ദോഹ- മലപ്പുറം ജില്ലയില്‍ എടപ്പാളിടനടുത്ത് കാലടി സ്വദേശിയും ഇടപ്പാളയം ഖത്തര്‍ ചാപ്റ്റര്‍ പ്രസിഡണ്ടുമായ മണികണ്ഠ മേനോന്‍ (54 ) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്. നെഞ്ച് വേദനയെ തുടർന്ന് ആംബുലന്‍സ് വിളിച്ച് പ്രാഥാമിക ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സാമൂഹ്യ സംസ്‌കാരിക മണ്ഡലങ്ങളിലെ നിറ സാനിധ്യവും തികഞ്ഞ മനുഷ്യസ്‌നേഹിയും കവിയുമായിരുന്ന മണികണ്ഠ മേനോന്‍ തന്റെ പ്രവര്‍ത്തനമേഖലകളില്‍ കൃത്യമായ കയ്യൊപ്പ് പതിപ്പിച്ച വ്യക്തിത്വമായിരുന്നുവെന്ന് ഇടപ്പാളയം ഗ്ലോബല്‍ സമിതി അനുസ്മരിച്ചു.
ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ സേവനത്തിന് ശേഷം ഖത്തറില്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായി ജോലി ചെയ്ത് വരികയായിരുന്നു. അദ്ദേഹത്തിന്റെ മികച്ച സേവനത്തിന് ഖത്തര്‍ ഗവണ്മെന്റ് ഉന്നത പദവി നല്‍കി അടുത്തിടെ അനുമോദിക്കുകയും ചെയ്തു. സാഹിത്യ സാംസ്‌കാരിക കൂട്ടായ്മകളുടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
നിരവധി നവമാധ്യമ സാഹിത്യ കൂട്ടായ്മകളുടെ ഭാഗമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന് ലോകമാകെ പരന്നുകിടക്കുന്ന വലിയ സൗഹൃദവലയം തന്നെയുണ്ടായിരുന്നു.
ഇടപ്പാളയം ഖത്തര്‍, കാലടീയം പ്രവാസി കൂട്ടായ്മ, സ്നേഹവീട് സാഹിത്യ കൂട്ടായ്മ സ്റ്റേറ്റ് കമ്മിറ്റി തുടങ്ങി ഒരുപാട് ചെറുതും വലുതുമായ സംഘടനകളുടെ അമരത്ത് സജീവമായിരുന്നു അദ്ദേഹം.
പ്രളയം, കൊറോണ പോലുള്ള ദുരിതങ്ങളില്‍ നിരവധി ആളുകള്‍ക്ക് സഹായങ്ങളും കരുതലുമായി മാറിയ മണികണ്ഠമേനോന്‍, അദ്ദേഹത്തിന്റെ കവിതകളടങ്ങിയ പുസ്തകപ്രകാശനത്തിന് വേണ്ടി തയ്യാറെടുക്കുന്നതിന്നിടയിലായിരുന്നു മരണം സംഭവിച്ചത്.
ബേബി മേനോനാണ് ഭാര്യ.
ഖത്തര്‍ എയര്‍വേയ്സ് ജീവനക്കാരിയായ മകള്‍ സ്വാതി, മെക്കാനിക്കല്‍ ബിരുദധാരി ശബരീഷ് എന്നിവര്‍ മക്കളും, അനൂപ് കൃഷ്ണന്‍ (എഞ്ചിനീയര്‍ ഖത്തര്‍ )മരുമകനുമാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള തയ്യാറെടുപ്പിലാണ് .