ദുബായ് - കോവിഡ് 19 മാനദണ്ഡങ്ങള്‍ ലംഘിച്ച 22 സ്ഥാപനങ്ങള്‍ കഴിഞ്ഞ മാസം ദുബായ് പൂട്ടിച്ചു. സാമ്പത്തിക വകുപ്പിലെ ദ് കൊമേഴ്‌സ്യല്‍ കോംപ്ലയന്‍സ് ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗമാണ് നടപടിയെടുത്തത്. 252 പേര്‍ക്കു പിഴ ചുമത്തുകയും ചെയ്തു. 61 പേര്‍ക്കു മുന്നറിയിപ്പ് നല്‍കി.
എമിറേറ്റിലെ തുറന്ന വിപണികളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും നടത്തിയ വ്യാപക പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്. മാസ്‌ക് കൃത്യമായി ധരിക്കാത്തതും മതിയായ അകലം സൂക്ഷിക്കാത്തതുമായിരുന്നു നിയമലംഘനങ്ങളില്‍ കൂടുതലുമെന്നു കൊമേഴ്‌സ്യല്‍ കണ്‍ട്രോള്‍ ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ തന്നക് പറഞ്ഞു.
അതേസമയം, എമിറേറ്റിലെ 16,475 സ്ഥാപനങ്ങള്‍ സുരക്ഷാ നിയമം പാലിച്ചതായും കണ്ടെത്തി. പരിശോധന വ്യാപകമായി ഇനിയും തുടരുമെന്നും എല്ലാവരും മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും മതിയായ അകലം പാലിക്കുകയും ചെയ്യണമെന്നും അറിയിച്ചു.