Sorry, you need to enable JavaScript to visit this website.

പോസ്റ്റല്‍ വോട്ടുമില്ല; വി.എസിനും ഭാര്യ വസുമതിയ്ക്കും വോട്ട് ചെയ്യാനായില്ല

തിരുവനന്തപുരം- അനാരോഗ്യം മൂലം വിശ്രമിക്കുന്ന മുതിര്‍ന്ന സി.പി.എം നേതാവും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായിരുന്ന വി.എസ് അച്യുതാനന്ദന്‍ വോട്ടു ചെയ്യാത്ത തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. അച്യുതാനന്ദനും ഭാര്യ വസുമതിക്കും ഇക്കുറി വോട്ട് ചെയ്യാനായില്ല.
പുന്നപ്രയിലാണ് ഇരുവര്‍ക്കും വോട്ട്. എന്നാല്‍ അനാരോഗ്യം കാരണം യാത്ര ചെയ്യാന്‍ ഇരുവര്‍ക്കും സാധിക്കാത്തതിനാലാണ് വോട്ട് ചെയ്യാനാകാഞ്ഞത്. തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമത്തിലാണ് വി.എസ് അച്യുതാനന്ദന്‍. താമസിക്കുന്ന തിരുവനന്തപുരത്ത് തന്നെ പോസ്റ്റല്‍ വോട്ട് അനുവദിക്കണമെന്ന ആവശ്യവുമായി വി.എസും ഭാര്യയും അമ്പലപ്പുഴ റിട്ടേണിംഗ് ഓഫീസര്‍ക്ക് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ചട്ട പ്രകാരം വോട്ടുള്ള മണ്ഡലത്തിന് പുറത്ത് ബാലറ്റ് വോട്ട് അനുവദിക്കാനാകില്ലെന്നാണ് മറുപടി ലഭിച്ചത്.
എണ്‍പത് വയസ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് ലഭിക്കണമെങ്കില്‍ അവര്‍ അതേ മണ്ഡലത്തില്‍ തന്നെ താമസിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഇത്തവണ വോട്ട് ചെയ്യുന്നില്ലെന്ന് വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.മകന്‍ വി.എ അരുണ്‍കുമാറും കുടുംബവും പുന്നപ്ര പറവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിലും പോസ്റ്റല്‍ വോട്ട് ലഭ്യമാകിതിരുന്നതിനാല്‍ വി. എസിന് വോട്ട് ചെയ്യാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ തവണ ഇടതുമുന്നണിയെ അധികാരത്തിലെത്തിക്കുന്നതില്‍ മുന്നില്‍ നിന്നത് വി എസ് ആയിരുന്നു. വിഎസ് നയിച്ച തിരഞ്ഞെടുപ്പില്‍ ഫലം വന്നപ്പോള്‍ പിണറായി മുഖ്യമന്ത്രിയായി. വി എസിനെ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷ പദവി നല്‍കി മൂലയ്ക്കിരുത്തി.
 

Latest News