കാസര്‍കോട്- മഞ്ചേശ്വരത്ത് റെക്കോഡ് പോളിംഗ് രേഖപ്പെടുത്തിയതോടെ മണ്ഡലം എങ്ങോട്ട് ചായും എന്നറിയാതെ മുന്നണികള്‍. 76.81 ആണ് ഒടുവിലത്തെ കണക്കനുസരിച്ച് വോട്ടിംഗ് ശതമാനം. ഉയര്‍ന്ന വോട്ടിംഗ് ശതമാനം പ്രവചനങ്ങളും കണക്ക് കൂട്ടലുകളുമെല്ലാം തെറ്റിക്കുന്നതാണെന്നാണ് മൂന്ന് മുന്നണികളുടേയും വിലയിരുത്തല്‍.
ഇതിന് മുമ്പ് മഞ്ചേശ്വരത്ത് ഏറ്റവും ഉയര്‍ന്ന പോളിംഗ് ഉണ്ടായത് 2016 ലാണ്. 76.31 %. ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്‍ തോറ്റത് 89 വോട്ടുകള്‍ക്ക് മാത്രമായിരുന്നു. കെ. സുരേന്ദ്രന്‍ വീണ്ടും മത്സരിക്കാനെത്തിയപ്പോള്‍ റെക്കോഡ് പോളിംഗായി.രാവിലെ മുതല്‍ മുസ്‌ലിം ലീഗ്, ബി.ജെ.പി കേന്ദ്രങ്ങളില്‍ കനത്ത പോളിംഗായിരുന്നു. 2016 ലെ സാഹചര്യമല്ലെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി പറയുമ്പോഴും ആശങ്കയിലാണ് ലീഗ് കേന്ദ്രങ്ങള്‍.
വിധി നിര്‍ണയിക്കുക സി.പി.എം പിടിക്കുന്ന വോട്ടുകളാണെന്ന മട്ടില്‍ ബി.ജെ.പിയും യു.ഡി.എഫും നില്‍ക്കുമ്പോള്‍ വിജയത്തില്‍ കവിഞ്ഞ ഒരു പ്രതീക്ഷയും ഇല്ലെന്നാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.വി രമേശന്‍ പറയുന്നത്.
അതിനിടെ നേരത്തെ ക്യൂവിലുണ്ടായിരുന്ന എട്ട് പേരെ ആറു മണിക്ക് ശേഷം പ്രിസൈഡിഗ് ഓഫീസര്‍ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്ന പരാതിയുമായി കന്യാലയിലെ ബൂത്തില്‍ കെ. സുരേന്ദ്രന്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് അവസാന മണിക്കൂറില്‍ എത്തിയവര്‍ക്കു വോട്ട് ചെയ്യാന്‍ അനുമതി ലഭിച്ചു. അവസാന മണിക്കൂറില്‍ എത്തിയ ഏഴു പേര്‍ക്കാണ് വോട്ടു ചെയ്യാന്‍ സാധിക്കുക. കനിയാല 130 ാം ബൂത്തില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. ബൂത്തിന് മുന്നിലാണു കെ. സുരേന്ദ്രനും പ്രവര്‍ത്തകരും പ്രതിഷേധിച്ചത്. വോട്ട് ചെയ്യാന്‍ അനുവദിക്കാതെ മടങ്ങില്ലെന്നായിരുന്നു സുരേന്ദ്രന്റെ നിലപാട്. മൂന്ന് മണിക്കൂറിന് ശേഷം റിട്ടേണിംഗ് ഓഫീസര്‍ എം കെ ഷാജി എത്തി കെ. സുരേന്ദ്രനുമായി ചര്‍ച്ച നടത്തുകയും ക്യൂവില്‍ ഉണ്ടായിരുന്നവര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു. മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് പിന്തുണ തേടിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെച്ചൊല്ലി കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് വോട്ടര്‍മാര്‍ യു.ഡി.എഫിനെ പിന്തുണക്കണമെന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവര്‍ത്തിച്ചു പറയുകയും ചെയ്തു. മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ദുര്‍ബലനെന്നും മുല്ലപ്പള്ളി പറഞ്ഞു. 82 ഇടങ്ങളില്‍ എസ്.ഡി.പി.ഐ-സി.പി.എം ധാരണയെന്നും ആരോപിച്ചു. അതേസമയം, മഞ്ചേശ്വരത്ത് ബി.ജെ.പിയെ ഒറ്റക്ക് തോല്‍പിക്കുമെന്നും അതിന് ആരുടേയും പിന്തുണ വേണ്ടെന്നുമായിരുന്നു പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. മുല്ലപ്പള്ളിയുടെ പ്രസ്താവനയുടെ സാഹചര്യമറിയില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട്. മഞ്ചേശ്വരത്ത് എല്‍.ഡി.എഫ് പിന്തുണ തേടിയ മുല്ലപ്പള്ളിയുടേത് നാണംകെട്ട വര്‍ത്തമാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തിരിച്ചടിച്ചു. ഏതായാലും വാക്പോരിന്റെ ചൂട് പോളിംഗിലും പ്രതിഫലിച്ചതോടെ കണക്കുകൂട്ടലുകള്‍ എളുപ്പമല്ലാതായി.