ധാക്ക- ക്രിസ് ഗെയിൽ റിക്കാർഡുകൾ സൃഷ്ടിക്കുന്നത് പുതുമയുള്ള കാര്യമല്ല. പ്രത്യേകിച്ചും ട്വന്റി20 മത്സരങ്ങളിൽ.
ബംഗ്ലാദേശ് പ്രീമിയർ ലീഗ് ഫൈനലിൽ 18 സിക്‌സറുകൾ അടിച്ചുകൊണ്ടാണ് വെസ്റ്റിൻഡീസ് ബാറ്റ്‌സ്മാൻ പുതിയ റിക്കാർഡ് സൃഷ്ടിച്ചിരിക്കുന്നത്. ട്വന്റി20യിലെ ഒരു ഇന്നിംഗ്‌സിൽ ഒരു ബാറ്റ്‌സ്മാൻ അടിക്കുന്ന ഏറ്റവുമധികം സിക്‌സറുകളാണിത്.
ബി.പി.എല്ലിലെ രംഗ്പൂർ റൈഡേഴ്‌സ് താരമായ ഗെയ്ൽ ധാക്ക ഡൈനാമൈറ്റ്‌സിനെതിരെ 69 പന്തുകളിൽ 146 റൺസാണടിച്ചത്. ട്വന്റി20യിൽ 11,000 റൺസ് പിന്നിടുന്ന ആദ്യ ബാറ്റ്‌സ്മാനെന്ന റിക്കാർഡും ഗെയിൽ സ്വന്തം പേരിൽ കുറിച്ചു. 8526 റൺസെടുത്ത ബ്രെൻഡൻ മക്കെല്ലമാണ് ഗെയ്‌ലിന് പിന്നിൽ രണ്ടാമത്.
ട്വന്റി20യിൽ 20 സെഞ്ചുറികൾ തികക്കുന്ന ആദ്യ ബാറ്റ്‌സമാനെന്ന റിക്കാർഡും ഈ പ്രകടനത്തോടെ ഗെയ്ൽ സ്വന്തമാക്കി. 18 സിക്‌സറുകൾക്കു പുറമെ അഞ്ച് ബൗണ്ടറികളും ഗെയിലിന്റെ ഇന്നിംഗ്‌സിലുണ്ട്. ബി.പി.എല്ലിൽ 100 സിക്‌സറുകൾ അടിക്കുന്ന ആദ്യ ബാറ്റ്‌സമാൻ, ട്വന്റി20യിൽ മൊത്തത്തിൽ 819 സിക്‌സറുകൾ എന്നീ റിക്കാർഡുകളും ഗെയിൽ കുറിച്ചു. മക്കല്ലവുമായി ചേർന്ന് 201 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ഗെയ്ൽ റേഞ്ചേഴ്‌സിനെ 57 റൺസ് ജയത്തിലേക്ക് നയിച്ചു.