Sorry, you need to enable JavaScript to visit this website.

ആണവ ശേഷി ആർജിക്കുന്ന ഇറാനെ നേരിടാൻ  ഒരുക്കങ്ങൾ നടത്തണം -തുർക്കി അൽഫൈസൽ

റിയാദ് - ഇറാൻ ആണവ ശേഷി ആർജിക്കൽ അടക്കം ഏതു വെല്ലുവിളികളും നേരിടാൻ ഗൾഫ് രാജ്യങ്ങൾ ഒരുക്കങ്ങൾ നടത്തണമെന്ന് മുൻ സൗദി രഹസ്യാന്വേഷണ ഏജൻസി മേധാവിയും അമേരിക്കയിലെ മുൻ സൗദി അംബാസഡറും കിംഗ് ഫൈസൽ റിസേർച്ച് ആന്റ് ഇസ്‌ലാമിക് സ്റ്റഡീസ് സെന്റർ ഡയറക്ടർ ബോർഡ് ചെയർമാനുമായ തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു. ബഹ്‌റൈനിലെ അൽബിലാദ് പത്രം വെർച്വൽ രീതിയിൽ സംഘടിപ്പിച്ച അറബ് ഫോറത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തുർക്കി അൽഫൈസൽ രാജകുമാരൻ. അറബ് ലോകത്തെ 60 ലേറെ നേതാക്കൾ ഫോറത്തിൽ പങ്കെടുത്തു. മേഖലയിൽ ഗുണ്ടാ നയമാണ് ഇറാൻ പയറ്റുന്നത്. അയൽ രാജ്യങ്ങളായ ഗൾഫ് രാജ്യങ്ങൾക്കെതിരെ ശത്രുതാപരമായാണ് ഇറാൻ പെരുമാറുന്നത്. 
ചില വൻകിട രാജ്യങ്ങൾ ഇറാൻ നേതൃത്വത്തിന്റെ ബ്ലാക്ക്‌മെയിലിന് വഴങ്ങാനുള്ള സാധ്യതയുടെ പശ്ചാത്തലത്തിൽ ആണവ ബോംബ് സ്വന്തമാക്കുന്ന ഇറാനെ നേരിടാൻ ഗൾഫ് രാജ്യങ്ങൾ ഒരുക്കങ്ങൾ നടത്തണം. മേഖലയിൽ വെച്ചുപുലർത്തുന്ന രാഷ്ട്രീയ മേധാവിത്വത്തിലും നമ്മുടെ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലിലും ആണവ സാങ്കേതികവിദ്യ സ്വന്തമാക്കാനുള്ള നിരന്തര പരിശ്രമത്തിലും ഇറാനിയൻ നേതൃത്വത്തിന്റെ അപകടം വ്യക്തമാണ്. ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്ദേശ്യങ്ങളുടെ അവ്യക്തതക്കിടയിൽ ഇറാൻ ആണവ ബോംബ് സ്വന്തമാക്കിയേക്കും. 


ഇറാൻ നേതൃത്വത്തിന്റെ ശത്രുതാപരമായ പെരുമാറ്റം അവഗണിക്കാനാകില്ല. ആണവ പദ്ധതിയുടെ അപകടങ്ങളെയും ആണവ ബോംബുകൾ വഹിക്കുന്ന ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമിനെയും സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ പദ്ധതിയെയും വേർതിരിക്കാനാകില്ല. ഇറാൻ യഥാർഥ ഭീഷണിയാണ്. മേഖലയിൽ തങ്ങളുടെ നയങ്ങൾ നടപ്പാക്കാൻ നാൽപതു വർഷമായി ഇറാൻ പ്രവർത്തിക്കുന്നു. ഇറാനോടോ ഇറാൻ ജനതയോടോ ഗൾഫ് രാജ്യങ്ങൾ ശത്രുത വെച്ചുപുലർത്തുന്നില്ല. എങ്കിലും ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ കാത്തുസൂക്ഷിക്കേണ്ടത് നിർബന്ധമാണ്. ഇറാനുമായി ശാക്തിക സന്തുലിതാവസ്ഥ കൈവരിക്കൽ ഇത് ആവശ്യപ്പെടുന്നു. ഇക്കാര്യത്തിലുള്ള പോരായ്മകൾ പഴുതുകൾ മുതലെടുക്കാൻ ഇറാനിയൻ നേതൃത്വത്തെ അനുവദിക്കും. ശാക്തിക ബലാബലത്തിലെ ഏതു അസന്തുലിതാവസ്ഥയും തങ്ങളുടെ വിപുലീകരണ അഭിലാഷങ്ങൾ നടപ്പിലാക്കാൻ ഇറാന് ധൈര്യം നൽകും. 
ഇറാന്റെ അപകടം അതിന്റെ ആണവ പദ്ധതിയിൽ മാത്രം ഒതുങ്ങുന്നില്ല. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമാണെന്ന് ഇറാൻ അവകാശപ്പെടുന്നു. നാലു പതിറ്റാണ്ടുകളായി ഗൾഫ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ ഇടപെടുകയും സാമൂഹിക ഐക്യം തകർക്കാൻ രഹസ്യമായി പ്രവർത്തിക്കുകയും ചെയ്യുന്നു. 


