മിലാൻ- ആരോടും പറയാതെ ഇറ്റലിയിലെ സുഖവാസ കേന്ദ്രത്തിൽ പോയി വിവാഹിതരായ ബോളിവുഡ് നടി അനുഷ്‌കയും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ് ലിയും തങ്ങളുടെ വിവാഹത്തിന്റെ ചിത്രങ്ങളെല്ലാം വൻതുകക്ക് ഒരു മാഗസിനു വിറ്റു. വിവാഹ ചടങ്ങിന്റേതു മാത്രമല്ല, വിവാഹത്തിനു തൊട്ടുമുമ്പുള്ള മൈലാഞ്ചിയിടൽ ചടങ്ങും സംഗീത പരിപാടിയുടേയും ചിത്രങ്ങളും ഉൾപ്പെടെ ഇറ്റലിയിലെ അത്യാഢംബര സുഖവാസ കേന്ദ്രത്തിൽ നിന്ന് ഷൂട്ട് ചെയ്ത അതിമനോഹര വിവാഹ ചിത്രങ്ങളെല്ലാം ഇരുവരും വിറ്റു കാശാക്കി മാറ്റിയിരിക്കുകയാണ്.
ഈ ഇടപാട് വഴി ലഭിച്ച പണം ദമ്പതികൾ ചാരിറ്റി പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങിന്റെ ചിത്രങ്ങളിൽ ഏതാനും മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. ഇരുവരുടേയും ട്വിറ്റർ ഹാൻഡ്‌ലിൽ ഷെയർ ചെയ്ത ചിത്രങ്ങൾ ഇതിനകം വൈറലായിരുന്നു.