കൊച്ചി- മഅ്ദനി അപകടകാരിയായ വ്യക്തിയല്ലേ എന്ന സുപ്രീം കോടതിയുടെ ചോദ്യത്തിന് മറുപടിയുമായി മഅ്ദനി. വരേണ്യവർഗത്തിനും അവരുടെ വിനീത വിധേയർക്കും മുന്നിൽ സാഷ്ടാംഗം ചെയ്യാൻ തയ്യാറല്ലാത്തവർ എക്കാലത്തും 'അപകടകാരികൾ' ആയിരുന്നുവെന്നും അതിന് ചരിത്രം സാക്ഷിയാണെന്നും മഅ്ദനി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
മർദകർക്ക് മർദിതന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശിക്ഷ ഒരു തൂക്കുമരം മാത്രമാണ്. വിശ്വാസി അത് പുഞ്ചിരിയോടെ സ്വീകരിക്കുക തന്നെ ചെയ്യും. അതിനും ചരിത്രം സാക്ഷി തന്നെയാണെന്നും മഅ്ദനി വ്യക്തമാക്കി.
ബംഗളൂരൂ സ്ഫോടന കേസിൽ പ്രതിയായ പി.ഡി.പി നേതാവ് അബ്ദുൽ നാസർ മഅ്ദനി അപകടകാരിയായ ആളെന്ന് സുപ്രീം കോടതി പരാമർശിച്ചിരുന്നു. മഅ്ദനി ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ പരാമർശം. ചികിത്സയും സാമ്പത്തിക ബുദ്ധിമുട്ടും ഉൾപ്പെടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലേക്കു പോകാൻ അനുവദിക്കണമെന്ന മഅ്ദനിയുടെ ഹർജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. ഹർജി കോടതി അടുത്തയാഴ്ചയിലേക്കു മാറ്റി. അഭിഭാഷകനായിരിക്കെ മഅ്ദനിക്കു വേണ്ടി ഹാജരായിട്ടുണ്ടോയെന്നു ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് വി.സുബ്രഹ്മണ്യൻ സ്വമേധയാ സംശയം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.