Sorry, you need to enable JavaScript to visit this website.

മറഡോണ തളർന്നു ആരാധകർക്ക് നിരാശ

കൊൽക്കത്തക്ക് സമീപം ബരാസാത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫുട്‌ബോൾ ശിൽപശാലയിൽ ഡീഗോ മറഡോണ.
  • ഡീഗോ-ദാദ മത്സരത്തിൽ പങ്കെടുത്തില്ല

ബരാസാത്- ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണ കൊൽക്കത്തയുടെ ദാദ സൗരവ് ഗാംഗുലിക്കെതിരെ ഫുട്‌ബോൾ കളിക്കുന്നത് കാണാൻ കാത്തിരുന്ന ആരാധകർക്ക് നിരാശ. സംഘാടനത്തിലെ പാളിച്ച മുഴച്ചുനിന്ന പരിപാടിയിൽ മറഡോണയുടെ സാന്നിധ്യം ഫുട്‌ബോൾ കിക്ക് ചെയ്യുന്നതിലൊതുങ്ങി. കാർ യാത്ര ചെയ്ത് തളർന്ന 57 കാരന് ഫുട്‌ബോൾ കളിക്കാനുള്ള ഊർജം ഉണ്ടായിരുന്നില്ലെന്നതാണ് സത്യം. അതു കണ്ട ആരാധകർ മാത്രമല്ല, മറഡോണക്കൊപ്പം ഫുട്‌ബോൾ തട്ടാൻ കൊതിച്ചിരുന്ന ഗാംഗുലിയും ബംഗാളിലെ ഫുട്‌ബോൾ കളിക്കാരുമെല്ലാം നിരാശരായി.
മൂന്ന് ദിവസത്തെ മറഡോണയുടെ കൊൽക്കത്ത സന്ദർശനത്തിലെ പ്രധാന പരിപാടി തന്നെ കാൻസർ ബാധിതരുടെ ചികിത്സക്കായുള്ള ധനശേഖരണാർഥം സംഘടിപ്പിച്ച ഡീഗോ വേഴ്‌സസ് ദാദ പ്രദർശന മത്സരമായിരുന്നു. ഏഴ് പേർ വീതമുള്ള ടീമുകൾ തമ്മിൽ 40 മിനിറ്റ് കളിയായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ 2008 ൽ കൊൽക്കത്തയെ ഇളക്കിമറിച്ച സന്ദർശന വേളയിൽ മറഡോണക്കായി ഒരുക്കിയ സൗകര്യങ്ങളൊന്നും ഇത്തവണ ഒരുക്കാൻ സംഘാടകർക്കായില്ല. അന്ന് സ്‌കൂൾ കുട്ടികൾക്കായുള്ള ഫുട്‌ബോൾ ശിൽപശാലക്ക് കൊൽക്കത്തയിൽനിന്ന് നഗരപ്രാന്തമായ മഹേഷ്സ്ഥലയിൽ മറഡോണയെ എത്തിച്ചത് ഹെലികോപ്റ്ററിലായിരുന്നു. എന്നാൽ ഇന്നലെ പ്രദർശന മത്സരത്തിലും ശിൽപശാലക്കുമായി കൊൽക്കത്തയിൽനിന്ന് 35 കിലോമീറ്റർ അകലെയുള്ള കദംഗാച്ചിയിലേക്ക് കൊണ്ടുപോയത് കാറിൽ. അതും കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ. പരിചിതമല്ലാത്ത റോഡ് യാത്ര മറഡോണയെ അസ്വസ്ഥനും ക്ഷീണിതനുമാക്കി. കളി തുടങ്ങുന്ന സമയമായപ്പോഴേക്കും മറഡോണ അവശനായിക്കഴിഞ്ഞിരുന്നു. തുടർന്ന് ഇരു ടീമുകൾക്കുമൊപ്പം പോസ് ചെയ്ത ശേഷം പന്ത് കിക്ക് ചെയ്തിട്ട് മറഡോണ ഗ്രൗണ്ട് വിട്ടു. ജനക്കൂട്ടം അപ്പോഴും ഡീഗോ, ഡീഗോ എന്ന് ആർത്ത് വിളിക്കുന്നുണ്ടായിരുന്നു.
മറഡോണ കളം വിട്ടെങ്കിലും ഗാംഗുലി കളിച്ചു. നീല ജീൻസിട്ടായിരുന്നു ദാദ ഇരു പകുതികളിലായി രണ്ട് ടീമുകൾക്കും വേണ്ടി കളിച്ചത്. ക്രിക്കറ്റ് താരങ്ങളായ മനോജ് തിവാരി, ശിബ് ശങ്കർ പോൾ എന്നിവരും കളത്തിലിറങ്ങി. ഫുട്‌ബോളർമാരായ ശ്യാം ഥാപ, പ്രസൂൻ ബാനർജി, ശിശിർ ഘോഷ്, ദേബ്ജിത് ഘോഷ്, ബിശ്വജിത് ഭട്ടചാര്യ, ഹേമന്ത ഡോറ, ദീപേന്ദു ബിശ്വാസ്, അൽവിറ്റോ ഡിക്കുഞ്ഞ, അഭിജിത് മണ്ഡൽ എന്നിവരും പങ്കാളികളായി.
മറഡോണ കളിക്കാത്തതിലെ നിരാശ ഗാംഗുലി മറച്ചുവെച്ചില്ല. മറഡോണ കളിച്ചിരുന്നെങ്കിൽ നന്നായിരുന്നുവെന്നും പക്ഷേ അദ്ദേഹത്തിനു കളിക്കാൻ കഴിയുമായിരുന്നില്ലെന്നും ഗാംഗുലി പറഞ്ഞു. എങ്കിലും 1986 ലെ ലോകകപ്പ് വിജയത്തിലേക്ക് അർജന്റീനയെ നയിച്ച കാലം മുതൽ മറഡോണയെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ഗാംഗുലിക്ക് അദ്ദേഹത്തെ തള്ളിപ്പറയാൻ കഴിഞ്ഞില്ല. 'പ്രായം അദ്ദേഹത്തെ പിടികൂടിയിരിക്കുന്നു. എങ്കിലും അദ്ദേഹം ഒന്നാന്തരം കളിക്കാരനാണ്.  86 ലെ ലോകകപ്പ് മുതൽ ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. അദ്ദേഹത്തെ ഇത്ര അടുത്ത് കാണാൻ കഴിഞ്ഞതു തന്നെ വലിയ കാര്യം' -ഗാംഗുലി പറഞ്ഞു.
മത്സരത്തിൽ പങ്കെടുത്തില്ലെങ്കിലും അതിനു ശേഷം സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച ഫുട്‌ബോൾ ശിൽപശാലയിൽ തന്റെ ഇന്ദ്രജാലം മറഡോണ പ്രകടിപ്പിച്ചു. ഒരു കാലത്ത് സ്റ്റേഡിയങ്ങളെ കോരിത്തരിപ്പിച്ച ഡ്രിബ്ലിംഗ് വൈഭവവും മാസ്മരിക സ്പർശങ്ങളുമെല്ലാം ഒരിക്കൽ കൂടി കാഴ്ച വെച്ചു. പന്ത് തട്ടിയും സ്പാനിഷ് പാട്ടുകൾ പാടിയും കണ്ടുനിന്നവരെ രസിപ്പിച്ചു. ആൺകുട്ടികളും പെൺകുട്ടികളുമായി 60 വിദ്യാർഥികളാണ് ശിൽപശാലയിൽ പങ്കെടുത്തത്.  
 

Latest News