ദോഹ -കോവിഡ് ആശങ്ക തീര്‍ക്കുന്ന ലോകത്ത് പ്രതീക്ഷയുടെ തിരിനാളവുമായി പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ചവരുമായി പറന്ന ഖത്തര്‍ എയര്‍വെയ്സിന്റെ പ്രത്യേക വിമാനത്തിലെ മലയാളി സാന്നിധ്യം ശ്രദ്ദേയമായി. പ്രത്യേക വിമാനം മൂന്നു മണിക്കൂറോളം പറന്നാണ് തിരികെ ലാന്‍ഡ് ചെയ്തത്.
ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍ ബാബുരാജന്‍, ഐ.സി.സി മുന്‍ പ്രസിഡന്റും ഫാല്‍ ട്രാവല്‍ മാനേജിംഗ് ഡയറക്ടറുമായ എ.പി മണികണ്ഠന്‍, വ്യവസായിക പ്രമുഖന്‍ മുഹമ്മദ് അല്‍ത്താഫ്, ഐ.സി.സി എച്ച് ആര്‍ പ്രിമൈസസ് സ്‌പോര്‍ട്‌സ് അധ്യക്ഷന്‍ അനീഷ് ജോര്‍ജ്ജ് മാത്യു, മാധ്യമ പ്രവര്‍ത്തകന്‍ ജോസഫ് വര്‍ഗ്ഗീസ്, അഖ്വിന്‍ ലാല്‍ തുടങ്ങിയവരാണ് ഈ വിമാനത്തിലെ മലയാളി സാന്നിധ്യം അടയാളപ്പെടുത്തിയത്.
കോവിഡ് മഹാമാരിയുടെ ഭീതി കുറക്കാനും ലോകത്തിന് ആശ്വാസം പകരാനും മുന്നില്‍ നിന്ന ഖത്തര്‍ എയര്‍വെയ്‌സ് ഇന്ന് പൂര്‍ണമായും വാക്സിന്‍ സ്വീകരിച്ചവരുമായി നടത്തിയ പ്രത്യേക യാത്ര ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
വാക്‌സിന്‍ സ്വീകരിച്ച് മഹാമാരിയെ പ്രതിരോധിക്കുവാനും മുന്‍കരുതല്‍ നടപടികള്‍ ഒഴിവാക്കാതെ ദുരന്തങ്ങളെ മാറ്റിനിര്‍ത്താനും സഹായകമാകുന്നതായിരുന്നു യാത്രയെന്ന് ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് പി.എന്‍ ബാബൂരാജന്‍ പറഞ്ഞു.
ഖത്തറിനും ഖത്തര്‍ എയര്‍വെയ്‌സിനോടൊപ്പം കോവിഡ് പ്രതിരോധത്തില്‍ പങ്കെടുക്കാനും ജനലക്ഷങ്ങളിലേക്ക് പ്രതീക്ഷയുടെ പൊന്‍കിരണങ്ങള്‍ പകരാനും സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഐ.സി.സി മുന്‍ പ്രസിഡന്റും ഫാല്‍ ട്രാവല്‍ മാനേജിംഗ് ഡയറക്ടറുമായ എ.പി മണികണ്ഠന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.