Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരിപ്പൂർ വിമാന അപകടത്തിന് എട്ട് മാസം; അന്വേഷണ റിപ്പോർട്ട് ഇനിയും വെളിച്ചം കണ്ടില്ല

കൊണ്ടോട്ടി - കരിപ്പൂർ വിമാനപകടത്തിന് എട്ട് മാസം കഴിഞ്ഞിട്ടും അന്വേഷണ റിപ്പോർട്ട് ഇതുവരെ വെളിച്ചം കണ്ടില്ല. വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണ് കരിപ്പൂർ വിമാന അപകടം അന്വേഷിക്കുന്നത്. ക്യാപ്റ്റൻ എസ്.എസ്. ചാഹറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘത്തിനായിരുന്നു അന്വേഷണ ചുമതല. 2020 ഓഗസ്റ്റ് 13ന് സംഘം അന്വേഷണം ഏറ്റെടുത്ത് ജനുവരിയോടെ പൂർത്തിയാക്കുമെന്നായിരുന്നു നിർദേശം. എന്നാൽ അന്വേഷണം പൂർത്തീകരിക്കാത്തതിനാൽ മാർച്ച് 13 വരെ വീണ്ടും സമയം നീട്ടി നൽകി. ഈ സമയ പരിധിയും കഴിഞ്ഞ് ഒരു മാസമാവുമ്പോഴും ഇതുവരെ റിപ്പോർട്ട് വെളിച്ചം കണ്ടിട്ടില്ല. 


കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് രാത്രി 7.45നാണ് ദുബായിൽനിന്ന് കരിപ്പൂരിലെത്തിയ എയർഇന്ത്യാ എക്‌സ്പ്രസ് വിമാനം അപകടത്തിൽ പെട്ടത്. സംഭവ ദിവസം തന്നെ പൈലറ്റുമാരടക്കം 18 പേർ മരിച്ചിരുന്നു. പിന്നീട് മൂന്ന് പേർകൂടി ചികിത്സക്കിടെ മരിച്ചതോടെ മരണ സംഖ്യ 21 ആയി ഉയർന്നു. അപകടത്തിന്റെ പ്രാഥമിക റിപ്പോർട്ടല്ലാതെ സമ്പൂർണ റിപ്പോർട്ട് നൽകാനായിരുന്നു വ്യോമയാന മന്ത്രാലയം അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പല സംഘങ്ങളായി തിരഞ്ഞ് കരിപ്പൂരിലെ സംഭവ സ്ഥലവും, വിമാനവും പരിശോധിച്ചിരുന്നു. പിന്നീട് സംഘം വിമാനത്തിന്റെ കോക്പിറ്റ് അടക്കം ശാസ്ത്രീയ പരിശോധനക്കും വിധേയമാക്കി.
കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത് വിമാന അപകടത്തെ തുടർന്നാണ്. ഇവ ഇപ്പോഴും പുനഃസ്ഥാപിച്ചിട്ടില്ല. വലിയ വിമാനങ്ങളുടെ അനുമതിക്ക് വിമാന അപകടത്തിന്റെ അന്വേഷണ റിപ്പോർട്ട് ലഭിക്കേണ്ടെന്ന് നേരത്തെ വ്യോമായാന മന്ത്രാലയവും വകുപ്പ് മന്ത്രിയും പറഞ്ഞിരുന്നു. എന്നാൽ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് ഇപ്പോഴും സാങ്കേതിക തടസ്സങ്ങൾ ഉന്നയിക്കുകയാണ്. അതേസമയം അന്വേഷണ സംഘം കണ്ടെത്തിയ വിവരങ്ങളടങ്ങിയ റിപ്പോർട്ട് അമേരിക്കയിലെ ബോയിംഗ് വിമാന കമ്പനിക്ക് നൽകിയിരിക്കുകയാണ്. ഇവരുടെ പരിശോധന കൂടികഴിഞ്ഞാൽ സമഗ്ര റിപ്പോർട്ട് ലഭിക്കുമെന്നാണ് വിവരം.

 

Latest News