Sorry, you need to enable JavaScript to visit this website.

മക്കയിലേയും തായിഫിലേയും ചരിത്രോദ്യാനങ്ങളിലൂടെ ഒരു ദിനം

തായിഫിലെ മലഞ്ചെരിവിൽ സംഘാംഗങ്ങൾ 

നവംബർ 24, വെള്ളി. പ്രഭാത സൂര്യന്റെ പ്രഭാകിരണങ്ങൾ ചെങ്കടലിന്റെ റാണിയെ തൊട്ടുണർത്തുന്നതേയുള്ളൂ. കുട്ടികളും സ്ത്രീകളുമടങ്ങുന്ന ഒരു സംഘം ഷറഫിയയിലെ 'പറാസ്' ഹോട്ടലിനു മുന്നിൽ കൂടിയിരിക്കുന്നു. ബലൂണുകൾ പറത്തി കൊച്ചു കുട്ടികൾ ആഹഌദത്തിമർപ്പിലാണ്. ആകാംക്ഷയോടെ മുതിർന്നവരും. അതെ, ചരിത്ര സംഭവങ്ങളുടെ നിധി കൂമ്പാരമായ സൗദിയിൽ നിന്ന് ചില മുത്തുകൾ വാരിയെടുക്കാനുള്ള ഒരുക്കത്തിലാണവർ. കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച മക്കയിലെയും തായിഫിലെയും ചരിത്രപ്രധാനമായ സ്ഥലങ്ങളിലേക്കുള്ള  ഏകദിന പഠന യാത്രയുടെ തുടക്കം. 
ഇസ്ലാമിക  ചരിത്രത്തിലെ സുപ്രധാന കരാറിന്  സാക്ഷ്യംവഹിച്ച മക്കയിലെ ഹുദൈബിയയിൽ നിന്ന് തുടങ്ങിയ യാത്ര   നൂറ്റാണ്ടിന്റെ  കഥ പറയുന്ന  അറഫാ  താഴ്‌വാരം, സുബൈദാ കനാലിന്റെ ചരിത്ര ശേഷിപ്പുകൾ, വാദി മുഹസ്സിർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം തായിഫിലെ ചരിത്ര സ്ഥലങ്ങളിലും പ്രവാചകൻ മുഹമ്മദ് നബിയുടെ പിതൃ പുത്രനും പ്രശസ്ത പണ്ഡിതനുമായിരുന്ന അബ്ദുള്ള ഇബ്‌നു അബ്ബാസ് (റ) തങ്ങളുടെ പേരിലറിയപ്പെടുന്ന പള്ളി, മലയാളിയായ ഉമർ ഖാസി നിർമിച്ചതെന്ന് പറയപ്പെടുന്ന ഇന്ത്യൻ പള്ളി എന്നർഥമുള്ള മസ്ജിദ് ഹൂനൂദ് എന്നിവക്ക് പുറമെ  പ്രവാചകന്റെ കുട്ടിക്കാലം ചെലവഴിച്ച ബനൂസഹദ് ഗോത്രം  താമസിച്ചിരുന്ന താഴ്‌വാരം അവിടത്തെ ചരിത്ര ശേഷിപ്പുകൾ എന്നിവയായിരുന്നു  യാത്രയിൽ ഉൾപ്പെടുത്തിയിരുന്നത്. 
സംഘത്തിന്റെ ആദ്യ പ്രയാണം മക്കയുടെ നഗരപരിധിക്കു പുറത്തുള്ള ഹുദൈബിയയിലേക്കായിരുന്നു. ആദ്യകാല ഇസ്‌ലാമിക ചരിത്രത്തിലെ തിളങ്ങുന്ന അധ്യായത്തിനാണ് ഈ മണൽപുറം സാക്ഷ്യം വഹിച്ചത്. എ.ഡി 628 ലെ ഒരു മാർച്ച് മാസത്തിൽ പ്രവാചകനായ മുഹമ്മദ് നബിയും അനുയായികളും എതിർവിഭാഗമായ ഖുറൈശികളുമായി യുദ്ധവിരാമക്കരാർ (ഹുദൈബിയ സന്ധി) നടത്തിയത് ഇവിടെ വെച്ചാണ്. ഗതകാല സ്മരണകൾ അയവിറക്കിക്കൊണ്ട് ഒരു കിണറും പഴയ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും അവിടെ കാണാൻ കഴിഞ്ഞു.

