പ്രഭാത സവാരിക്കായി മൽബു പുതിയൊരു പാർക്കിലെത്തിയിരിക്കയാണ്. വ്യായാമത്തിന് ഉപകരണങ്ങളൊക്കെയുള്ള മനോഹരമായ പാർക്ക്. കണ്ടാൽ തന്നെ നടക്കാൻ തോന്നിപ്പിക്കുന്ന നടപ്പാതകൾ.
ഇവിടേക്ക് വരാനൊരു കാരണമുണ്ട്. കൂടെ ജോലി ചെയ്യുന്ന ഫിലിപ്പിനോ ട്രെയിനർ വ്യായാമത്തിനുള്ള ചില ടെക്‌നിക്കുകൾ പറഞ്ഞു തരാമെന്ന് ഏറ്റിരിക്കയാണ്. കുറെ നാളായി ചോദിക്കുന്നുവെങ്കിലും ഇതുവരെ തരപ്പെട്ടില്ല. ഇപ്പോൾ ഫിലിപ്പിനോ നാട്ടിലേക്കു മടങ്ങുകയാണ്. അതിനു മുമ്പ് ഒന്നു രണ്ടു ദിവസം വന്നാൽ പഠിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയതിനാലാണ് അദ്ദേഹത്തെയും തേടി അതിരാവിലെ തന്നെ പുതിയ പാർക്കിലെത്തിയത്.
കാത്തിരിപ്പ് തുടങ്ങിയിട്ട് കുറച്ചു നേരമായി. നടത്തം ഒരുമിച്ച് തുടങ്ങാമെന്ന് കരുതിയാണ് ഇരിപ്പ്. ഓൺ ദി വേയെന്ന് ഫിലിപ്പിനോ സുഹൃത്ത് മെസേജ് അയിച്ചിട്ടുണ്ട്. എന്നിട്ടും കുറച്ചുനേരമായി.
ചാരുബെഞ്ചിലിരുന്ന് ഷൂ ഒക്കെ റെഡിയാക്കുന്നതിനിടയിൽ മുന്നിൽ ഒരാൾ പ്രത്യക്ഷപ്പെട്ടു. ഹലോ എന്താ ഇവിടെ, വഴി മാറി എത്തിയതാണോ എന്നു ചോദിച്ചയാളെ മനസ്സിലായില്ല. എവിടെയോ കണ്ടിട്ടുണ്ട് എന്നു മാത്രമല്ല, ശബ്ദവും കേട്ടു പരിചയമുണ്ട്. അതുകൊണ്ടു മറുപടിയൊന്നും പറയാതെ ചിരിച്ചുകൊടുക്കുക മാത്രം ചെയ്തു.
അധികം പ്രയാസപ്പെടുത്താതെ അയാൾ മാസ്‌ക് താഴ്ത്തിയപ്പോൾ ആളെ പിടികിട്ടി. ഇതിനു മുമ്പും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. അടുത്തു പരിചയമുള്ളവരെ പോലും മാസ്‌ക് കാരണം തിരിച്ചറിയാൻ പറ്റാതായി.
മുന്നിൽ നിൽക്കുന്നത് ഹമീദിന്റെ അളിയനാണ്. അതെ, റൂമിൽനിന്ന് രാത്രി ഉറക്കം മാറ്റുകയും ഇതുവരെ സസ്‌പെൻസ് പൊട്ടിക്കാതിരിക്കുകയും ചെയ്യുന്ന ഹമീദ് തന്നെ. അവന്റെ ഭാര്യയുടെ സഹോദരൻ.
തേടിയ വള്ളി കാലിൽ ചുറ്റിയ ആഹ്ലാദത്തിലായി മൽബു. ഫിലിപ്പിനോ കുറച്ചു വൈകിക്കോട്ടെയെന്ന് മനസ്സിൽ ആഗ്രഹിക്കുകയും ചെയ്തു.
കോവിഡ് വാക്‌സിനൊക്കെ എടുത്തോ?
അളിയന്റെ ചോദ്യം.
ഇല്ല, ബുക്കിംഗ് ഇതുവരെ കിട്ടിയില്ല, നോക്കണം. റൂമിലുള്ളവരൊക്കെ എല്ലാ ദിവസവും മൊബൈലിൽ കുത്തി കുത്തി നോക്കുന്നുണ്ട്, കിട്ടുന്നില്ല.
നിങ്ങൾക്ക് നല്ല പേടിയുണ്ട് അല്ലേ.. അതുമിതും വിശ്വസിക്കരുത്. ആദ്യത്തെ ഡോസ് എടുത്തിട്ട് എനിക്ക് ഒരു കുഴപ്പവുമുണ്ടായില്ല. കുത്തിവെക്കുമ്പോൾ ഉറുമ്പ് കടിക്കുന്നതു പോലെ ചെറിയൊരു വേദന. അത്ര മാത്രം.
ആരു പറഞ്ഞു എനിക്ക് പേടിയാണെന്ന്?
അതു പിന്നെ നിങ്ങളുടെ സ്വന്തക്കാരൻ തന്നെ, ഹമീദ്.
അവൻ അങ്ങനെ പറഞ്ഞോ. അപവാദ പ്രചാരണമാണ്. ഹമീദിനെ എപ്പോഴും കാണാറുണ്ടോ?
