Sorry, you need to enable JavaScript to visit this website.

എന്റെ കാര്യം ഞാൻ നോക്കാം, ഐസക്കിന്റെ ആന സവാരി പിണറായി അവസാനിപ്പിച്ചില്ലേ-രമേശ് ചെന്നിത്തല

തിരുവനന്തപുരം- അദാനിയുമായുള്ള  കേരള സർക്കാരിന്റെ കാറ്റാടിക്കൊള്ളയിൽ മന്ത്രി തോമസ് ഐസക് എന്തൊക്കെയോ പുലമ്പുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനോടുള്ള  വിരോധം എന്റെ ചുമലിൽ ചാരി തീർക്കുകയാണ് ഐസക് ചെയ്യുന്നതെന്നും ചെന്നിത്തല പറഞ്ഞു. 
പ്രത്യക്ഷത്തിൽ പിണറായി വിജയനെതിരെയാണ് ഐസക്കിന്റെ ഒളിയമ്പുകൾ. അദാനിയുമായി ഒരു കരാറും സംസ്ഥാന സർക്കാരോ വൈദ്യുതി ബോർഡോ ഉണ്ടാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും ഉറപ്പിച്ചു പറയുകയും രേഖകളുണ്ടെങ്കിൽ ഹാജരാക്കാൻ എന്നെ വെല്ലുവിളിക്കുകയും ചെയ്യുന്നതിനിടയിൽ അദാനിയുമായി കെ.എസ്.ഇ.ബി നടത്തിയ ഇടപാടിന്റെ മുഴുവൻ വിശദാംശങ്ങളും  തോമസ് ഐസക്ക് വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നിട്ട് ഒന്നും അറിയാത്തതുപോലെ ഇതിലെന്താ കുഴപ്പമെന്നും ചോദിക്കുന്നു.
തോമസ് ഐസക്ക് പിണറായിയെ ഇങ്ങനെ വെട്ടിലാക്കുന്നത്  എന്തിനാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ധനകാര്യവിദഗ്ധനായി ചമഞ്ഞു നടക്കുന്ന തോമസ് ഐസക്കിന്റെ ഫ്യൂസ് മുഖ്യമന്ത്രി ഊരി വിട്ടതിന്റെ ദേഷ്യം തീർക്കുകയാണ് തോമസ് ഐസക്ക് ചെയ്യുന്നത്. അല്ലെങ്കിൽ പിന്നെ അദാനിയുമായി ഒരു കരാറുമില്ലെന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പറയുമ്പോൾ കരാറിന്റെ വിശദാംശങ്ങൾ മുഴുവൻ നൽകിയിട്ട് ഇതിലെന്താ കുഴപ്പമെന്ന് ധനമന്ത്രി ചോദിക്കുമോ?
സംസ്ഥാനത്ത് 5000 കോടി രൂപ മിച്ചം വച്ചിട്ടാണ് ധനകാര്യമന്ത്രി സ്ഥാനത്ത് നിന്ന് താൻ പടിയിറങ്ങുന്നതെന്ന് തോമസ് ഐസക്ക് പറഞ്ഞതിന്റെ പൊള്ളത്തരം ഇന്നലെ പറഞ്ഞിരുന്നു. അതും തോമസ് ഐസക്കിന് അത്ര രസിച്ചിട്ടില്ല.
മാർച്ച് 30ാം തീയതി സംസ്ഥാനം 4,000  കോടി രൂപ കടം വാങ്ങി. ആ പണവും ഭാവിയിൽ സംസ്ഥാനത്തിന് വാങ്ങാൻ കഴിയുന്ന 2000 കോടിയും കൂടി ചേർത്താണ് 5000 കോടി രൂപ മിച്ചമുണ്ടെന്ന് തോമസ് ഐസക്ക് പറയുന്നത്.
ഏതായാലും മൂക്കറ്റം കടത്തിൽ നിൽക്കുന്ന ഒരാൾ അയൽക്കാരനിൽ നിന്ന് കുറേ പണം കൂടി കടം വാങ്ങി വയ്ക്കുയും കുറെ കടം കൂടി ചോദിക്കുകയും ചെയ്തിട്ട്  ഇതാ പണം മിച്ചമിരിക്കുന്നത് കണ്ടില്ലേ എന്ന് ചോദിക്കുന്ന ധനതത്വശാസ്ത്രം എനിക്ക് പിടിയില്ല. അത് തോമസ് ഐസക്കിനേ അറിയാവൂ.
നിത്യച്ചെലവിന് പോലും പണമില്ലാതെ നട്ടം തിരിയുകയാണ് സംസ്ഥാന സർക്കാർ. ശമ്പളം നൽകാനും കടമെടുക്കേണ്ട അവസ്ഥയാണ്. കഴിഞ്ഞ നാല് മാസത്തിനിടയിൽ 22,000 കോടി രൂപയാണ് സംസ്ഥാന സർക്കാർ കടമെടുത്തത്. സംസ്ഥാനത്തിന്റെ ആകെ കടബാധ്യത മൂന്നരലക്ഷം കോടിയായി കുതിച്ചുയർന്നിരിക്കുന്നു.  ഈ സർക്കാർ മാത്രം വരുത്തിവച്ച കടം ഒരുലക്ഷത്തി അറുപത്തിമൂവായിരം കോടി രൂപയാണ്. എന്നിട്ടാണ് ഞാൻ 5000 കോടി മിച്ചം വച്ചിട്ട് പോകുന്നു എന്ന് തോമസ് ഐസക്ക് പറയുന്നത്.
തോമസ് ഐസക്കിന്റെ ഈ വൈദഗ്ധ്യം ഏതായാലും പിണറായി വിജയന് നന്നായി ബോധിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അതാണ് ഇത്തവണ സീറ്റ് നിഷേധിച്ചത്. ഇനിയും ഇത് വഴി വരില്ലേ, ആനകളെ തെളിച്ചു കൊണ്ട് എന്നാണ് തോമസ് ഐസക്ക് ഫേസ് ബുക്ക് പോസ്റ്റിൽ എന്നെ പരിഹസിക്കുന്നത്. എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം. ഏതായാലും തോമസ് ഐസക്കിന്റെ ആന സവാരി പിണറായി അവസാനിപ്പിച്ചിരിക്കുകയാണല്ലോയെന്നും ചെന്നിത്തല ചോദിച്ചു.
 

Latest News