ദമാം- കിഴക്കൻ പ്രവിശ്യയിൽ നവോദയ സാംസ്‌കാരിക വേദി 20-ാം വാർഷികത്തിന്റെ ഭാഗമായി ദമാം റീജിയണൽ ലബോറട്ടറി ആന്റ് ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ രക്തദാന കാമ്പയിനിൽ 600 ലേറെ പേർ പങ്കാളികളായി. മൂന്നു മാസം നീണ്ടു നിൽക്കുന്ന രക്തദാന കാമ്പയിനിന്റെ നാലാം ഘട്ടത്തിൽ അബ്‌ഖൈഖ്, അൽഹസ, മുബാറസ് ഏരിയകളിലെ പ്രവർത്തകരും പൊതുസമൂഹത്തിലെ സ്ത്രീകളും പുരുഷൻമാരും അടക്കം നൂറോളം ആളുകൾ പങ്കെടുത്തു. വ്യവസായ പ്രമുഖനും സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യവുമായ ജോളി ലോനപ്പൻ നാലാംഘട്ട കാമ്പയിൻ ഉദ്ഘാടനം ചെയ്തു. നവോദയ കേന്ദ്ര സാമൂഹികക്ഷേമ ചെയർമാൻ ഇ.എം.കബീർ, കൺവീനർ നൗഷാദ് അകോലത്ത്, ജോയിന്റ് കൺവീനർ ഗഫൂർ, രക്ഷാധികാരി സമിതിയംഗം ഹനീഫ മൂവാറ്റുപുഴ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വസന്തകുമാർ, മധു, ചന്ദ്രശേഖർ, അഷറഫ്, ശ്രീജിത്ത്, പ്രസന്നൻ, കേന്ദ്ര കുടുംബവേദി സാമൂഹിക ക്ഷേമ കൺവീനർ ബി.ഡി അനിൽ, ജോയിന്റ് കൺവീനർ മനോജ് പുത്തൂരൻ, കേന്ദ്ര കുടുംബവേദി വൈസ് പ്രസിഡന്റ് സുരയ്യ ഹമീദ്, കേന്ദ്ര കുടുംബവേദി അംഗം മുസമ്മിൽ തുടങ്ങി നവോദയ കേന്ദ്ര-ഏരിയാ നേതാക്കൾ പങ്കെടുത്തു.
ആയിരത്തിലേറെ ആളുകളിൽ നിന്ന് രക്തം സ്വീകരിക്കുക എന്ന ലക്ഷ്യവുമായാണ് നവോദയ സാമൂഹ്യക്ഷേമ വിഭാഗം കാമ്പയിന് തുടക്കം കുറിച്ചിരിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ രക്തത്തിന്റെ ആവശ്യകത വൻതോതിൽ വർധിക്കുകയും ദാതാക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നവോദയ ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയതെന്നും ഭാരവാഹികൾ വ്യക്തമാക്കി.