കല്‍പറ്റ-കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വിലക്കിയ കൊട്ടിക്കലാശത്തെ വെല്ലുന്ന റോഡ്‌ഷോകളോടെ വയനാട്ടില്‍ തെരഞ്ഞടുപ്പു പരസ്യപ്രചാരണത്തിനു കൊടിയിറക്കം.
ജില്ലയിലെ മൂന്നു നിയോജകണ്ഡലം ആസ്ഥാനങ്ങളിലും ഇടതുമുന്നണി റോഡ്‌ഷോ നടത്തി. കല്‍പറ്റ, ബത്തേരി, മാനന്തവാടി നഗരങ്ങളെ റോഡ്‌ഷോ വര്‍ണാഭമാക്കി. കല്‍പറ്റയില്‍ റോഡ്‌ഷോ കാണികള്‍ക്കു ദൃശ്യവിരുന്നായി. സി.പി.എം പോളിറ്റ് ബ്യൂറോ ആംഗം ബൃന്ദ കാരാട്ട്, കേന്ദ്ര സമിതിയംഗം പി.കെ.ശ്രീമതി എന്നിവര്‍ സ്ഥാനാര്‍ഥി എം.വി.ശ്രേയാംസ്‌കുമാറിനൊപ്പം നടത്തിയ റോഡ്‌ഷോയില്‍ വിവിധ കലാരൂപങ്ങളുടെ അവതരണവും നടന്നു. രാവിലെ 11.30 ഓടെ പുതിയ സ്റ്റാന്‍ഡില്‍നിന്നു കനറ ബാങ്ക് ജംഗ്ഷന്‍ പരിസരം വരെയായിരുന്നു പരിപാടി. ഉച്ചയോടെയായിരുന്നു ബത്തേരിയില്‍ സ്ഥാനാര്‍ഥി എം.എസ്.വിശ്വനാഥന്റെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം റോഡ് ഷോ. ബൃന്ദ, ശ്രീമതി, സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍ എന്നിവര്‍ നയിച്ച റോഡ്‌ഷോ ചെങ്കൊടിയേന്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ പങ്കാളിത്തംകൊണ്ടു ശ്രദ്ധേയമായി. ചീരാല്‍ റോഡ് ജംഗ്ഷനില്‍ ആരംഭിച്ച റോഡ്‌ഷോ അസംപ്ഷന്‍ ജംഗ്ഷനിലാണ് സമാപിച്ചത്.
ഉച്ചകഴിഞ്ഞു മാനന്തവാടിയില്‍ മാനന്തവാടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഒ.ആര്‍.കേളുവിനു വോട്ടഭ്യര്‍ഥിച്ചു നടത്തിയ റോഡ് ഷോയ്ക്കും ബൃന്ദയും ശ്രീമതിയും നേതൃത്വം നല്‍കി. എരുമത്തെരുവില്‍ ആരംഭിച്ച റോഡ് ഷോ സെന്റ് ജോസഫ്‌സ് ഹോസ്പിറ്റല്‍ റോഡിലൂടെ കോഴിക്കോട് റോഡിലെത്തി ഗാന്ധി പാര്‍ക്കിലാണ് സമാപിച്ചത്. നൂറുകണക്കിനു എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
മാനന്തവാടി നിയോജകമണ്ഡലത്തിലെ വെള്ളമുണ്ടയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ.ജയലക്ഷ്മിയുടെ തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം രാവിലെ 11ഓടെ പൊതുയോഗം നടന്നു. നേതാക്കളായ രാഹുല്‍ഗാന്ധി എം.പി, കെ.സി.വേണുഗോപാല്‍ എം.പി തുടങ്ങിയവര്‍ പങ്കെടുത്തു. വെള്ളമുണ്ടയില്‍ യു.ഡി.എഫിന്റെ കരുത്ത് വിളിച്ചറിയിക്കുന്നതായി പൊതുയോഗത്തിലെ ജനപങ്കാളിത്തം. വൈകുന്നേരം നാലോടെ കല്‍പറ്റയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.സിദ്ദിഖിന്റെ റോഡ്‌ഷോ നടന്നു. പുതിയസ്റ്റാന്‍ഡ് പരിസരത്തു ആരംഭിച്ച റോഡ്‌ഷോ മുനിസിപ്പല്‍ ഓഫീസ് പരിസരത്തു സമാപിച്ചു. യു.ഡി.എഫ് നേതാക്കളായ പി.പി.ആലി, റസാഖ് കല്‍പറ്റ, ടി.ജെ.ഐസക്, പ്രവീണ്‍ തങ്കപ്പന്‍, എ.പി.ഹമീദ്, അബ്ദുല്‍സലാം, കെ.അജിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇതേസമയം ബത്തേരിയില്‍ കോട്ടക്കുന്നു മുതല്‍ അസംപ്ഷന്‍ ജംഗ്ഷന്‍ വെരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. സതീഷ് പൂതിക്കാട്, ബാബു പഴുപ്പത്തൂര്‍, സക്കറിയ മണ്ണില്‍, കെ.നൂറുദ്ദീന്‍, ഷബീര്‍ അഹമ്മദ്, കോണിക്കല്‍ ഖാദര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പരസ്യപ്രചാരണം അവസാനിക്കുന്ന സമയം സ്ഥാനാര്‍ഥി ഐ.സി.ബാലകൃഷ്ണന്‍ നൂല്‍പ്പുഴ ഭാഗത്താണ് ഉണ്ടായിരുന്നത്. മൂന്നു നിയോജകമണ്ഡലം ആസ്ഥാനങ്ങളിലും എന്‍.ഡി.എ പ്രവര്‍ത്തകരും വൈകുന്നേരം പ്രകടനം നടത്തി.