കൊച്ചി -നിയമ വിദ്യാർഥിനി ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി അമീറുൽ ഇസ്്‌ലാം കുറ്റക്കാരനാണെന്ന് കോടതി. ഇയാൾക്കുള്ള ശിക്ഷ നാളെ വിധിക്കും. അതേസമയം, കുറ്റം ചെയ്തിട്ടില്ലെന്നും തന്നെ പിടിച്ചുകൊണ്ടുവന്ന് കുറ്റം അടിച്ചേൽപ്പിക്കുകയായിരുന്നുവെന്നും അമീറുൽ ഇസ്്‌ലാം വ്യക്തമാക്കി. കേസിൽ പുനരന്വേഷണം വേണമെന്നും അമീർ ആവശ്യപ്പെട്ടു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. 2016 ഏപ്രിൽ 28നാണ് ഇരിങ്ങോൾ വട്ടോളിപ്പടി കുറ്റിക്കാട്ടു വീട്ടിൽ രാജേശ്വരിയുടെ മകൾ ജിഷാമോൾ (30) കൊല്ലപ്പെട്ടത്. എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ജൂൺ 16ന്് ഏകപ്രതി അസം സ്വദേശിയായ അമീറുൽ ഇസ്്‌ലാമിനെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്ന് പിടികൂടിയത്.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ അടച്ചിട്ട മുറിയിൽ 76 ദിവസമാണ് പ്രോസിക്യൂഷൻ വാദം നടത്തിയത്. അന്വേഷണസംഘാംഗങ്ങൾ, പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർമാർ, ഫോറൻസിക്, ഡിഎൻഎ വിദഗ്ധർ എന്നിവർ ഉൾപ്പെടെ 100 സാക്ഷികളെ വിസ്തരിച്ചു. ഇതിൽ 15 പേർ ഇതരസംസ്ഥാന തൊഴിലാളികളാണ്. 290 രേഖകൾ ഹാജരാക്കി. 36 തൊണ്ടിമുതലുകളാണ് പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയത്. അമീറുൾ കുറ്റക്കാരനാണെന്ന് സ്ഥാപിക്കുന്ന സാഹചര്യ തെളിവുകളും സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. തുടർന്ന് രണ്ടുദിവസം കോടതി അമീറുളിനെ ചോദ്യംചെയ്തു. 923 ചോദ്യങ്ങൾ കോടതി ചോദിച്ചു. എട്ടു ദിവസം അന്തിമവാദം നടത്തി. അതിനുശേഷമാണ് വിധിപറയാൻ ചൊവ്വാഴ്ചയിലേക്ക് മാറ്റിയത്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എൻ കെ ഉണ്ണികൃഷ്ണൻ, അസിസ്റ്റന്റ് പ്രോസിക്യൂട്ടർ പി രാധാകൃഷ്ണൻ എന്നിവരാണ് വാദിഭാഗത്തിനായി ഹാജരായത്.