പിന്നെ, അവൻ ഇപ്പോൾ എന്റെ കൂടെയല്ലേ രാത്രി.. നിങ്ങളറിയില്ലേ.
ആ അറിയാം, ഞാനതങ്ങു മറന്നു പോയി.. ഉരുളുകയാണെന്ന് തോന്നാതെ മൽബു പറഞ്ഞൊപ്പിച്ചു.
ഹമീദിന്റെ രാത്രി സഞ്ചാരത്തിന്റെ രഹസ്യമറിയാൻ മൽബിയുടെ കോൾ കാത്തിരിക്കുന്നതിനിടയിലണ് സംഭവത്തിൽ അപ്രതീക്ഷിതമായി ഒരു പുരോഗതി. അവന്റെ സസ്‌പെൻസ് പാതി പൊളിഞ്ഞു.
ബാക്കി കൂടി അറിയണം. മൽബിയെ കാത്തുനിൽക്കുന്നതിനേക്കാൾ ഭേദം ഈ സോഴ്‌സ് തന്നെയാണ്.
എന്തേ ഹമീദ് ഇപ്പോൾ അങ്ങോട്ടു വരുന്നതെന്ന ചോദ്യം പാടില്ലാത്തതാണെങ്കിലും അറിയാനുള്ള വ്യഗ്രത കാരണം മൽബുവിനെ അതു തടഞ്ഞില്ല. ആവശ്യക്കാരന് ഔചിത്യമില്ലല്ലോ.
ഫഌറ്റിൽ അധികം ആളുകളൊന്നുമില്ല, അവനാണെങ്കിൽ സ്വന്തം മുറിയുമുണ്ട്. എന്നിട്ടും അളിയന്റെ കൂടെ താമസിക്കാനായിരിക്കും അങ്ങോട്ട് വരുന്നത് അല്ലേ. നേർക്കുനേരെയല്ലാതെ മൽബു വിഷയം ഉന്നയിച്ചു.
അതിനു പറയാൻ പറ്റാത്ത ഒരു കാരണമുണ്ട്.. മൽബുവിനെ വീണ്ടും സസ്‌പെൻസിലെത്തിക്കുന്നതായി അളിയന്റെ മറുപടി.
പറയാൻ പറ്റാത്ത കാരണമോ? എന്താ ഞങ്ങളൊന്നുമറിയാത്ത ഒരു രഹസ്യം അവന്?
അതൊരു സീക്രട്ടാണെന്നു അൡയൻ വീണ്ടും.
ഒന്നുകൂടി മെനക്കെട്ടാൽ അളിയനിൽനിന്ന് ആ രഹസ്യം പുറത്തു ചാടിക്കാനാകുമെന്ന് കണക്കുകൂട്ടി അടുത്ത ചോദ്യം ശരിയാക്കുകയായിരുന്നു മൽബു.
പക്ഷേ അപ്പോഴേക്കും അതാ ഫിലിപ്പിനോ മുന്നിൽ. പിന്നെ കാണാമെന്ന് പറഞ്ഞ് അളിയൻ വിഷ് ചെയ്ത് പോകുകയും ചെയ്തു.
ഏതായാലും ബാക്കി കഥ ശ്രീമതിയിൽനിന്ന് കിട്ടുമെന്ന് മൽബു സമാധാനിച്ചു. രണ്ട് സാരികൾക്കാണല്ലോ അതിനായി ഓർഡർ നൽകിയിരിക്കുന്നത്. രണ്ടു പച്ചസാരികൾ ഇന്നോ നാളെയോ വീട്ടിലെത്തും. മൽബി അയച്ച ലിങ്കിലൂടെ കയറി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പെയ്‌മെന്റ് പൂർത്തിയാക്കിയിട്ടുണ്ട്.
ഇനി സാരികളിലൊന്നുമായി മൽബി മിസിസ് ഹമീദിന്റേ വീട്ടിലേക്ക് പോകും. അവൾക്ക് സമ്മാനം നൽകിയ ശേഷം തന്ത്രത്തിൽ കാര്യങ്ങൾ അന്വേഷിച്ച് അറിയിക്കാമെന്നാണ് മൽബി പറഞ്ഞിരിക്കുന്നത്.
സ്വയം ദേഷ്യം വന്നു തുടങ്ങിയിട്ടുണ്ട്. ഒരു വിവരമറിയാൻ ദിവസങ്ങളായി തുടരുന്ന കാത്തിരിപ്പാണ്. ഹമീദാണെങ്കിൽ ഇപ്പോഴും കലിപ്പിൽ തന്നെ. വീർപ്പിച്ചു തന്നെ. 97 കിലോയാണ് മുഖം.
സ്വന്തം റൂമിലുള്ളവർ അപവാദം പറഞ്ഞുപരത്തിയിരിക്കേ താൻ എവിടെ പോകുന്നു, ആരുടെ കൂടെ താമസിക്കുന്നു എന്നൊന്നും അന്തേവാസികൾ അറിയേണ്ടതില്ലെന്നാണ് അവന്റെ ഉറച്ച തീരുമാനം.
എന്തായാലും എവിടെയാണ് പോകുന്നതെന്ന് മനസ്സിലായല്ലോ. എന്തിനുപോകുന്നുവെന്ന് കൂടി അറഞ്ഞിട്ടു വേണം അവന്റെ വെല്ലുവിളി പൊളിക്കാൻ.