നിലമ്പൂര്‍- രാത്രിയില്‍ വീട്ടുമുറ്റത്തെ ആട്ടിന്‍കൂട്ടില്‍ കിടന്ന ആടിനെ അറുത്ത് ഇറച്ചിയുമായി കള്ളന്‍ കടന്നു. പോലീസ് അന്വേഷണം ആരംഭിച്ചു. നിലമ്പൂര്‍ പുല്ലഞ്ചേരിയിലെ പുത്തന്‍പുരയ്ക്കല്‍ ജോണിന്റെ ആടിനെയാണ് കൊന്നു കൊണ്ടുപോയത്. ജോണ്‍ പൂക്കോട്ടുംപാടം പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എസ്.ഐ. രാജന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വീട്ടുകാര്‍ പറയുന്നത് ഇങ്ങനെ: രാത്രി കിടക്കാന്‍ നേരം ആട്ടിന്‍ കൂട് താഴിട്ട് പൂട്ടിയിരുന്നു. രാത്രി രണ്ടു മണിയോടെ നായകുരച്ച് ശബ്ദമുണ്ടാക്കിയിരുന്നു. കാട്ടുപന്നിയുടെ ശല്യമുള്ളതിനാല്‍ ശ്രദ്ധിച്ചില്ല. നേരം പുലര്‍ന്നപ്പോള്‍ ആട്ടിന്‍ കൂടിന്റെ താഴ് പൊളിച്ച നിലയില്‍ കൂട് തുറന്നു കിടക്കുകയായിരുന്നു. ആടിനെ കൂട്ടിലിട്ട് അറുത്തു ഇറച്ചി കൊണ്ടുപോയ ലക്ഷണമാണുള്ളത്. രക്തം തളംകെട്ടി കിടക്കുകയാണ്. ആടിനെ കെട്ടിയ കയര്‍ മുറിച്ച ഭാഗത്തും രക്തക്കറയുണ്ട്. കരുളായി ഗ്രാമപഞ്ചായത്തംഗം അബ്ദുള്‍ സലാം, മുന്‍ നഗരസഭാംഗം സുരേഷ് പാത്തിപ്പാറ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. രാത്രിയുടെ മറവില്‍ ആടിനെ കൂട്ടില്‍ കയറി അറുത്തു ഇറച്ചി കൊണ്ടുപോയ സംഭവം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട.് കൂട് പൂട്ടി ഉറപ്പാക്കിയ ശേഷമാണ് കിടക്കാന്‍ പോയതെന്ന് ജോണിന്റെ ഭാര്യ ഏലിയാമ്മ പറഞ്ഞു.