ഇബ്‌നു അബ്ബാസ് മസ്ജിദിന് മുന്നിൽ 

ഹറമൈനികളുടെ തിരുശേഷിപ്പുകളുടെ കഥ പറയുന്ന മക്ക മ്യൂസിയത്തിലേക്കാണ് പിന്നീട് ഞങ്ങൾ തിരിച്ചത്. മസ്ജിദുൽ ഹറമിൽ നിന്ന് ഏകദേശം എട്ട്  കിലോമീറ്റർ അകലെ പഴയ മക്ക  ജിദ്ദ റോഡ് എന്നറിയപ്പെടുന്ന ഉമ്മുൽ ജൂദ് റോഡിലാണ് മ്യൂസിയം നിലകൊള്ളുന്നത്. ഇരു ഹറമുകളുടെയും നവീകരണവുമായി ബന്ധപ്പെട്ട് മാറ്റപ്പെട്ട തിരുശേഷിപ്പുകളുടെ വലിയ ശേഖരമാണ് ഇവിടെയുള്ളത്. മ്യൂസിയത്തിന്റെ പ്രവേശന കവാടം മുതൽക്ക് തന്നെ ഹറമുകളുടെ കഥ പറയുന്നുണ്ട്. മനോഹരമായ പുൽച്ചെടികളാൽ സമൃദ്ധമായ മ്യൂസിയത്തിന്റെ മുറ്റത്ത് തലയുയർത്തി നിൽക്കുന്ന, പഴയ കാലത്ത് മസ്ജിദുൽ ഹറമിൽ ഉപയോഗിച്ചിരുന്ന കരിങ്കൽ തൂണുകൾ പ്രവേശന കവാടത്തിന് മുന്നിലായി കാണാം.  
മക്കയിൽ നിന്ന് അറഫയിലേക്കുള്ള വഴിയിൽ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ജബൽ സൗർ അഥവാ സൗർ പർവ്വതമായിരുന്നു അടുത്ത ലക്ഷ്യം. സമുദ്ര നിരപ്പിൽ നിന്ന് 759 മീറ്റർ ഉയരമുള്ള ഈ പർവ്വതം മസ്ജിദുൽ ഹറമിൽ നിന്ന് ഏകദേശം അഞ്ച്  കിലോമീറ്റർ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 
സൗർ ഗുഹ സ്ഥിതി ചെയ്യുന്നത് ഈ പർവതത്തിനു മുകളിലാണ്. ചെങ്കുത്തായ വഴിയിലൂടെ മണിക്കൂറുകൾ കയറി വേണം സൗർ ഗുഹയിലെത്താൻ. സമയ പരിമിധി മൂലം ഞങ്ങൾ ആ സാഹസത്തിനൊരുമ്പെട്ടില്ല. തുടർന്ന് ജബൽ സബീറിലേക്ക്. മിനായിൽ നിന്ന് അറഫയിലേക്കുള്ള വഴിയിൽ ഇടതു ഭാഗത്താണ് ചരിത്ര പ്രാധാന്യമുള്ള ജബൽ സബീർ എന്ന വലിയ മല സ്ഥിതി ചെയ്യുന്നത്. ഈ മലഞ്ചെരിവിൽ വെച്ചാണ് ഇബ്രാഹിം നബി ദൈവ കൽപന പ്രകാരം തന്റെ മകൻ ഇസ്മായിലിനെ ബലി കൊടുക്കാൻ ഒരുങ്ങിയത്. 

ഞങ്ങളേയും വഹിച്ച് വാഹനം മുന്നോട്ടു പോവുകയാണ്. സമയം മധ്യാഹ്നത്തോടടുത്തു. റോഡിനൊരു വശത്ത് അൽപം ദൂരെയായി കരിങ്കൽ മതിലു പോലെ ഒരു നിർമിതി. ദൂരെയാണെങ്കിലും അതിന്റെ നിർമിതി ആരെയും അത്ഭുതപ്പെടുത്തും. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു കനാലിന്റെ ശിഷ്ട ഭാഗമാണെന്ന് മനസ്സിലായി. എവിടെയോ വായിച്ചറിഞ്ഞ ഐൻ സുബൈദ അഥവാ സുബൈദ കനാലിന്റെ ശേഷിപ്പുകളാണെന്ന് യാത്രയിൽ ഞങ്ങളുടെ ഗൈഡായിരുന്ന ചെറുശ്ശേരി റഫീഖ് സാഹിബ് വിവരിച്ചപ്പോഴാണ് ബോധ്യപ്പെട്ടത്. കാലങ്ങളായി മുസ്ലിം പൈതൃകത്തിന്റെ വലിയ ഒരു അടയാളമായി ഐൻ സുബൈദ നിലനിൽക്കുന്നു. കാലപ്പഴക്കം മൂലം പലയിടങ്ങളിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഇസ്ലാമിക ഖിലാഫത്തിന്റെ പ്രതാപവും ഐശ്വര്യവുമാണ് സുബൈദ കനാൽ. 

