Sorry, you need to enable JavaScript to visit this website.

ഹരീഷ് വാസുദേവന്റെ ആരോപണം മുഖ്യമന്ത്രിയുടെ അറിവോടെ- വാളയാര്‍ അമ്മ

പാലക്കാട്- അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരേ അപവാദപ്രചരണം നടത്തി പോസ്റ്റിട്ടത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് വാളയാറില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കുട്ടികളുടെ അമ്മ ആരോപിച്ചു. കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ട് കോടതിവിധിയുണ്ടായപ്പോള്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് പോസ്റ്റിട്ടയാളാണ് ഹരീഷ് വാസുദേവനെന്നും ഇപ്പോഴത്തെ മാറ്റത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രശ്‌നത്തില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് അവര്‍ വ്യക്തമാക്കി.
ഹരീഷ് വാസുദേവന്‍ തനിക്കെതിരേ ഇട്ട പോസ്റ്റ് കണ്ടു. ആ വ്യക്തിയെ താനറിയില്ല. പ്രതികളെ വെറുതെ വിട്ടപ്പോള്‍ പോലീസ് നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ അയാള്‍ പോസ്റ്റിട്ടിരുന്നുവെന്ന് പലരും പറഞ്ഞു. വ്യക്തിപരമായി തന്നെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റിടുന്നതിനു മുമ്പ് അയാള്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയെങ്കിലും ചെയ്യണമായിരുന്നു. വാളയാറില്‍ വന്നന്വേഷിച്ചാല്‍ അത് മനസ്സിലാവും. മുഖ്യമന്ത്രിക്കു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയയാണ് ഇപ്പോഴത്തെ പോസ്റ്റ്. ധര്‍മ്മടത്ത് താന്‍ മല്‍സരിച്ചതില്‍ പക തീര്‍ക്കുകയാണ്. ജയിക്കുമെന്ന് കരുതിയല്ല മല്‍സരിച്ചത്. തന്റെ കുട്ടികളുടെ പ്രശ്‌നം ഉന്നയിക്കുകയായിരുന്നു ഉദ്ദേശം. തനിക്കെതിരേ നടത്തുന്ന അപവാദപ്രചരണത്തിനെതിരേ നിയമനടപടികളുമായി മുന്നോട്ടു പോകും. മക്കളുടെ മരണത്തില്‍ തന്നെ പ്രതിയായി പറയുന്ന പോസ്റ്റ് വസ്തുതാവിരുദ്ധമാണ്. ഹരീഷ് വാസുേദവനെതിരേ വാളയാര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല- അമ്മ പറഞ്ഞു.

 

Latest News