- പിടിയിലായ നിയമലംഘകര്‍ 1,81,060
- ഇഖാമയില്ലാത്തവര്‍ 1,01,586
- തൊഴില്‍ നിയമം ലംഘിച്ചവര്‍ 52,835
- വ്യാപക റെയ്ഡ് തുടരുന്നു
- നിയമലംഘകരെ സഹായിച്ച 435 വിദേശികള്‍ പിടിയില്‍
റിയാദ് - പൊതുമാപ്പ് അവസാനിച്ചതു മുതല്‍ സുരക്ഷാ വകുപ്പുകളും ബന്ധപ്പെട്ട വകുപ്പുകളും സംയുക്തമായി നടത്തുന്ന റെയ്ഡുകളില്‍ ഇതുവരെ 1,81,060 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 1,01,586 ഇഖാമ നിയമ ലംഘകരും 52,835 തൊഴില്‍ നിയമ ലംഘകരും 26,639 നുഴഞ്ഞുകയറ്റക്കാരുമാണ് മൂന്നാഴ്ചക്കിടെ പിടിയിലായത്. നവംബര്‍ പതിനാലിനാണ് പൊതുമാപ്പ് അവസാനിച്ചത്. തൊട്ടടുത്ത ദിവസം മുതല്‍ നിയമ ലംഘകര്‍ക്കു വേണ്ടിയുള്ള റെയ്ഡുകള്‍ ആരംഭിച്ചു. കഴിഞ്ഞ ശനിയാഴ്ച വരെ നടത്തിയ റെയ്ഡുകളിലാണ് ഒന്നേമുക്കാല്‍ ലക്ഷത്തിലധികം നിയമ ലംഘകര്‍ പിടിയിലായത്.
ഇക്കാലയളവില്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറുന്നതിന് ശ്രമിച്ച 2115 പേരെ സുരക്ഷാ വകുപ്പുകള്‍ പിടികൂടി. ഇവരില്‍ 2029 പേരെ നാടുകടത്തി. നിയമ ലംഘകര്‍ക്ക് സഹായ സൗകര്യങ്ങള്‍ നല്‍കിയ 430 വിദേശികളും 75 സൗദികളും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. 51 സൗദി പൗരന്മാരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ച് വിട്ടയച്ചു. 21 പേര്‍ക്കെതിരെ നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണ്.
റെയ്ഡുകള്‍ക്കിടെ പിടിയിലായ 34,697 നിയമ ലംഘകരെ നാടുകടത്തി. 24,572 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. താല്‍ക്കാലിക പാസ്‌പോര്‍ട്ടിന് 22,608 പേരെ തങ്ങളുടെ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് കൈമാറി. 21,711 നിയമ ലംഘകര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. 1,759 വനിതകളും 13,395 പുരുഷന്മാരും അടക്കം 15,154 നിയമ ലംഘര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.