Sorry, you need to enable JavaScript to visit this website.

പൂച്ച പറഞ്ഞ കഥ  

ഗൾഫിലെ പ്രവാസികളുടെ നിലവിലെ അവസ്ഥ കാണിക്കുന്ന വീഡിയോ മൊയ്തുവിനും കിട്ടി. വാട്‌സാപ്പിലൂടെ ലഭിച്ച വീഡിയോ മൊയ്തു ഉടൻ തന്നെ മിസ്സിസ് മൊയ്തുവിനു അയച്ചു കൊടുത്തു.
മൂന്ന് പൂച്ചകളായിരുന്നു അതിൽ. ചുവരിൽ തറച്ച കൊച്ചു പെട്ടിയിൽ അള്ളിപ്പിടിച്ചുനിൽക്കാൻ പാടുപെടുന്ന മൂന്ന് പൂച്ചകൾ. ഒടുവിൽ രണ്ട് പൂച്ചകൾ പിടിത്തം നഷ്ടപ്പെട്ട് താഴേക്ക് വീണു. മൂന്നാമന് പെട്ടിക്കു മുകളിലെ മുഴുവൻ സ്ഥലവും ലഭിക്കുകയും ചെയ്തു. 
വീഡിയോ കണ്ടു തുടങ്ങുമ്പോൾ താഴേക്കു വീഴുമെന്ന് കരുതിയ പൂച്ച അതിന്റെ ജീവന്മരണ ശ്രമത്തിനൊടുവിൽ മുകളിലോട്ട് തള്ളിക്കയറിയപ്പോഴാണ് മറ്റു രണ്ട് പൂച്ചകൾ താഴേക്ക് വീഴുന്നത്. 
പൂച്ചകളുടെ തമാശ കണ്ടാസ്വദിച്ച മിസ്സിസ് മൊയ്തു മൂന്ന് ലൈക്കും രണ്ട് സ്‌മൈലിയും തിരികെ അയച്ചപ്പോൾ മൊയ്തുവിന് അത് ഒട്ടും ഇഷ്ടമായില്ല.
ഹും.. എന്റെ അവസ്ഥ പറഞ്ഞപ്പോൾ നിനക്കു ചിരി?
നിങ്ങളുടെ ഏതവസ്ഥ?
ആ പൂച്ചകളുടെ അവസ്ഥയിലാണ് ഇപ്പോൾ ഞങ്ങൾ ഓരോ ഗൾഫുകാരനും. അതു മനസ്സിലാക്കാൻ വേണ്ടി നിനക്കു കൂടി അയച്ചപ്പോൾ തമാശ അല്ലേ?
എന്നാൽ പിന്നെ അത് ആദ്യമേ പറയണ്ടേ.. പൂച്ചകൾ താഴേക്കു വീഴുന്നതും ഒരാൾ അള്ളിപ്പിടിച്ച് അവസാനം വിജയിക്കുന്നതും കണ്ടപ്പോഴാണ് ഞാൻ ചിരിച്ചത്. ചെറിയ മോള് അത് പിന്നേം പിന്നേം കാണാൻ വാശി പിടിച്ചു. അവൾക്ക് അത് നല്ലോണം ഇഷ്ടായി. 
ഇതാണ് ഇപ്പോഴത്തെ ഗൾഫുകാരന്റെ അവസ്ഥയെന്ന് ഞാൻ എഴുതിയിട്ടുണ്ടല്ലോ?
വീഡിയോ മാത്രമാണല്ലോ കിട്ടിയത്. അതിന്റെ കൂടെ മെസേജ് ഒന്നും ഇല്ലായിരുന്നു. 
അപ്പോഴാണ് മൊയ്തു അതു നോക്കിയത്. വീഡിയോ മാത്രമേ പോയിട്ടുള്ളൂ. മെസേജ് പോയിട്ടില്ല. 
മെസേജ് കൂടി അയച്ചപ്പോൾ മിസ്സിസ് മൊയ്തു കണ്ണീർ ഇമോജി അയച്ച് മൊയ്തുവിന്റെ പരിഭവം അവസാനിപ്പിച്ചു.
