തിരുവനന്തപുരം- കരമനയിലെ ഒരു അപാര്‍ട്മന്റില്‍ കഴിഞ്ഞ ദിവസം രാവിലെ യുവാവിനെ കുത്തിക്കൊന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ പെണ്‍വാണിഭ സംഘമെന്ന് സൂചന. മുഖ്യപ്രതിയും രണ്ടു യുവതികളുമടക്കം അഞ്ചു പേരെ കേസ് അന്വേഷിക്കുന്ന പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. കൈമനം സ്വദേശിയായ വൈശാഖ് (34)ന്റെ മൃതദേഹം കരമന കിള്ളിപ്പാലത്തെ ഒരു സ്വകാര്യ അപാര്‍ട്മന്റില്‍ ഞായറാഴ്ച രാവിലെയാണ് കണ്ടെത്തിയത്. സ്‌ക്രൂഡ്രൈവര്‍ പോലുള്ള വസ്തു ഉപയോഗിച്ചാണ് വൈശാഖിനെ കുത്തിക്കൊന്നതെന്ന് സ്ഥിരീകരിച്ചു. വൈശാഖും സുഹൃത്തുക്കളും ചേര്‍ന്ന് ഈ അപാര്‍ട്‌മെന്റില്‍ മുറിയെടുത്തിരുന്നുവെന്നും മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നുമാണ് പോലീസ് പറയുന്നത്. രണ്ടു സ്ത്രീകള്‍ ഈ അപാര്‍ട്‌മെന്റിലേക്ക് കയറി പോകുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പോലീസിനു മൊഴിനല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ സുജിത് എന്ന ചിക്കുവാണ് മുഖ്യപ്രതിയെന്ന് സംശയിക്കുന്നു.
ഒരു മാസം മുമ്പാണ് അപാര്‍ട്‌മെന്റ് ഇവര്‍ വാടകയ്‌ക്കെടുത്തത്. തൃശൂര്‍ സ്വദേശിയുടെ പേരിലായിരുന്നു. വൈശാഖ് കൊല്ലപ്പെടുമ്പോള്‍ രണ്ടു യുവതികളും നാലു പുരുഷന്‍മാരും അപാര്‍ട്‌മെന്റില്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. നെഞ്ചിലും വയറ്റിലുമായി ഏഴുപതോളം മുറിവുകള്‍ വൈശാഖിന്റെ ശരീരത്തിലുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ചു നടക്കുന്ന പെണ്‍വാണിഭ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്നും സൂചനയുണ്ട്. കരമനയില്‍ ചിലയിടത്ത് ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി നാട്ടുകാര്‍ പലതവണ പരാതിപ്പെട്ടിരുന്നു.