റിയാദ് - 'തവക്കൽനാ' ആപ്പ് വഴി ഹജ്, ഉംറ പെർമിറ്റുകൾ അനുവദിക്കുന്ന സേവനം ആരംഭിച്ചു. ബുധനാഴ്ച നടത്തിയ അപ്‌ഡേറ്റിലൂടെയാണ് ഹജ്, ഉംറ പെർമിറ്റ് സേവനം 'തവക്കൽനാ' ആപ്പിൽ ഉൾപ്പെടുത്തിയത്. 'ഇഅ്തമർനാ' ആപ്പിനെ 'തവക്കൽനാ' ആപ്പിൽ കൂട്ടിച്ചേർക്കുന്നതിന് ഹജ്, ഉംറ മന്ത്രാലയത്തിന് പദ്ധതിയുണ്ടെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. ഇതോടെ വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും ഹജ്, ഉംറ കർമങ്ങൾക്കുമുള്ള മുഴുവൻ പെർമിറ്റുകളും 'തവക്കൽനാ' ആപ്പ് വഴി നൽകുന്ന രീതി നിലവിൽവരുമെന്നും ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു.
വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഹജ്, ഉംറ മന്ത്രാലയം പുതിയ വ്യവസ്ഥകൾ ബാധകമാക്കിയിട്ടുണ്ട്. രണ്ടു ഡോസ് കൊറോണ വാക്‌സിൻ പൂർത്തിയാക്കിയവർക്കും ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ച് പതിനാലു ദിവസം കഴിഞ്ഞവർക്കും മാത്രമാണ് ഇരു ഹറമുകളിലും നമസ്‌കാരങ്ങളിൽ പങ്കെടുക്കുന്നതിന് പെർമിറ്റുകൾ അനുവദിക്കുകയുള്ളൂ. പെർമിറ്റ് അപേക്ഷകരുടെ ആരോഗ്യ നില 'തവക്കൽനാ' ആപ്പ് വഴി ഉറപ്പുവരുത്തും. ഇരു ഹറമുകളിലും പ്രവേശിക്കുമ്പോഴും വിശ്വാസികളുടെ ആരോഗ്യ നിലകൾ 'തവക്കൽനാ' ആപ്പ് വഴി ഉറപ്പുവരുത്തും.