വേഷണത്തിൽ കേരള പൊലീസിന്റെ മികവും കഴിവുംകൂടിയാണ് കോടതി അംഗീകരിച്ചത്.
കോടതി അംഗീകരിച്ച നിർണായക തെളിവുകൾ
1. ജിഷയുടെ നെയിൽ ക്ലിപ്പിങ്ങിൽനിന്ന് പ്രതിയുടെ ഡിഎൻഎ തിരിച്ചറിഞ്ഞു.
2. ചുരിദാർ ടോപ്പിൽനിന്നു കണ്ടെത്തിയ ഉമിനീരിൽനിന്നും പ്രതിയുടെ ഡിഎൻഎ കണ്ടെത്തി.
3. ചുരിദാർ സ്ലീവിലെ രക്തക്കറയിൽനിന്ന് ഡിഎൻഎ കണ്ടെത്താനായി.
4. ജിഷയുടെ വീടിന്റെ പടിഞ്ഞാറുഭാഗത്ത് പുറത്തേക്കുള്ള വാതിൽപ്പടിയിൽനിന്നു കണ്ടെത്തിയ രക്തക്കറയിൽനിന്ന് പ്രതിയുടെ ഡിഎൻഎ വേർതിരിച്ചെടുത്തു.
5. പ്രതിയെ പരിശോധിച്ചസമയം വലതുകൈവിരലിൽ കണ്ട മുറിവ് പെൺകുട്ടിയുടെ വായ് പൊത്തിപ്പിടിച്ചപ്പോൾ കടിച്ചതാണെന്ന് ഡോക്ടറോട് പ്രതി മൊഴി നൽകി.
6. കൃത്യത്തിന് ഉപയോഗിച്ച പ്രതിയുടെ കത്തിയിൽ കണ്ട രക്തക്കറയിൽനിന്ന് ജിഷയുടെ ഡിഎൻഎ കണ്ടെത്തി.
7. പ്രതിയുടെ ചെരിപ്പിൽനിന്ന് ജിഷയുടെ ഡിഎൻഎ കണ്ടെത്തി.
8. പ്രതിയുടെ ചെരിപ്പിൽ കണ്ടെത്തിയ മണലിന് ജിഷയുടെ വീടിന്റെ പുറകുവശത്തുള്ള മണലിനോട് സാദൃശ്യമുണ്ടായിരുന്നു.
9. കുറ്റകൃത്യത്തിനുശേഷം പ്രതി ജിഷയുടെ വീടിന്റെ പടിഞ്ഞാറു ഭാഗത്തുള്ള വട്ടമരത്തിൽ പിടിച്ച് കനാലിലേക്ക് ഇറങ്ങുന്നതു കണ്ട സമീപവാസി ശ്രീലേഖ മൊഴി നൽകിയിരുന്നു. തുടർന്ന് തിരിച്ചറിയൽ പരേഡിൽ ശ്രീലേഖ പ്രതിയെ തിരിച്ചറിയുകയും ചെയ്തു.
10. ജിഷയുടെ വീടിന്റെ പിൻഭാഗത്തുനിന്നു കണ്ടെടുത്ത ബീഡിയും സിഗരറ്റ് ലൈറ്ററും പ്രതിയുടേതാണെന്ന് കൂട്ടുകാർ മൊഴി നൽകി.
ജിഷ കേസ്, നാൾ വഴി
2016 ഏപ്രിൽ 28: പെരുമ്പാവൂരിനു സമീപം ഇരിങ്ങോൾ കനാൽ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
2016 ഏപ്രിൽ 29: മൃതദേഹം പോസ്റ്റ് മോർട്ടം നടത്തി.
2016 ഏപ്രിൽ 30: പെരുമ്പാവൂർ ഡിവൈഎസ്പി അനിൽകുമാറിൻറെ നേതൃത്വത്തിൽ കേസ് അന്വേഷണം.
2016 ഏപ്രിൽ 31: നടന്നത് ക്രൂരമായ ബലാത്സംഗമാണെന്ന വിവരം ജിഷയുടെ സുഹൃത്തുക്കളിലേക്ക്.
2016 മെയ് 1- 3: ജിഷയുടെ കൊലപാതകം ഡെൽഹി സംഭവത്തിനു സമാനമെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം.
2016 മെയ് 4: പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. നടന്നത് ക്രൂരവും പൈശാചികവുമെന്ന് വിവരം.
- ഡിവൈഎസ്പി അനിൽകുമാറിനെ അന്വേഷണത്തിൽ നിന്നും മാറ്റി നിർത്തി.
2016 മെയ് 9: സംഭവം പാർലമെൻറിൽ. സിബിഐ അന്വേഷണത്തിനു ശുപാർശ.
2016 മെയ് 10: ജിഷയുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം.
2016 മെയ് 14: ജിഷയുടെ വസ്ത്രത്തിൽ നിന്നും പ്രതിയുടെ ഡിഎൻഎ ലഭിച്ചു.
2016 മെയ് 26: എഡിജിപി ബി. സന്ധ്യ അന്വേഷണം ഏറ്റെടുക്കുന്നു.
2016 ജൂൺ 2: പ്രതിയെന്ന് സംശയിക്കുന്നയാളുടെ പുതിയ രേഖാചിത്രം പുറത്തുവിട്ടു.
2016 ജൂൺ 16: കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തി.
2016 ജൂൺ 17: അസം സ്വദേശി അമീറുൾ ഇസ്ലാമിൻറെ അറസ്റ്റ് രേഖപ്പെടുത്തുന്നു.
2016 സെപ്റ്റംബർ 17: കേസിൻറെ കുറ്റപത്രം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ.
2017 ഏപ്രിൽ 13: അടച്ചിട്ട കോടതിയിൽ വിചാരണ.
2017 നവംബർ 9: ജിഷയുടെ പിതാവ് വഴിയില് കുഴഞ്ഞുവീണ് മരിച്ചു
2017 ഡിസംബർ 12: അമീറുൾ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി.
2017 ഡിസംബർ 13: ശിക്ഷാവിധി നാളത്തേക്ക് മാറ്റിവെച്ചു