മലപ്പുറം-കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾക്ക് തുടക്കം. പ്ലസ്ടു പരീക്ഷകൾ രാവിലെയും എസ്.എസ്.എൽ.സി പരീക്ഷകൾ ഉച്ചയ്ക്ക് ശേഷവുമാണ് നടന്നത്. കർശന ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ പരീക്ഷയിൽ വിദ്യാർഥികൾ മാസ്‌ക് ധരിച്ചും കൈകൾ അണുവിമുക്തമാക്കിയും സാമൂഹിക അകലം പാലിച്ചുമാണ് പരീക്ഷാ ഹാളിൽ എത്തിയത്.
സംസ്ഥാനത്ത് ഏറ്റവുമധികം വിദ്യാർഥികൾ പരീക്ഷക്കിരിക്കുന്ന മലപ്പുറം ജില്ലയിൽ 295 കേന്ദ്രങ്ങളിലായി 76,173 കുട്ടികളാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 26,679, തിരൂരിൽ 15,761, വണ്ടൂരിൽ 15,061, തിരൂരങ്ങാടിയിൽ 18,695 എന്നിങ്ങനെയാണ് കുട്ടികൾ പരീക്ഷ എഴുതിയത്. 240 ഹയർ സെക്കൻഡറി പരീക്ഷ കേന്ദ്രങ്ങളിലായി 79,967 വിദ്യാർത്ഥികൾ പ്ലസ്ടു പരീക്ഷ എഴുതുന്നത്. റഗുലറായി പഠിക്കുന്ന 58,293 വിദ്യാർത്ഥികളും 19,348 ഓപ്പൺ വിദ്യാർത്ഥികളും 2,326 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഹയർ സെക്കൻഡറി വിഭാഗത്തിലുള്ളത്. ഏപ്രിൽ 12 വരെയുള്ള എസ്.എസ്.എൽ.സി പരീക്ഷകൾ ഉച്ചയ്ക്ക് ശേഷവും ബാക്കിയുള്ളവ രാവിലെയുമാണ് നടക്കുക.
മുഴുവൻ വിദ്യാർത്ഥികളെയും തെർമൽ സ്‌കാനിങിന് വിധേയരാക്കിയ ശേഷമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും തെർമൽ സ്‌കാനർ സംവിധാനം ഒരുക്കിയിരുന്നു. ഹാളിൽ കയറുന്നതിന് മുമ്പ് മുഴുവൻ വിദ്യാർഥികളും മാസ്‌ക് ധരിച്ചെന്ന് ഉറപ്പ് വരുത്തിയാണ് ഹാളിൽ പ്രവേശിപ്പിച്ചത്. സാമൂഹിക അകലം പാലിച്ച് വിദ്യാർഥികളെ ഇരുത്തുന്നതിനും ശ്രദ്ധ നൽകിയിരുന്നു. 20 വിദ്യാർഥികളെയാണ് ഓരോ പരീക്ഷ ഹാളിലും പരീക്ഷക്കിരുത്തിയത്.
പരീക്ഷാ ചുമതലയിലുള്ള അധ്യാപകരും കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷാ കേന്ദ്രങ്ങളിലെത്തിയത്.
സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയും മാസ്‌കും ഗ്ലൗസും ധരിച്ചും അധ്യാപകരും കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ചു. പരീക്ഷ ഹാളുകൾ, ടോയ്ലറ്റുകൾ, കിണറുകൾ എന്നിവിടങ്ങളെല്ലാം അണുവിമുക്തമാക്കിയതും കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾക്ക് കരുത്തേകിയിരുന്നു.പരീക്ഷ കഴിഞ്ഞ് വിദ്യാർഥികളെ ഹാളിന് പുറത്തിറക്കിയതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു.