കൊല്ലം- പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തന്തിന് ഇന്ന് അഞ്ചാണ്ട് തികയുമ്പോഴും കേസ് നടപടികള്‍ നീളുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് പരവൂര്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. 2016 ഏപ്രില്‍ 10ന് പുലര്‍ച്ചെ ഉണ്ടായ അപകടത്തില്‍ 110 പേരാണ് മരിച്ചത്. എഴുന്നൂറോളം പേര്‍ക്ക് പരുക്കേറ്റു, നൂറിലധികം വീടുകളും മറ്റ് കെട്ടിടങ്ങളും തകര്‍ന്നു.
ക്ഷേത്ര ഭാരവാഹികളും വെടിക്കെട്ട് നടത്തിയവരും അടക്കം 52 പേരാണ് പ്രതി പട്ടികയില്‍. അപകട സാധ്യത ഉണ്ടെന്നറിഞ്ഞിട്ടും കൂടുതല്‍ വെടിമരുന്ന് ശേഖരിച്ചെന്നാണ് കുറ്റപത്രം. വലിയ വെടിക്കെട്ട് നടത്തരുതെന്ന് ഉദ്യോഗസ്ഥര്‍ രേഖാമൂലവും അല്ലാതെയും നിര്‍ദേശം നല്‍കിയിട്ടും ക്ഷേത്രം ഭാരവാഹികളും വെടിക്കെട്ട് നടത്തിപ്പുകാരും പാലിച്ചില്ല. അതിനാലാണ് വലിയ ദുരന്തം ഉണ്ടായതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
സംഭവത്തില്‍ പോലീസ് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചപറ്റിയെന്നും വെടിക്കെട്ട് നടത്താന്‍ ക്ഷേത്ര കമ്മിറ്റിക്ക് ലൈസന്‍സ് ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചില്ലെന്നും ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ കമ്മിഷന്‍ കണ്ടെത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ക്കെല്ലാം ക്ലീന്‍ചിറ്റ് നല്‍കുന്നതായിരുന്നു കുറ്റപത്രം. പതിനായിരം പേജുകളുളള അന്വേഷണ റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ച് തയാറാക്കിയത്.
നഷ്ടപരിഹാരത്തിനുള്ള കേസുകളും കോടതിയുടെ പരിഗണനയിലാണ്. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്ന് അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയ അന്നത്തെ ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് ഉദ്യോഗസ്ഥ വിഭാഗം തന്നെ തടയിട്ടെങ്കിലും പോലീസ് അസി. കമ്മീഷണര്‍ക്കെതിരേ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ അന്വേഷണവും പിന്നീട് മരവിപ്പിച്ചു.