തൃശൂര്‍ - വെള്ളിക്കുളങ്ങര മറ്റത്തൂര്‍ പഞ്ചായത്തിലെ ആദിവാസി വോട്ടര്‍മാര്‍ക്ക് വോട്ടു ചെയ്യാന്‍ അഞ്ചു കിലോമീറ്റര്‍ താണ്ടണം. തങ്ങളുടെ സമ്മതിദാനാവാകാശം വിനിയോഗിക്കാന്‍ കോളനിക്കകത്ത് തന്നെ സംവിധാനമൊരുക്കണമെന്ന ഇവരുടെ ആവശ്യം ഇത്തവണയും നടപ്പായില്ല. രണ്ട് ആദിവാസി കോളനികളിലായുള്ള നൂറ്റമ്പതോളം ആദിവാസി വോട്ടര്‍മാര്‍ക്ക് വോട്ടുരേഖപ്പെടുത്താന്‍ അഞ്ചുകിലോമീറ്റര്‍ സഞ്ചരിക്കണം. നാട്ടിന്‍പുറങ്ങളിലെ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ താമസസ്ഥലത്തിന് രണ്ടു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ വോട്ടിംഗ് കേന്ദ്രങ്ങളുള്ളപ്പോഴാണ് ആദിവാസി വോട്ടര്‍മാര്‍ക്ക് അഞ്ചുകിലോമീറ്ററോളം ദൂരം നടന്ന് വോട്ടുരേഖപ്പെടുത്തേണ്ട അവസ്ഥയുള്ളത്. മറ്റത്തൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ ചൊക്കനയില്‍ ഉള്‍പ്പെടുന്നതാണ് കാരിക്കടവ് മലയന്‍ കോളനിയും ആനപ്പാന്തം കാടര്‍ കോളനിയും. ഹാരിസന്‍ മലയാളം പ്ലാന്റേഷനിലെ ചൊക്കന എസ്‌റ്റേറ്റ് റിക്രിയേഷന്‍ ക്ലബ്ബില്‍ സജ്ജമാക്കിയിട്ടുള്ള പോളിംഗ് സ്‌റ്റേഷനിലാണ് ഈ കോളനികളിലുള്ളവര്‍ക്ക് വോട്ടവകാശം വിനിയോഗിക്കേണ്ടത്. 120 ഓളം വോട്ടര്‍മാരാണ് ആനപ്പാന്തം കാടര്‍ കോളനിയിലുളളത്. കാരിക്കടവ് മലയന്‍ കോളയില്‍ 39 വോട്ടര്‍മാരും ഉണ്ട്. ചൊക്കനയിലെ പോളിംഗ് കേന്ദ്രത്തിലെത്താന്‍ ശാസ്താംപൂവ്വം വനപ്രദേശത്തുള്ള ആനപ്പാന്തം കോളനിയില്‍ നിന്ന് ആറ് കിലോമീറ്ററിലേറെ സഞ്ചരിക്കണം. കാരിക്കടവ് കോളനിക്കാര്‍ക്ക് നാലുകിലോമീറ്ററോളമാണ് പോളിംഗ് കേന്ദ്രത്തിലേക്കുള്ള ദൂരം. ആനപ്പാന്തം കോളനിയിലെ കമ്യൂണിറ്റി ഹാളില്‍ വൈദ്യുതി അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങളുണ്ടായിട്ടും ഇവിടെ പോളിംഗ് കേന്ദ്രം അനുവദിക്കാത്തതില്‍ ആദിവാസികള്‍ക്ക് പ്രതിഷേധമുണ്ട്. ഇവിടെ പോളിംഗ് കേന്ദ്രം അനുവദിച്ചാല്‍ ആനപ്പാന്തം കോളനിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലത്തിലുള്ള കാരിക്കടവ് കോളനിക്കാര്‍ക്കും അധികം കഷ്ടപ്പെടാതെ ഇവിടെയെത്തി വോട്ടുരേഖപ്പെടുത്താനാകും.