ആലപ്പുഴ- ബ്രിട്ടീഷ് യുവതിയെ ആലപ്പുഴയിൽ ഹൗസ് ബോട്ടിനകത്തു വച്ചു മസാജ് ചെയ്യുന്നതിനിടെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല പട്ടണക്കാട് സ്വദേശി കൊച്ചുപറമ്പിൽ ആഞ്ചലോസ് (38) ആണ് പിടിയിലായത്. മസാജ് കേന്ദ്രം അന്വേഷിച്ചു നടക്കുന്നതിനിടെ മസാജ് ചെയ്യാനറിയാമെന്ന് പറഞ്ഞ് ബ്രിട്ടീഷ് യുവതിയെ ആഞ്ചലോസ് ഹൗസ് ബോട്ടിലെത്തിച്ചതായിരുന്നു. മസാജ് ചെയ്യുന്നതിനിടെ മോശമായി പെരുമാറിയതോടെ യുവതി അപകടം മണക്കുകയും ഉടൻ തന്നെ ബോട്ട് കരയ്ക്കടുപ്പിച്ച് താമസിക്കുന്ന റിസോർട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. റിസോർട്ട് അധികൃതർ പോലീസിനും വിവരം നൽകി.
ഇതിനിടെ യുവതി ബ്രീട്ടീഷ് എംബസിലും വിവരമറിയിച്ചിരുന്നു. ഇതോടെ കേന്ദ്ര ടൂറിസം മന്ത്രിയുടെ ഓഫീസിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലും വിവരമെത്തുകയും ഇതു പ്രകാരം ജില്ലാ കളക്ടറോട് നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തി. ഇതിനിടെ സ്ഥലത്തെത്തിയ പോലീസ് ഹൗസ് ബോട്ടിലെ മൂന്ന് ജീവനക്കാരേയും ചോദ്യം ചെയ്തു. ശേഷം ആഞ്ചലോസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.