Sorry, you need to enable JavaScript to visit this website.

നാട്ടിലെത്തിയ പ്രവാസിയെ കൊന്ന് ചാണകക്കുഴിയില്‍ തള്ളിയ സുഹൃത്തുക്കള്‍ അറസ്റ്റില്‍

കൊല്ലം-  കൊട്ടാരക്കര കരിങ്ങന്നൂര്‍ ആറ്റൂര്‍ക്കോണത്ത് ബന്ധുവും സുഹൃത്തുമായ ആളെ വീട്ടില്‍ വിളിച്ച് വരുത്തി മദ്യം നല്‍കി വെടിക്കൊന്ന് ചാണകക്കുഴിയില്‍ കുഴിച്ചിട്ട സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.
ആറ്റുര്‍ക്കോണം പള്ളി വടക്കേതില്‍ മുഹമ്മദ് ഹാഷിം (56) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അറ്റൂര്‍ക്കോണം, സുല്‍ത്താന്‍ വീട്ടില്‍ ഷെറഫ് ദീന്‍(54), പട്ടാഴി, താമരക്കുടിയില്‍ വാടകയ്ക്ക് താമസിക്കുന്ന കടയ്ക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ വീട്ടില്‍ നിസ്സാം (47) എന്നിവരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 31 ന് വൈകിട്ട് 7ന് വീട്ടില്‍ നിന്നും പുറത്ത് പോയ ആഷിം രണ്ടാം തീയതി ആയിട്ടും വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ആഷിമിന്റെ ഭാര്യ ഇയാളെ കാണ്മാനില്ല എന്ന് കാട്ടി പൂയപ്പള്ളി പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിന്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹാഷിമിന്റ കൊലപാതകം തെളിയിക്കപ്പെട്ടത്.
സുഹൃത്തുക്കളും ബന്ധുക്കളുമായ ഹാഷിമും, ഷറഫും ഒന്നിച്ച് ഗള്‍ഫിലുണ്ടായിരുന്നു. അവിടെ വച്ച് ഷറഫ് ഹാഷിമിന്റെ കയ്യില്‍നിന്ന് 20000 രൂപ വാങ്ങിയിരുന്നു. ഇപ്പോള്‍ ഷറഫ് നാട്ടിലാണ്. ഗള്‍ഫില്‍ നിന്നും നാട്ടില്‍ ലീവിനെത്തിയ ഹാഷിം അഷറഫിനോട് പണം തിരികെ ചോദിക്കുകയും പലപ്പോഴും വാക്ക് തര്‍ക്കം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ പണം തിരികെ നല്‍കി.ഇതിലുള്ള വിരോധം കാരണം.പ്രതി ഹാഷിമിനോട് നാടന്‍ ചാരായം ഉണ്ടെന്നും വന്നാല്‍ കുടിക്കാമെന്നും ആരെയും കൂടെ കൂട്ടരുതെന്നും പറഞ്ഞു. അങ്ങനെ ഹാഷിം തനിയെ ഷറഫിന്റെ വീട്ടിലെത്തി. ഷറഫിന്റെ സുഹൃത്ത് നിസ്സാമിനൊപ്പം മദ്യപിച്ചു. മദ്യലഹരിയിലായ ഹാഷിമിനെ നിര്‍ബന്ധിച്ച് ഷറഫ് വീട്ടില്‍ കിടത്തി. തളര്‍ന്ന് കിടന്ന ഹാഷിമിനെ വെട്ട് കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ ശേഷം ഷെറഫും നിസ്സാമുംകൂടി വീടിന് സമീപത്തെ കാലത്തൊഴുത്തിന് പിന്നിലുള്ള ചാണകക്കുഴിയില്‍ രണ്ടടി താഴ്ചയില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് മൃതദേഹം കുഴിച്ചിടുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഹാഷിമിനോട് വിരോധമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കൂട്ടത്തില്‍ ഷറഫിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എന്നാല്‍ യാതൊരു തുമ്പും ലഭിച്ചില്ല. അന്വേഷണം തുടര്‍ന്ന പോലീസ് പോലീസ് നായയെ കൊണ്ട് വരികയും ഹാഷിമിനെ അവസാനമായി കണ്ടു എന്ന് പറയപ്പെടുന്ന സ്ഥലത്ത് നിന്നും മണം പിടിച്ച നായ ഓടി ഷറഫിന്റെ വീട്ടിലെത്തി. ഈ സമയം ഷറഫ് വീട്ടില്‍ ഇല്ലായിരുന്നു. തുടര്‍ന്ന് ഇന്നലെ വെളുപ്പിന് നാല് മണിയോടെ പോലീസ് സംഘം വീട്ടിലെത്തി ഷറഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൂട്ടുപ്രതിയായ നിസ്സാമിനെക്കുറിച്ച് വിവരം ലഭിക്കുന്നതും പട്ടാഴിയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തതും.
പ്രതികളുമായി കൃത്യം നടന്ന ഷറഫിന്റെ വീട്ടില്‍ എത്തിയ പോലീസ് സംഘം മൃതദേഹം പുറത്തെടുത്തു. ഹാഷിമിന്റെ ഭാര്യ: ശ്യാമില. മക്കള്‍: ആഷിക്, ആമിന, ആസിയ

 

Latest News