സുബൈദ കനാലിന്റെ ശേഷിപ്പുകൾ 


പൂന്തോട്ടങ്ങളുടെ നഗരമായ തായിഫിലേക്കായിരുന്നു അടുത്ത യാത്ര. സമുദ്ര നിരപ്പിൽ നിന്ന് 1700 മീറ്റർ ഉയരത്തിലാണ് തായിഫ് പട്ടണം. തായിഫിലേക്ക് എത്തുന്നതോടെ കാലാവസ്ഥയിൽ കാര്യമായ മാറ്റം അനുഭവപ്പെടുന്നു. തണുപ്പ് വാഹനത്തിനുള്ളിലേക്ക് പതുക്കെ അരിച്ചിറങ്ങുന്നു.  
ജുമുഅ നമസ്‌കാരം ഇബ്‌നു അബ്ബാസ് (റ) മസ്ജിദിലായിരുന്നു. ആദ്യകാല ഖുർആൻ വ്യാഖ്യാതാക്കളിൽ പ്രഥമ സ്ഥാനീയനായിരുന്നു ഇബ്‌നു അബ്ബാസ് (റ). രണ്ടാം ഖലീഫ ഉമറിന്റെ കാര്യാലോചനാ സദസ്സിൽ ഇദ്ദേഹം സജീവമായി പങ്കുവഹിച്ചു. ഖലീഫ അലിയുടെ അടുത്ത കൂട്ടുകാരനും സഹായിയുമായിരുന്ന അദ്ദേഹം പല യുദ്ധങ്ങളിൽ പങ്കെടുത്തു. ഈ പള്ളിയുടെ സമീപത്തു തന്നെയാണ് ഉമർ ഖാദി നിർമ്മിച്ച മസ്ജിദുൽ  ഹുനൂദ്. ഉച്ചഭക്ഷണത്തിനു ശേഷം ബനൂസഅദ് ഗ്രാമത്തിലേക്കാണ് യാത്ര തിരിച്ചത്. സന്ധ്യയോടടുത്ത സമയമാണ് ഞങ്ങളവിടെ എത്തുന്നത്. അസ്തമയ സൂര്യന്റെ ചെങ്കതിരുകൾ താഴ്‌വരയെ മൂടിപ്പുതച്ചിരിക്കുന്നു. ബസിറങ്ങി ചരൽക്കല്ലുകൾ നിറഞ്ഞ പാതയിലൂടെ ഞങ്ങൾ നടന്നു. നാലു വയസ്സുകാരനായ കുഞ്ഞിനേയും കൈപിടിച്ച് നടക്കുന്ന ഹലീമ ബീവിയായിരുന്നു മനസ്സു നിറയെ. അടക്കിപ്പിടിച്ച സ്‌നേഹത്തിന്റെയും കൗതുകത്തിന്റെയും ഒട്ടേറെ കഥകൾ ഈ മലഞ്ചെരിവിന് പറയാനുണ്ടെന്ന് ഞങ്ങൾക്ക് തോന്നി. ഗൈഡ് പ്രവാചകന്റെ കുട്ടിക്കാലത്തെ കുറിച്ചു വിവരിച്ചപ്പോൾ പല കണ്ണുകളും ഈറനണിയുന്നുണ്ടായിരുന്നു. 

റഫീഖ് ചെറുശ്ശേരിയുടെ വിവരണം  


ആഫ്രിക്കൻ ആന മുതൽ കൗതുകങ്ങളുണർത്തുന്ന നിരവധി ജീവികളുള്ള തായിഫിലെ മൃഗശാല, കുട്ടികൾക്കുള്ള പാർക്കുകൾ, പൂന്തോട്ടങ്ങൾ, പുൽമേടുകൾ എല്ലാറ്റിനുമുപരി മോഹിപ്പിക്കുന്ന കാലാവസ്ഥ എന്നിവയെല്ലാം തായിഫ് നഗരത്തെ വർണാഭമാക്കിയിരുന്നു. രാത്രിയോടെ നിശാഭോജനത്തിനു ശേഷം വീണ്ടും ജിദ്ദ നഗരത്തിലേക്ക്.
കുട്ടികളും കുടുംബിനികളുമടക്കം നൂറിലധികം  അംഗങ്ങൾ പങ്കെടുത്ത യാത്രയിൽ റഫീഖ് ചെറുശ്ശേരിയും അഷ്‌റഫ് ഫൈസിയും  ചരിത്ര വിശദീകരണം നൽകി. ലത്തീഫ് കോട്ടുപടം, റഹ്മത്ത് അലി തുറക്കൽ, ശരീഫ് നീറാട്,  കുഞ്ഞി മുഹമ്മദ്  ഒളവട്ടൂർ, പി.ഇ നാസർ കാളോത്ത്, അബ്ദുൽ റഹ്മാൻ അയക്കോടൻ, ഹസ്സൻ ഓമാനൂർ  തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി.
 

   
                 

Latest News