Sorry, you need to enable JavaScript to visit this website.

കോവിഡ് നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ചയില്ല - മന്ത്രി കെ.കെ ശൈലജ

കോഴിക്കോട് - കോവിഡ് രോഗ വര്‍ധനയുടെ സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാവില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി
കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് മരണനിരക്കും പോസിറ്റീവ് നിരക്കും കുറയ്ക്കാന്‍ സാധിച്ചത്. പി.എച്ച്.സി മുതല്‍ മെഡിക്കല്‍ കോളജ് വരേയുള്ള അരോഗ്യപ്രവര്‍ത്തകരുടെ പ്രയത്നമാണ് അത് സാധ്യമാക്കിയത്.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആളുകള്‍ കൂട്ടത്തോടെ ഇറങ്ങേണ്ടി വന്നിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ കര്‍ശനനിര്‍ദേശമുണ്ടായിരുന്നുവെങ്കിലും രോഗവ്യാപനത്തിനുള്ള സാഹചര്യമുണ്ടായി.  ഈ മാസം കൂടുതല്‍ ജാഗ്രത വേണ്ടതുണ്ട്.  ആള്‍കൂട്ടങ്ങള്‍ കുറയ്ക്കാന്‍ സ്വയം  ശ്രദ്ധയുണ്ടാവണം.
ചെറിയ രോഗലക്ഷണങ്ങളുള്ളവരാണ് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നത്. വീടുകളില്‍  ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടെന്ന് അതത് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തേണ്ടതാണ്. വീടുകളില്‍ സൗകര്യങ്ങള്‍ ഇല്ലാത്തെവരെ സി.എഫ്.എല്‍.ടിസികളിലേക്ക് മാറ്റും. 60 വയസിനു മുകളിലുള്ള മുഴുവന്‍ പേരും വാക്സിന്‍ എടുത്തുവെന്ന് ഉറപ്പ് വരുത്തും. ഇതിനായി പ്രത്യേക കാംപയിന്‍ നടത്തും.ഓരോ പഞ്ചായത്തിലും 100 ശതമാനം വാക്സിനേഷന്‍ നടത്താനുള്ള നടപടിയുണ്ടാവും. കോവിഡാനന്തര പ്രയാസങ്ങള്‍ നേരിടാന്‍ പ്രത്യേക ശ്രദ്ധയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

 

 

Latest News