ഇക്ക പരമാവധി പിടിച്ചുനിൽക്കാൻ നോക്കണം. ആ പൂച്ചയെ പോലെ. വീടു പണി തീരുന്നതു വരെയെങ്കിലും. 
രണ്ടു പൂച്ചകളെ തള്ളി താഴെയിട്ട ശേഷം സ്ഥലമുറപ്പിച്ച മൂന്നാമത്തെ പൂച്ചയെ പോലെ അല്ലേ?
അങ്ങനെയല്ല. അതു സങ്കടമല്ലേ. എല്ലാവർക്കും പിടിച്ചുനിൽക്കാൻ പറ്റണം. 
എന്നാൽ കേട്ടോ. ഒരു ദഃഖ വാർത്തയുണ്ട്. നിന്റെ ഒരു അമ്മായീന്റെ മോനില്ലേ... കോയ. അവൻ വീണു; ജോലി പോയി
അയ്യോ എന്തു പറ്റി?
അവന്റെ കമ്പനിയിലെ  ആദ്യത്തെ ടെർമിനേഷനായിരുന്നു. ജോലിയിലെ കുഴപ്പം കൊണ്ടൊന്നുമല്ല, അവന് ആദ്യം തന്നെ നറുക്ക് വീണത്. 
മരിച്ചവരെ കുറിച്ച് മോശം പറയരുത് എന്നതുപോലെ ജോലി നഷ്ടപ്പെടുന്നവരെ കുറിച്ചും മോശം പറയാൻ പാടില്ല. നല്ലതു മാത്രമേ പറയാവൂ. ടെർമിനേറ്റ് ചെയ്യപ്പെട്ടവരുടെ ദോഷമാണ് പറയുന്നതെങ്കിൽ പുതിയ തൊഴിൽ കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങളെ അതു ബാധിക്കും. 
എന്നാലും കോയയുടെ കാര്യം പറയാതിരിക്കാനാവില്ല. എടുത്തുചാട്ടവും നാക്കും തന്നെയാണ് അവനു വിനയായത്. 
എന്തു പറ്റിയതാ.. ബോസുമായി ഇടഞ്ഞോ?
ഇടഞ്ഞതൊന്നുമല്ല, ഒരു വർഷം മുമ്പ് കോയ നടത്തിയ ഒരു ഓപ്പറേഷനാണ് അയാൾക്ക് ഇപ്പോൾ തിരിച്ചടിച്ചത്.
കഴിഞ്ഞ തവണ അവൻ നാട്ടിൽ വന്നപ്പോൾ നടത്തിയ കണ്ണ് ഓപ്പറേഷൻ വിജയമായിരുന്നല്ലോ. പിന്നെ എന്തു പറ്റി? കാഴ്ച കുറഞ്ഞോ?
തോക്കിൽ കയറി വെടിവെക്കരുത് -മൊയ്തു മിസ്സിസിനെ താക്കീത് ചെയ്തു.
ഇത് ആ ഓപ്പറേഷനല്ല, ഒരു വർഷം മുമ്പ് കമ്പനി മറ്റൊരു ബ്രാഞ്ചിലേക്ക് മാറിപ്പോകൻ പറഞ്ഞപ്പോൾ ബോസിന്റെ മുഖത്തു നോക്കി കോയ പറഞ്ഞു.
ട്രാൻസ്ഫർ വേണ്ട, നാട്ടിൽ ഇഷ്ടം പോലെ തിന്നാനുണ്ട്. നാട്ടിലേക്ക് എക്‌സിറ്റ് തന്നേക്കൂ. 
അപ്പോൾ ബോസ് ചോദിച്ചു: ഒന്നുകൂടി ആലോചിച്ചിട്ടു പോരേ. ജോലി കളഞ്ഞു പോണോ?
ഇനി ആലോചിക്കാനൊന്നുമില്ല. സ്ഥലം മാറിയുള്ള ജോലി വേണ്ട. രാജിക്കത്ത് തരാം -കോയ ഉറച്ചുനിന്നു.
