മക്ക- റമദാനിനെ വരവേൽക്കാനായി ഇരു ഹറമുകളുമൊരുങ്ങിയതായി ഹറംകാര്യ മന്ത്രാലയം അറിയിച്ചു. റമദാനിൽ പ്രതിദിനം ഒരു ലക്ഷം പേരെ സ്വീകരിക്കും, 50,000 ഉംറ തീർഥാടകരെയും. കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കാണ് അനുമതി നൽകുക.
രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കുകയോ ആദ്യ ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിടുകയോ ചെയ്യണം.
മക്കയിൽ 50,000 ഉംറ തീർഥാടകരെയും നമസ്‌കാരം നിർവഹിക്കാൻ എത്തുന്ന ഒരു ലക്ഷം പേരെയും പ്രതിദിനം സ്വീകരിക്കാൻ തക്കവിധം ശേഷി വർധിപ്പിച്ചതായി മസ്ജിദുൽ ഹറാം കാര്യാലയം വെളിപ്പെടുത്തി. കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി തവക്കൽനാ ആപ്പിൽ രജിസ്റ്റർ ചെയ്തവർക്കാണ് ഹറമിൽ പ്രവേശനാനുമതി നൽകുക.
രണ്ട് ഡോസ് വാക്‌സിൻ സ്വീകരിക്കുകയോ ആദ്യ ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിടുകയോ ചെയ്തവർക്ക് മാത്രമേ റമദാനിൽ ഇരു ഹറമുകളിലും പ്രവേശിക്കാൻ പെർമിറ്റ് ലഭിക്കൂവെന്ന് കഴിഞ്ഞ ദിവസം ഹജ്, ഉംറ കാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കോവിഡ് മുക്തി നേടിയവർക്കും റമദാൻ ഒന്നു മുതൽ വിതരണം ചെയ്യുന്ന പെർമിറ്റിന് അപേക്ഷ നൽകാൻ സാധിക്കും.
ഉംറ തീർഥാടനത്തിനും ഹറം സന്ദർശനത്തിനുമുള്ള അംഗീകൃത പ്ലാറ്റ്‌ഫോമുകൾ തവക്കൽനാ, ഇഅ്തമർനാ ആപ്പുകൾ മാത്രമാണ്.
മസ്ജിദുൽ ഹറാമിലോ മസ്ജിദുന്നബവിയിലോ പ്രവേശിക്കാൻ സഹായിക്കുമെന്ന വ്യാജ ഉംറ സർവീസ് കമ്പനികളുടെ വാഗ്ദാനത്തിൽ വഞ്ചിതരായി ശിക്ഷാ നടപടികൾ ക്ഷണിച്ച് വരുത്തരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.