Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊലപാതക രാഷ്ട്രീയത്തെ പറ്റി ഇനി എഴുതുന്നില്ല, മടുത്തു-പൊയ്ത്തുംകടവ്

കണ്ണൂർ- എത്രയൊക്കെ എഴുതിയിട്ടും രാഷ്ട്രീയ കൊലപാതകങ്ങൾ നിർബാധം തുടരുകയാണെന്നും ഇനി ഇതേ പറ്റി എഴുതുന്നില്ലെന്നും എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പൊയ്ത്തുംകടവ് ഇക്കാര്യം പറഞ്ഞത്.
കുറിപ്പിന്റെ പൂർണരൂപം:
1993 മുതൽ ചെറുതും വലുതുമായ പ്രസിദ്ധീകരണങ്ങളിൽ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തെപ്പറ്റി പല തവണ ഹൃദയം നുറുങ്ങി എഴുതിയിട്ടുണ്ട്. അതിന്റെ കാര്യകാരണങ്ങൾ എഴുത്തിൽ എന്റേതായ നിലയിൽ വിശകലനം ചെയ്യാൻ ശ്രമിച്ചിട്ടുമുണ്ട്.പത്രപ്രവർത്തന ജോലിയിലിരുന്നപ്പോഴും അതിന് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഇടത് / വലത് പക്ഷ പ്രസിദ്ധീകരണങ്ങളിലെല്ലാം എഴുതിയിട്ടുണ്ട് അവസാനമായി എഴുതിയത് മലയാള മനോരമ ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിലാണ്.
 ഇനി എഴുതുന്നില്ല.എന്നെപ്പോലെ നിസ്സാരനായ ഒരു എഴുത്തുകാരന് ആരെയെങ്കിലും സ്വാധീനിക്കാനോ ചിന്തിപ്പിക്കാനോ കഴിയുമെന്ന് വിചാരിച്ചു പോകുന്നത്  വികാരവിഡ്ഢിയായതിനാലാണ്. 
ഇനി കൊല്ലപ്പെട്ടവന്റെയോ കൊന്നവന്റെയോ പാർട്ടിയുടെ പേരോ കൊല്ലപ്പെട്ടവരുടെ എണ്ണം പറഞ്ഞുള്ള തർക്കമോ ശ്രദ്ധിക്കേണ്ട എന്ന് തീരുമാനിച്ചിരിക്കുകയാണ്..മുൻനിര നേതാക്കളും അവരുടെ മക്കളും സുരക്ഷിതമായിരിക്കുന്ന കാലത്തോളം കൊലപാതക രാഷ്ട്രീയം തുടരുക തന്നെ ചെയ്യും. ഒരവസാനവും പ്രതീക്ഷിക്കേണ്ടതില്ല.  
ഏത് പാർട്ടിയിലായാലും വല്ലവരുടെയും മക്കളാണ്. അവരുടെ അമ്മമാരുടെ നിലവിളിയാണ്. പിതാക്കന്മാരുടെ നെഞ്ച് പൊട്ടിയുള്ള  കരച്ചിലാണ് എന്ന് മാത്രം  അറിയുന്ന ഒരു സാധാരണക്കാരൻ  മാത്രമാണ് ഇതെഴുതുന്ന ആൾ. ആര് പറഞ്ഞാലും എത്ര തവണ ടെലിവിഷൻ അന്തിച്ചർച്ച നടത്തിയാലും ആരും ചെവിയോർക്കില്ല. ഒരു പ്രയോജനവുമില്ല.
ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിലോ മറ്റോ ഒരു പോസ്റ്റ് എഴുതിപ്പോയോ ,  ഓരോ പാർട്ടി യിലെയും മരമണ്ടന്മാരും വിദ്യാസമ്പന്നരും ക്രൂരന്മാരുമായ അനുയായികൾ തങ്ങളുടെ പാർട്ടിയെ ന്യായീകരിക്കാൻ എണ്ണവും കണക്കുമായി വരികയായി, കൊലയെ പരോക്ഷമായി ന്യായീകരിച്ചു പറയലായി, എഴുതിയവനെ തെറി വിളിക്കലായി!  കേട്ടാൽ  അത്ഭുതപ്പെട്ടു പോകുന്ന, മനുഷ്യത്വത്തിന്റെ കാഴ്ചയെല്ലാം നശിച്ചുപോയ  വാദമുഖങ്ങളാണ് ഇവരുടെത്.  വർഷങ്ങൾ കൊണ്ട്  ഈ തലച്ചോറടിമകളുടെ എണ്ണത്തിൽ  ചെറിയ വർധനവൊന്നുമല്ല ഉണ്ടായിട്ടുള്ളത് . 
വലിയ മുതലാളിമാർ മധ്യസ്ഥം വഹിച്ചാൽ ഇനി ഒരു പക്ഷേ,  പാർട്ടിക്കാർ കക്ഷിരാഷ്ട്രീയകൊലപാതകങ്ങൾ നിർത്തുമായിരിക്കും. അപ്പോൾ  നേതാക്കൾ കക്ഷിഭേദമന്യേ   സമ്മതിക്കുമായിരിക്കും. പറ്റുമെങ്കിൽ ഇനി വൻകിട മുതലാളിമാർ മുൻകൈയെടുക്കട്ടെ.അതിന്നായി ആരെങ്കിലും ഒന്ന്  അപേക്ഷിച്ച് നോക്കൂ.. ഒരേ മതത്തിനുള്ളിലെ ഗ്രൂപ്പ് ഗുസ്തികൾ, അനുഷ്ഠാന തർക്കങ്ങൾ അടിപിടികൾ ഗുണ്ടാവിളയാട്ടം തുടങ്ങിയവ വല്ലാതെ മൂർച്ഛിച്ച ഘട്ടങ്ങളിൽ മുതലാളിമാർ മുൻകൈ എടുത്ത്  വിവിധ മതങ്ങൾക്കകത്ത് നടത്തിയ മധ്യസ്ഥശ്രമങ്ങൾ  വിജയിച്ചിട്ടുണ്ട്. . ആ ഓർമ്മയിൽ പറയുന്നതാണ്. അങ്ങനെ ചെയ്ത മുതലാളിമാർ ഹൃദയമുള്ളവരാണ്. നല്ലവരാണവർ. അത്രയും ദയാവായ്പ് അവർക്ക് ഉണ്ടായല്ലോ.

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്‌
 

Latest News