കോയക്ക് രാജിക്കത്ത് കൊടുക്കേണ്ടി വന്നില്ല. ആ ട്രാൻസ്ഫർ വഴിമാറിപ്പോയി.
ഇപ്പോൾ കമ്പനിയുടെ ബിസിനസ് കുറഞ്ഞു, ആളെ കുറയ്ക്കാൻ നിർബന്ധിതമായി. 
സ്റ്റാഫിനെ മുഴുവൻ വിളിച്ചുകൂട്ടി ചായയും ബിസ്‌കറ്റും നൽകിയ ശേഷം ബോസ് പറഞ്ഞു: ഗംഭീര ഫുഡ് നൽകാറുള്ളത് ഇക്കുറി ബിസ്‌കറ്റിൽ ഒതുക്കിയതിന്റെ കാരണം എല്ലാവർക്കും അറിയാമല്ലോ? അധിക ചെലവിന് ഒട്ടുമില്ല തുക. സുപ്രധാന തീരുമാനം അറിയിക്കാനാണ് മീറ്റിംഗ് വിളിച്ചത്. കമ്പനിക്ക് പിടിച്ചുനിൽക്കാൻ സ്റ്റാഫ് കട്ടിംഗാണ് മുകളിൽനിന്ന് നിർദേശിച്ചിരിക്കുന്നത്. ഒരാൾ നമ്മളിൽനിന്ന് പോയേ തീരൂ. ആർക്കും പ്രയാസമുണ്ടാകാത്ത ഒരു തീരുമാനമാണ് ഞാൻ എടുത്തിരിക്കുന്നത്. ആദ്യം ആലോചിച്ചത് ഞാൻ അങ്ങു പോയാലോ എന്നാണ്. പക്ഷേ പിന്നീടാണ് ഞാൻ കോയയെ കുറിച്ച് ഓർത്തത്.
കഴിഞ്ഞ വർഷം നാട്ടിൽ പോകാൻ ഒരുങ്ങിയ കോയയെ ഇപ്പോൾ ഞാൻ അതിനായി തെരഞ്ഞെടുക്കുന്നു. അദ്ദേഹത്തിന് നാട്ടിൽ കഴിഞ്ഞുകൂടാനുള്ള വകുപ്പുണ്ടായതുകൊണ്ട് വലിയ പ്രയാസമുണ്ടാകില്ല എന്നു കരുതാം.
മീറ്റിംഗിൽ പങ്കെടുത്ത എല്ലാവരും കോയയുടെ മുഖത്തേക്ക് നോക്കിയെങ്കിലും കോയക്ക് ഒന്നും പറയാനില്ലായിരുന്നു. 
അയ്യോ കഷ്ടമായിപ്പോയി.  പാവം കോയ. അന്ന് ട്രാൻസ്ഫർ ഒഴിവാക്കാൻ രാജിവെക്കുന്ന കാര്യം പറഞ്ഞതായിരിക്കും അല്ലേ ഇപ്പോൾ തിരിച്ചടിച്ചത്. ഏതായാലും നീലങ്ങാടൻ മൊയ്തുവിന് ഇതൊരു പാഠമാണ്.
ആർക്ക്?
നിങ്ങൾക്കു തന്നെ. നീലങ്ങാടൻ മൊയ്തുവിന്. നിങ്ങൾക്കു മാത്രമല്ല, കുറെ മൽബുകൾക്ക് ഈ സൂക്കേട് ഉണ്ട്. ചൊടിച്ച് തിരിഞ്ഞു കിടന്ന് ഭീഷണി മുഴക്കുക.
രാജി ഭീഷണിയൊന്നും പണ്ടേ പോലെ ഇക്കാലത്ത് ഫലിക്കില്ല. ഓർമയിരിക്കട്ടെ.
നിങ്ങൾ ഒരിക്കലും വിട്ടുകൊടുക്കരുത്. ആ പൂച്ചയെ പോലെ പരമാവധി പിടിച്ചു നിൽക്കണം.  പൂച്ചയിലൂടെ തത്വജ്ഞാനിയായി മാറിയ മിസ്സിസ് മൊയ്തു പറഞ്ഞുനിർത്തി. 
 

Latest News