മേഖലയിൽ ഇറാൻ പിന്തുടരുന്ന നയങ്ങളുടെ അപകടങ്ങൾ ഗൾഫ് രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഗൾഫ് രാജ്യങ്ങളുടെ ആശങ്കകൾ സഖ്യരാജ്യങ്ങൾ കണക്കിലെടുക്കുന്നില്ല. ഇതിന് കാരണം മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ ഭരണകൂടമാണ്. എന്നിട്ടും ഇറാനുമായി വൻ ശക്തികൾ ഒപ്പുവെച്ച ആണവ കരാറിനെ ഗൾഫ് രാജ്യങ്ങൾ സ്വാഗതം ചെയ്തു. എന്നാൽ തങ്ങൾക്കു മേൽ ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രങ്ങളിൽ നിന്നും ഉപരോധങ്ങളിൽ നിന്നും സ്വതന്ത്രമായി ഇറാൻ പ്രാദേശിക ആധിപത്യ നയം നടപ്പിലാക്കുന്നതിന് ഭീഷണിപ്പെടുത്തൽ വർധിപ്പിച്ചു. 


മേഖലാ രാജ്യങ്ങളുടെ ആശങ്കകൾ കണക്കിലെടുത്ത് ആണവ കരാറിൽ ഭേദഗതികൾ അംഗീകരിക്കാൻ ഇറാനു മേൽ സമ്മർദം ചെലുത്താൻ 2018 ൽ ആണവ കരാറിൽ നിന്ന് അമേരിക്ക പിൻവാങ്ങി. മേഖലാ രാജ്യങ്ങളുടെ ആശങ്കകൾ അമേരിക്കൻ ഭരണകൂടം മനസ്സിലാക്കിയിട്ടും ഇപ്പോൾ ജോ ബൈഡൻ ആണവ കരാറിലേക്ക് തിരിച്ചുപോവുകയാണ്. 
ആണവ കരാറിലേക്കുള്ള തിരിച്ചുപോക്ക് മേഖലയിൽ ഇറാൻ നേതൃത്വം സൃഷ്ടിക്കുന്ന ഭീഷണികൾക്ക് പരിഹാരമുണ്ടാക്കില്ല. മറിച്ച് സംഘർഷങ്ങൾ മൂർഛിപ്പിക്കുക മാത്രമാണ് ചെയ്യുക. ഇറാൻ ആണവായുധം സ്വന്തമാക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ട് സ്വന്തം സുരക്ഷാ ഭദ്രത കാത്തുസൂക്ഷിക്കാൻ മറ്റു പോംവഴികൾ ഗൾഫ് രാജ്യങ്ങൾ അന്വേഷിക്കുകയും ഒരുക്കങ്ങൾ നടത്തുകയും ചെയ്യും. ഇറാഖിലും സിറിയയിലും യെമനിലും ലബനോനിലും നശീകരണ റോളാണ് ഇറാൻ വഹിക്കുന്നത്. മേഖലയിലെ തങ്ങളുടെ വേട്ടപ്പട്ടികൾക്ക് ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ നൽകുന്നു. 


ചില വൻകിട രാജ്യങ്ങൾ ഇറാൻ നേതൃത്വത്തിന്റെ ബ്ലാക്ക്‌മെയിലുകൾക്ക് വഴങ്ങാൻ സാധ്യതയുണ്ട്. ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് അടക്കം എല്ലാ സാധ്യതകളും മുന്നിൽ കണ്ട് ഗൾഫ് രാജ്യങ്ങൾ ഒരുക്കങ്ങൾ നടത്തണം. വിനാശകരമായ ആയുധങ്ങളിൽ നിന്ന് മുക്തമായ മേഖല എന്ന ലക്ഷ്യത്തിന് ഗൾഫ് രാജ്യങ്ങൾ പ്രതിജ്ഞാബദ്ധമാണ്. 
യെമൻ സംഘർഷത്തിന് പരിഹാരം കാണാൻ സൗദി അറേബ്യ മുന്നോട്ടുവെച്ച സമാധാന പദ്ധതി ആദ്യത്തേതല്ല. സൗദി അറേബ്യ സമാധാനത്തിന്റെ വക്താക്കളാണ്, ഹൂത്തികൾ യുദ്ധത്തിന്റെ വക്താക്കളും. യെമൻ സമാധാനത്തിന് ഹൂത്തികൾ സഹകരിക്കുമെന്ന കാര്യത്തിൽ തനിക്ക് പ്രത്യാശയില്ലെന്നും തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു.
 

Latest News