ജിദ്ദ- ''1977ൽ ജിദ്ദയിൽ ജോലി ചെയ്യവേ, യെമനികളുടെ താമസ കെട്ടിടത്തിൽ പോയാൽ ഹിന്ദി സിനിമ കാണാമെന്ന് നാട്ടുകാരനായ ഒരു സുഹൃത്ത് പറഞ്ഞു. അങ്ങനെ ഞങ്ങൾ മൂന്നു പേർ അവിടെയത്തി അമിതാഭ് ബച്ചന്റെ ഫിലിം കണ്ടു. ഹാളിലേക്ക് കടക്കണമെങ്കിൽ ഒരാൾക്ക് അഞ്ച് റിയാൽ കൊടുക്കണം. ടിക്കറ്റൊന്നുമില്ല. ഷോ അനധികൃതമാണ്. എങ്കിലും പോലീസ് പിടിക്കില്ല എന്ന ഉറപ്പു കിട്ടി. സ്റ്റണ്ടും മറ്റും വരുമ്പോൾ കൂക്കിവിളി അസഹ്യം. ചൂട് വേറേയും. കുറച്ച് സമയം കണ്ട ശേഷം ഇറങ്ങിപ്പോന്നു.'' -35 വർഷത്തെ ഇടവേളയ്ക്കു ശേഷം സൗദിയിൽ സിനിമാ തിയേറ്ററുകൾക്ക് അനുമതി നൽകുന്നുവെന്ന വാർത്ത കേട്ടപ്പോൾ മുൻ പ്രവാസിയായ സമദ് കാരാടൻ പഴയകാല അനുഭവങ്ങൾ ഓർത്തെടുത്തു.
സൗദിയിൽ അരനൂറ്റാണ്ട് മുമ്പ് തന്നെ പലയിടങ്ങളിലും സിനിമാ പ്രദർശന വേദികളുണ്ടായിരുന്നു. ഇതിന് ഔദ്യോഗിക അനുമതിയൊന്നുമുണ്ടായിരുന്നില്ല. എന്നാൽ പ്രത്യേകിച്ച് വിലക്കും ഏർപ്പെടുത്തിയിരുന്നില്ല. കെട്ടിടത്തിന് പുറത്ത് ചുറ്റുമതിലിനുള്ളിലായി വിശാലമായ മുറ്റത്തായിരുന്നു അന്ന് സിനിമാ പ്രദർശനം.
അമേരിക്കക്കാർ കൂടുതലായി ജോലി ചെയ്തിരുന്ന അരാംകോ പോലുള്ള കമ്പനികളുടെയും മറ്റും താമസ കേന്ദ്രങ്ങളിലും 50 വർഷങ്ങൾക്ക് മുമ്പ് സിനിമ പ്രദർശിപ്പിക്കാറുണ്ടായിരുന്നു. എണ്ണ ഖനന കമ്പനികളിൽ അന്ന് കൂടുതലും വിദേശികളായിരുന്നു ജോലി ചെയ്തിരുന്നത്. അറാർ ഭാഗത്ത് ഇങ്ങനെ അമേരിക്കക്കാർക്കും മറ്റു രാജ്യക്കാർക്കും സിനിമ കാണാൻ സ്ഥിരം സംവിധാനം ഉണ്ടായിരുന്നു. ഇവിടെയുള്ള ഒരു വ്യാപാരി ഇതിൽ ആകൃഷ്ടനായി ഒരു സ്വകാര്യ സിനിമാ തിയേറ്റർ ആരംഭിച്ചെങ്കിലും ആദ്യ പ്രദർശനത്തിന് ശേഷം അടച്ചുപൂട്ടി. ബെദൂയിൻ ലവർ എന്ന സിനിമയായിരുന്നു ആദ്യമായി പ്രദർശിപ്പിച്ചത്. സിനിമയിലെ നായിക സമീറ തൗഫീഖിന്റെ പ്രകടനത്തെ ചൊല്ലി കാണികൾ തമ്മിൽ കശപിശയുണ്ടായതോടെയാണ് പ്രദർശനം നിർത്തിവെച്ചത്.
1960 കളിലും 70 കളിലും ജിദ്ദ, തായിഫ് എന്നിവിടങ്ങളിൽ ഈജിപ്ഷ്യൻ ഫീച്ചർ ഫിലിമുകളും എഷ്യൻ ആക്ഷൻ ചിത്രങ്ങളും പ്രദർശിപ്പിച്ചിരുന്നു. തായിഫിലെ ഒകാസ് സ്‌പോർട്‌സ് ക്ലബ്ബിലും പ്രദർശനം ഉണ്ടായിരുന്നതായി സിനിമാ സംബന്ധിയായ സൗദിയിലെ ആദ്യ പുസ്തകമെഴുതിയ ഖാലിദ് റബീഅ് അൽ സയ്യിദ് പറയുന്നു. എട്ട് എം.എം സ്‌ക്രീനിലെ ഈ പ്രദർശനങ്ങളൊന്നും അധിക കാലം നീണ്ടുനിന്നില്ല. ആദ്യഘട്ടത്തിൽ പുരുഷൻമാർക്ക് മാത്രമായിരുന്നു പ്രവേശനം. പിന്നീട് കുടുംബങ്ങളും കാണാനെത്തി.
അരാംകോയുടെ റിയാദ്, ജിദ്ദ, തായിഫ്, അബഹ നഗരങ്ങളിലെ ജോലിക്കാരുടെ താമസ കേന്ദ്രങ്ങളിലും സിനിമ കാണിച്ചിരുന്നു. ജിദ്ദയിൽ മാത്രം അക്കാലത്ത് 30 തിയേറ്ററുകൾ ഉണ്ടായിരുന്നതായി സിനിമാ ചരിത്ര നിരൂപകർ പറയുന്നു. റിയാദിലെ മുറബ്ബയിലെ തിയേറ്ററുകൾ കൂടുതൽ പ്രശസ്തമായിരുന്നു. സിനിമാ കുബ്‌രി എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. ധാരാളം പേർ ഇവിടെ സ്ഥിരമായി എത്താറുണ്ടായിരുന്നു. അന്ന് മതകാര്യ വിഭാഗം ഉദ്യോഗസ്ഥർ സിനിമകളിൽ മോശമായ രംഗങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയിരുന്നതായും ഖാലിദ് റബീഅ് അനുസ്മരിക്കുന്നു. 1980 കളിലാണ് സിനിമാപ്രദർശനങ്ങൾ നിർത്തിവയ്ക്കുന്നത്.
രാജ്യത്ത് സിനിമാ തിയേറ്ററുകൾ അനുവദിക്കാൻ വാർത്താ വിനിമയ മന്ത്രി അധ്യക്ഷനായ സൗദി ഓഡിയോ, വിഷ്വൽ മീഡിയ ജനറൽ കമ്മീഷൻ ബോർഡ് ആണ് തീരുമാനമെടുത്തിരിക്കുന്നത്.