കൊച്ചി- കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടതിനെ
പരിഹസിച്ചുവെന്നാരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ വി.ടി. ബല്‍റാം എം.എല്‍.എയുടെ ഫേസ് ബുക്ക് പോസ്റ്റ്.
മതത്തിന്റെ പേരില്‍ മനുഷ്യന്‍ പച്ചക്ക് ചുട്ടെരിക്കപ്പെടുന്ന കാലത്ത് മരണം പോലും മുന്നില്‍ കണ്ടുകൊണ്ടാണ് രാഹുല്‍ നേതൃസ്ഥാനത്തേക്ക് വരുന്നതെന്ന് പോസ്റ്റില്‍ പറയുന്നു. ഒരു ഈര്‍ക്കില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ് രാഹുലിനു വേണ്ട എന്നു പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
മുന്‍ എല്‍ഡിഎഫ് എംഎല്‍എ മുന്നണിയെ വഞ്ചിച്ച് ബിജെപിയോടൊപ്പം ചേര്‍ന്ന് കേന്ദ്രമന്ത്രിയായാല്‍ അഭിനന്ദനങ്ങളുടെ പൂമൂടല്‍.
ബിജെപിയുടെ മുന്‍ ദേശീയാധ്യക്ഷന്‍ അവരുടെ എംപിമാരുടെ വോട്ട് കൊണ്ട് സുനിശ്ചിതമായ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അപ്പോഴും അഭിനന്ദനങ്ങളുടെ പൂമൂടല്‍.
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടാല്‍ പരിഹാസം, പുച്ഛം, അധിക്ഷേപം.
ബഹുമാനപ്പെട്ട കോടിയേരി ബാലകൃഷ്ണന്‍ ഒന്നോര്‍ക്കണം, സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചിമാരുടെ കമ്പനികളുടെ തലപ്പത്തേക്ക് നേരിട്ട് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനും സമ്പാദിക്കാനുമല്ല രാഹുല്‍ ഗാന്ധി ഈ നിയോഗമേറ്റെടുക്കുന്നത്. ഫാഷിസം അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ രാജ്യത്തെ വിഴുങ്ങുന്ന ഒരു കാലത്ത്, മതത്തിന്റെ പേരില്‍ മനുഷ്യന്‍ പച്ചക്ക് ചുട്ടെരിക്കപ്പെടുന്ന കാലത്ത്, ഒരു നാടിന്റെ നിലനില്‍പ്പിനായുള്ള വലിയ പോരാട്ടത്തെ മുന്നില്‍ നിന്ന് നയിക്കുക എന്ന അങ്ങേയറ്റം ശ്രമകരമായ ഉത്തരവാദിത്തമാണ് സത്യസന്ധതയും വിനയവും മര്യാദയും കൈമുതലായ ആ ചെറുപ്പക്കാരന്‍ ഏറ്റെടുത്തിരിക്കുന്നത്. തന്റെ പിന്നലെയുള്ളത് ഒരു നാടിന്റെ പ്രതീക്ഷകളും പിന്നെയൊരുപക്ഷേ ഒരു മരണവുമാണെന്ന് നല്ലവണ്ണം തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് പ്രിയപ്പെട്ടവരുടെ രക്തസാക്ഷിത്ത്വത്തില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് അയാള്‍ കടന്നുവരുന്നത്.
നിങ്ങള്‍ കൂടെ നില്‍ക്കണ്ട, പതിവ് പോലെ കോണ്‍ഗ്രസ് വിരുദ്ധത നൂറ്റൊന്ന് തവണ ആവര്‍ത്തിച്ച് ബിജെപിക്ക് കരുത്ത് പകര്‍ന്നോളൂ. അല്ലെങ്കിലും ചരിത്രപരമായ മണ്ടത്തരങ്ങള്‍ ആവര്‍ത്തിക്കുക എന്നത് ഫൂളിഷ് ബ്യൂറോയുടെ അവകാശമാണല്ലോ. എന്നാല്‍ നിങ്ങളിപ്പോള്‍ ഉന്നയിക്കുന്ന ഈ മട്ടിലുള്ള വ്യക്ത്യധിക്ഷേപങ്ങളും ആസൂത്രിത നുണപ്രചരണങ്ങളും വര്‍ഷങ്ങളോളം അനുഭവിച്ച് അതിനെ സ്വന്തം ആത്മാര്‍ത്ഥത കൊണ്ടും നിശ്ചയദാര്‍ഢ്യം കൊണ്ടും മറികടന്നാണ് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ അദ്ദേഹം വീണ്ടും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഇന്നത്തെ അംഗീകാരം നേടിയെടുത്തതെന്ന് മറക്കണ്ട. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ പ്രസിഡണ്ടിന്റെ യോഗ്യതക്ക് ഒരു ഈര്‍ക്കിലി പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട.